1941 സെപ്റ്റതംബര്‍ 4 ന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരി ഗ്രാമത്തില്‍ മാണിക്കോത്ത് പുതിയവീട്ടില്‍ ജനിച്ചു. അച്ഛന്‍ കവിയും ശില്‍പിയുമായ എം.നാരായണകുറുപ്പ്. ദീര്‍ഘകാലം കേരളത്തിലെ കര്‍ഷകപ്രസ്ഥാനമായ കര്‍ഷകസംഘത്തിന്റെ സമുന്നത നേതാവായിരുന്ന എം.പി.നാരായണന്‍ നമ്പ്യാരുടെ സഹോദരി എം.പി.കാര്‍ത്യായനി അമ്മയാണ് അമ്മ.കോഴിക്കോട് ജില്ലയിലെ കടത്തനാട് രാജാസ് ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായി. പിന്നീട് മൂന്ന് വര്‍ഷം ചെറുതുരുത്തിയിലെ കേരളകലാമണ്ഡലത്തില്‍ 'കഥകളിചമയം' പഠിച്ചു. 1961 ല്‍ അതേ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനായി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് രാജാസ്‌ഹൈസ്‌കൂളില്‍ ചേര്‍ന്നു. പതിനഞ്ച് വയസ് മുതല്‍ കവിത എഴുതാന്‍ തുടങ്ങി. 1962 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിതാ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടി. 1964ല്‍ കേരള സാഹിത്യ സമിതിയുടെ കവിതാപുരസ്‌കാരം ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ഉപാദ്ധ്യക്ഷനായിരുന്നു. കേരള ബാല സാഹിത്യ ഇന്‍സിറ്റിട്യൂട്ട് ഡയറക്ടറായിരുന്നു. ഏഴ് വര്‍ഷക്കാലം കേരള സാഹിത്യ അക്കാദമി ഭരണ സമിതി അംഗമായിരുന്നു. പുരോഗമന സാഹിത്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'പുരോഗമന കലാ സാഹിത്യ സംഘ'ത്തിന്റെ കാര്യദര്‍ശിയായിരുന്നു. പത്‌നിയായ

എം.കോമളവല്ലിഅദ്ധ്യാപികയായിരുന്നു. കവിത,സംഗീത,ലിഖിത എന്നിവര്‍ മക്കള്‍.
    നാല് വര്‍ഷം കേരള കലാമണ്ഡലത്തിന്റെ കാര്യദര്‍ശിയായിരുന്നു. യൂറോപ്പ്, ദക്ഷിണപൂര്‍വേഷ്യ എന്നിവിടങ്ങളില്‍ 1988, 91 കാലയളവില്‍ കഥകളി അവതരിപ്പിക്കാന്‍ മുന്‍കൈയെടുത്തു. 1975 ല്‍ ഒരു നാടകട്രൂപ്പ് സംഘടിപ്പിച്ച് കേരളമൊട്ടുക്കും നാടകങ്ങള്‍ അവതരിപ്പിച്ചു.1988ല്‍ കേരളകലാഭവന്‍ എന്ന കഥകളി സംഘം രൂപീകരിച്ച് മൂന്ന് ആട്ടക്കഥകള്‍ രചിച്ച് അവതരിപ്പിച്ചു. പുരോഗമനപ്രസ്ഥാനങ്ങളോടൊപ്പം നില്‍ക്കുന്ന പ്രഭാഷകനുമാണ്. കാവ്യങ്ങള്‍,ചെറുകഥ, നോവല്‍,ഓര്‍മകള്‍, അനുഭവങ്ങള്‍, ലേഖനങ്ങള്‍,പഠനങ്ങള്‍,നാടകങ്ങള്‍, ആട്ടക്കഥകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയ സാഹിത്യ മേഖലകളിലായി 37 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൊല്ലങ്കോട്ടു 1981 ല്‍ മഹാകവി പി യുടെ ഓര്‍മക്കായി സ്ഥാപിച്ചിട്ടുള്ള പി സ്മാരക സാംസ്‌കാരിക നിലയത്തിന്റെ കാര്യദര്‍ശിയാണ്.

കാവ്യങ്ങള്‍

    മുളകിന്‍കൊടി
    ഞാറ്റ് പാട്ട്
    പെരുമ്പറ
    ജയഹേ
    സാക്ഷിമൊഴി
    പടിയിറങ്ങുന്ന ദൈവം
    സംഘഗാനം
    ഞാനിതാ പാടുന്നു വീണ്ടും

ചെറുകഥ

    താളം തെറ്റിയ കലാശങ്ങള്‍

നോവല്‍

    വനദേവത
    വാടാമല്ലിക
    അപ്പുണ്ണി
    ചുവന്ന തെരുവ്

ഓര്‍മകള്‍/അനുഭവങ്ങള്‍

    വര്‍ണരേണുക്കള്‍
    മയില്‍പീലികള്‍
    ഓര്‍മയിലെ മന്ദസ്‌മേരം
    ഓര്‍മയിലെ മാധുര്യം
    ഓര്‍മയിലെ സഞ്ചാരം

ലേഖനങ്ങള്‍/പഠനങ്ങള്‍

    കാലത്തിന്റെ കാലൊച്ചകള്‍
    കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍
    സ്‌നേഹാദരസമന്വിതം

നൃത്തനാടകങ്ങള്‍

    മലനാട്
    കവികള്‍ പാടിയ കേരളം

ജീവചരിത്രങ്ങള്‍

    സ്വപ്നാടനം -മഹാകവി, പി യെക്കുറിച്ച്
    എഴുത്തും കരുത്തും-ചെറുകാടിനെക്കുറിച്ച്
    അഴീക്കോട് എന്ന അനുഭവം-അഴീക്കോടിനെപ്പറ്റി

നാടകങ്ങള്‍

    ഒരേ വര്‍ഗം ഒരേ മാര്‍ഗം
    ഇതിലേ
    പടയോട്ടം

ആട്ടക്കഥകള്‍

    മാനവ വിജയം
    സ്‌നേഹ സന്ദേശം
    കിങ് ലിയര്‍

പഠനം/ഗവേഷണം

    കഥകളി വിചാരം

യാത്രാവിവരണങ്ങള്‍

    കിങ് ലിയറിന്റെ യൂറോപ്യന്‍ സഞ്ചാരപഥങ്ങള്‍
    എത്രയെത്ര രാമായണങ്ങള്‍
    സ്‌പെയ്ന്‍ ഒരോട്ടപ്രദക്ഷിണം

പുരസ്‌കാരങ്ങള്‍
    1997 ല്‍ അബുദാബി ശക്തി അവാര്‍ഡ് -സംഘഗാനം എന്ന കാവ്യ സമാഹാരത്തിന്
    കേരളകലാമണ്ഡലം 'മുകുന്ദരാജ പുരസ്‌കാരം' -കഥകളിക്ക് നല്‍കിയ സേവനത്തിന്
    കേരള സാഹിത്യ അക്കാദമി യാത്രാവിവരണ ഗ്രന്ഥത്തിന്നുള്ള അവാര്‍ഡ് 2009
    ആര്‍ട്‌സ് സര്‍വീസ് ഇന്റര്‍നാഷനല്‍ ബുക്ക് ഡവലപ്‌മെന്റ് സമിതി അവാര്‍ഡ് പാരീസ്-കിങ്ങ് ലിയര്‍
    യുനസ്‌കോ അംഗമായ ഇന്റര്‍നാഷനല്‍ പുസ്തക സമിതി പുരസ്‌കാരം-'സ്വപ്നാടനം' ജീവ ചരിത്രഗ്രന്ഥത്തിന്