കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള (1896  9 ഡിസംബര്‍ 1981). സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂര്‍വ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകള്‍ കോര്‍ത്ത്, കാല്‍ നടയ്ക്കു പോക നാം .' എഴുതിയത് അംശി നാരായണ പിള്ളയാണ്. തിരുവനന്തപുരത്തുനിന്നും കോഴിക്കോടുവരെ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തിന് സമീപത്തെ അംശിയില്‍ 1896ല്‍ ജനിച്ച നാരായണപിള്ള തിരുവിതാംകൂര്‍ പോലീസ് വകുപ്പിലെ ക്ലാര്‍ക്ക് ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് കുതിച്ചത്.ഏ.കെ.പിള്ളയുടെ സ്വരാജ് വാരികയില്‍ സഹപത്രാധിപരായിരുന്ന അദ്ദേഹം ഗാന്ധിയന്‍ ആദര്‍ശം പ്രചരിപ്പിക്കാനായി തിരുവനന്തപുരത്തുനിന്നും 1924ല്‍ 'മഹാത്മാ' എന്ന വാര്‍ത്താവാരിക തുടങ്ങി. മലയാളത്തിലെ ആദ്യത്തെ കാലണ പത്രമായിരുന്നു ഈ വാരികയ്ക്ക് ഗാന്ധിജിയുടെ ആശയാനുഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. പി. കേശവദേവുമായി ചേര്‍ന്ന് പിന്നീട് തൃശ്ശൂരില്‍നിന്നും 'മഹാത്മാ' ദിനപത്രമായി പ്രസിദ്ധീകരിച്ചിരുന്നു. മഹാത്മ ,ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ശക്തമായ പിന്തുണ നല്‍കി.അംശിയുടെ ആദ്യ കാല കവിതകള്‍ മഹാത്മയിലാണ് പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യവാഞ്ഛ തുടിക്കുന്ന, വരികളായിരുന്നു അംശിയുടെ രചനാ ശൈലിയുടെ പ്രത്യേകത. കേളപ്പജിയുടെ നേതൃത്വത്തില്‍ യൂത്ത്‌ലീഗ് എന്ന ആദ്യകാല സോഷ്യലിസ്റ്റ് സംഘടന അംശിയുടെ വിപ്ലവഗാനത്തോടെയായിരുന്നു ആരംഭിച്ചത്. 1930ല്‍ കോഴിക്കോട്ട് നടന്ന ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ പൊന്നറ ശ്രീധര്‍, എന്‍.സി. ശേഖര്‍, അംശി നാരായണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട 25 അംഗ ജാഥ 'വരിക വരിക സഹജരേ' വഴിനീളെ പാടി. മൂന്ന് സര്‍ക്കാരും ആ ഗാനം നിരോധിച്ചു. 'പടയാളിയുടെ പാട്ടുകള്‍' എന്ന കൃതിയില്‍ ഈ ഗാനമുണ്ട്.
നിരോധിച്ച കവിതകള്‍' മഹാത്മാഗാന്ധിയെ ശ്രീരാമനായും ഭാരതത്തെ സീതയായും ബ്രിട്ടീഷുകാരനെ രാവണനായും ചിത്രീകരിക്കുന്ന ഗാന്ധിരാമായണം, രണ്ടാം ഭാരതയുദ്ധം, ഭഗത്‌സിങ്, ജാലിയന്‍വാലാബാഗ് എന്നീ കവിതകള്‍ മദ്രാസ് സര്‍ക്കാര്‍ നിരോധിച്ചു.44-ാം വയസ്സിലാണ് കരമന സ്വദേശിയായ തങ്കമ്മയെ അംശി നാരായണപിള്ള വിവാഹം കഴിച്ചത്. 1941ല്‍ പാഠപുസ്തകത്തിന് തെരഞ്ഞെടുത്ത ഒരു ഗ്രന്ഥത്തിന് ലഭിച്ച 1000 രൂപ കൊണ്ട് അദ്ദേഹം അംശിയില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു. 86-ാം വയസ്സില്‍ മരിക്കുന്നതുവരെ അദ്ദേഹം അംശി സ്‌കൂളിന്റെ മാനേജരായിരുന്നു . 1981 ഡിസംബര്‍ ഒന്‍പതിനാണ് അംശി അന്തരിച്ചത്.
 സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തില്‍ അംശി നാരായണപിള്ളയെന്ന മുന്‍കാല ഭടന്‍ പ്രത്യക്ഷപ്പെടാത്തതിപനാല്‍ ആനുകൂല്യങ്ങളൊന്നും കിട്ടിയില്ല. വിയ്യൂര്‍ ജയിലില്‍ തടവുകാരനായിരുന്ന രേഖകള്‍ കാട്ടി പെന്‍ഷന് അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് നിരസിച്ചു. കന്യാകുമാരി ജില്ലയിലായതിനാല്‍ കേരളവും കേരളത്തിലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാല്‍ തമിഴ്‌നാടും അപേക്ഷ തള്ളിക്കളഞ്ഞു. 'പടയാളിയുടെ പാട്ടുകള്‍' ഉള്‍പ്പെടെ ചില കൃതികളും 'മഹാത്മാ' വാരികയുടെ കോപ്പികളും അംശിയിലെ തറവാട്ടില്‍ സൂക്ഷിക്കുന്നുണ്ട്.