പ്രമുഖ നിരൂപകനും പത്രാധിപരുമാണ് എസ്. ജയചന്ദ്രന്‍നായര്‍. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട് മലയാളം വാരികയുടെ പത്രാധിപരായി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതില്‍ ജയചന്ദ്രന്‍ നായര്‍ മുന്‍നിരയിലായിരുന്നു. 2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന പുസ്തകത്തിനു ലഭിച്ചു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിര്‍മ്മാണവും നിര്‍വഹിച്ചു.ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രന്‍ നായരുടെ ഇടപെടലോടെ പ്രസിദ്ധീകരണം നിര്‍ത്തിവച്ചത് വിവാദമായി. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിയത്. ഇതിനെത്തുടര്‍ന്ന് മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം 2012ല്‍ മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനം രാജി വച്ചു. വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ 15 വര്‍ഷമായി ജയചന്ദ്രന്‍ നായരായിരുന്നു എഡിറ്റര്‍.

കൃതികള്‍

    എന്റെ പ്രദക്ഷിണ വഴികള്‍
    റോസാദലങ്ങള്‍

പുരസ്‌കാരങ്ങള്‍

    ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2012)-'എന്റെ പ്രദക്ഷിണ വഴികള്‍'