മധ്യകാല ഭാരതത്തില്‍ ജീവിച്ചിരുന്ന താന്ത്രികനാണ് അഭിനവഗുപ്തന്‍. കവി, ആലങ്കാരികന്‍, ദാര്‍ശനികന്‍ എന്ന നിലകളില്‍ പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തെ അഭിനവഗുപ്തപാദാചാര്യര്‍ എന്ന് മമ്മടഭട്ടനും അഭിനവഗുപ്താചാര്യപാദര്‍ എന്ന് ജഗന്നാഥനും സ്മരിച്ചിട്ടുണ്ട്. അന്യാദൃശമായ ശൈവമതാവഗാഹത്താല്‍ മഹാമഹേശ്വരാചാര്യാഭിനവഗുപ്തന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടു. അഭിനവഗുപ്തന്‍ എന്നത് ഗുരുക്കന്മാര്‍ നല്‍കിയ പേരാണ്; യഥാര്‍ഥനാമം അറിയില്ല.
    അഭിനവഗുപ്തന്‍ തന്റെ പൂര്‍വികരെയും മാതാപിതാക്കളെയും ബന്ധുക്കളെയും ഗുരുക്കന്മാരെയും സംബന്ധിച്ച് ധാരാളം വിവരങ്ങള്‍ പല ഗ്രന്ഥങ്ങളിലായി നല്‍കി. അറിവില്‍പ്പെട്ടിട്ടുള്ള ഏറ്റവും അകന്ന പൂര്‍വികനായ അത്രിഗുപ്തന്‍, ഗംഗയ്ക്കും യമുനയ്ക്കും ഇടയ്ക്കുള്ള അന്തര്‍വേദി എന്ന സ്ഥലത്ത്, കന്യാകുബ്ജരാജാവായ യശോവര്‍മന്റെ കാലത്തു താമസിച്ചിരുന്നു. മഹാപണ്ഡിതനായിരുന്ന അത്രിഗുപ്തന്‍ കാശ്മീരരാജാവായ ലളിതാദിത്യന്റെ ക്ഷണം സ്വീകരിച്ച് കാശ്മിരത്തേക്കു പോയി. അവിടെ പാര്‍പ്പുറപ്പിച്ചു. അദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച വരാഹഗുപ്തന്റെ പുത്രനായ ചുഖലനാണ് അഭിനവഗുപ്തന്റെ പിതാവ്. നരസിംഹഗുപ്തന്‍ എന്നായിരുന്നു ചുഖലന്റെ ശരിയായ പേര്. അഭിനവഗുപ്തന്റെ അഭിനവഭാരതി എന്ന കൃതിയില്‍ വാമനഗുപ്തന്‍ എന്നൊരു മാതുലനെയും യശോരാഗന്‍ എന്ന പേരില്‍ പിതാവിന്റെ മാതാമഹനായ ഒരു പണ്ഡിതനെയും പറ്റി പ്രസ്താവിക്കുന്നുണ്ട്.
