പ്രമുഖ വൈജ്ഞാനിക സാഹിത്യകാരനാണ് പി.കെ. ഗോപാലകൃഷ്ണന്‍. ജനനം 1924 മാര്‍ച്ച് 29ന് തൃശൂര്‍ ജില്ലയില്‍ പാപ്പിനിവട്ടം ഗ്രാമത്തില്‍. ഒണ്ണൂലിക്കുട്ടിയും, കുഞ്ഞിറ്റിയുമാണ് മാതാപിതാക്കള്‍. കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ പഠിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാമനായി സ്വര്‍ണ്ണമെഡല്‍ നേടി ബി.ഏയും 1947ല്‍ മദ്രാസ് ലോ കോളേജില്‍നിന്ന് ബി.എല്‍.പരീക്ഷയും പാസ്സായി. മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. 1942ല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ വിദ്യാര്‍ത്ഥി പഠിപ്പുമുടക്കിന് നേതൃത്വം നല്‍കി. കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനെന്ന നിലയില്‍ അറസ്റ്റു ചെയ്യപ്പെട്ട് ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. 1949ല്‍ പുരോഗമന സാഹിത്യസംഘടന രണ്ടായി പിളര്‍ന്നപ്പോള്‍ ഇടതുപക്ഷക്കാരുടെ പുരോഗമന സാഹിത്യസംഘടനയുടെ സെക്രട്ടറിയായി. 1952ല്‍ മദ്രാസ് നിയമസഭയിലേക്കും 1967, 77, 80 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐയില്‍ നിന്നു. 1977-80ല്‍ ഡെപ്യൂട്ടി സ്പീക്കറായി. കേരള സാഹിത്യ പരിഷത്ത് എക്‌സിക്യൂട്ടീവ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരളസര്‍വ്വകലാശാലയുടെയും കാര്‍ഷികസര്‍വ്വകലാശാലയുടെയും സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി അസ്സോസിയേഷന്‍, സമസ്ത കേരള സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സെക്രട്ടറിയായിരുന്നു. നവജീവന്‍, ജഗല്‍സാക്ഷി എന്നീ പത്രങ്ങളുടെയും കിരണം മാസികയുടെയും നവയുഗം വാരികയുടെയും പത്രാധിപരായിരുന്നു. 2009 സെപ്റ്റംബര്‍ 14ന് തൃശൂര്‍ വച്ച് അന്തരിച്ചു. പരേതയായ ഓമനടീച്ചറാണ് ഭാര്യ. ലസിത, മീന എന്നിവര്‍ മക്കള്‍.

കൃതികള്‍

    കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം
    ഭൗതിക കൗതുകം
    ജൈനമതം കേരളത്തില്‍
    കലയും സാഹിത്യവുംഒരു പഠനം
    സംസ്‌കാരധാര
    ഒ.ചന്തുമേനോന്‍
    പുരോഗമന സാഹിത്യ പ്രസ്ഥാനം നിഴലും വെളിച്ചവും
    ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍

പുരസ്‌കാരങ്ങള്‍

    1977ല്‍ പലവക ഗ്രന്ഥങ്ങള്‍ക്കുള്ള കേരള സാഹിത്യഅക്കാദമി അവാര്‍ഡ് -കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം
    കെ. ദാമോദരന്‍ അവാര്‍ഡ്
    ശ്രീനാരായണ സാംസ്‌കാരിക സമിതി അവാര്‍ഡ്
    വി.കെ. രാജന്‍ അവാര്‍ഡ്
    സി.ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക ശ്രീ നാരായണ ജയന്തി അവാര്‍ഡ്