    കുശാഗ്രബുദ്ധിയും സര്‍വജ്ഞനുമായ ഒരു അസാധാരണ വ്യക്തിയായിരുന്നു അഭിനവഗുപ്തന്‍. ഇദ്ദേഹം ആജീവനാന്തം ബ്രഹ്മചാരിയും ശിവഭക്തനുമായിരുന്നു; അനേകം ഗുരുക്കന്മാരുടെ അടുക്കല്‍നിന്നും നാനാവിഷയങ്ങളില്‍ വിജ്ഞാനം നേടി. ഈശ്വരപ്രത്യഭിജ്ഞാവിവൃതി വിമര്‍ശനിയിലെ
'തജ്ജന്‍മദേഹപദഭാക് പദവാക്യമാന
സംസ്‌കാരസംസ്‌കൃതമതിഃ പരമേശശക്തിഃ
സാമര്‍ഥ്യതഃ ശിവപദാംബുജഭക്തിഭാഗീ
ദാരാത്മജപ്രകൃതിബന്ധുകഥാമനാപ്തഃ
നാനാഗുരുപ്രവരപാദനിപാതജാത
സംവിത്സരോരുഹവികാസനിവേശിതശ്രീഃ     '

എന്ന പ്രസ്താവന ഉദാഹരണം. തനിക്ക് വിജ്ഞാനദാനം ചെയ്ത ഇരുപതോളം ആചാര്യന്മാരെ അദ്ദേഹം സ്മരിച്ചിട്ടുണ്ട്. അവരില്‍ നരസിംഹഗുപ്തന്‍ വ്യാകരണവും വ്യോമനാഥര്‍ അദ്വൈതാദദ്വൈതവേദാന്തവും ഭൂതിരാജന്‍ ബ്രഹ്മവിദ്യയും ഭൂതിരാജതനയന്‍ അദ്വൈതവേദാന്തവും ലക്ഷ്മണഗുപ്തന്‍ പ്രത്യഭിജ്ഞാദര്‍ശനവും, ഇന്ദുരാജന്‍ ധ്വനിസിദ്ധാന്തവും ഭട്ടതൌതന്‍ നാട്യശാസ്ത്രവും പഠിപ്പിച്ചവരാണ്.
കൃതികള്‍: വിവിധ വിഷയകമായി നാല്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അഭിനവഗുപ്തന്‍.
തന്ത്രാലോകം ആണ് ഈ വിഭാഗത്തിലെ ഏറ്റവും ബൃഹത്തായ കൃതി. മാലിനീവിജയവാര്‍ത്തികം, പരാത്രിംശികാവിവരണം, തന്ത്രാലോകസാരം എന്നിവയാണ് എണ്ണപ്പെട്ട മറ്റു സംഭാവനകള്‍.
സ്‌തോത്രം, ഭൈരവസ്തവം, ക്രമസ്‌തോത്രം, ബോധപഞ്ചദശിക എന്നിവ ഈ വകുപ്പില്‍ പ്രത്യേകം പ്രസ്താവം അര്‍ഹിക്കുന്നു.
    അലങ്കാരശാസ്ത്രവും നാട്യശാസ്ത്രവും: ഇവയില്‍ ആദ്യത്തെ ശാഖയില്‍ ലോചനവും രണ്ടാമത്തെ ശാഖയില്‍ അഭിനവഭാരതിയും പ്രാതഃസ്മരണീയങ്ങളായ കൃതികളാണ്. നിരൂപണപരമായ അന്തര്‍ദൃഷ്ടിയുടെയും സാഹിത്യചാരുതയുടെയും ശൈലീസൌഭാഗ്യത്തിന്റെയും ശാശ്വതസ്മാരകങ്ങളാണ് ഇവ. മഹിമഭട്ടനൊഴികെ ഈ വിഷയങ്ങളെ അധികരിച്ച് പില്ക്കാലം എഴുതിയ ആലങ്കാരികന്മാരെല്ലാം അഭിനവഗുപ്തന്റെ ചുവടുപിടിച്ചുപോയിട്ടേ ഉള്ളൂ. രസാസ്വാദനത്തിലെ മാനസികപ്രക്രിയകളെ സസൂക്ഷ്മം വിശകലനം ചെയ്ത്, രസധ്വനികളെ യഥോചിതം ഉദ്ഗ്രഥിച്ച് ഔചിത്യസിദ്ധാന്തവുമായി സംയോജിപ്പിച്ചു. കാവ്യനാടകാദികളുടെ ധ്വനന ശക്തിയാണ് അദ്ദേഹത്തിന്റെ രസസിദ്ധാന്തത്തിനാധാരം. നാട്യശാസ്ത്രത്തെ അഭിനവഗുപ്തന്‍ വ്യാഖ്യാനിച്ചു.