മലയാളത്തിലെ മികച്ച ചലച്ചിത്രസംവിധായകരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം (ഓഗസ്റ്റ് 11, 1937 – മേയ് 31, 1987). തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലും ശോഭിച്ച ജോണ്‍ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലര്‍ത്തി. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു.വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.
ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11ന് കുന്നംകുളത്ത് ജനനം. ചങ്ങനാശ്ശേരിക്ക് സമീപമുള്ള കുട്ടനാട്ടില്‍ വച്ച് പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റണ്‍ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ദര്‍വാസ് യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്ര മീമാംസയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. 1962ല്‍ കോയമ്പത്തൂരിലെ എല്‍.ഐ.സി ഓഫീസില്‍ ഉദ്യോഗസ്ഥനായി. എന്നാല്‍ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വര്‍ഷത്തിന് ശേഷം ജോലി രാജിവച്ച് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. സ്വര്‍ണ്ണമെഡലോടു കൂടി സംവിധാനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജോണ്‍ ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു.ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ ആഴത്തില്‍ സ്വാധീനിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുന്‍പ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ഉസ്‌കി റൊട്ടി (1969) എന്ന സിനിമയില്‍ സഹായിയായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ ജോണ്‍ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു.
    1972ല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നുവന്ന 1977ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986ലെ അമ്മ അറിയാന്‍ എന്ന മലയാള ചിത്രവും ജോണിനെ ഇന്ത്യന്‍ സിനിമയില്‍ അവിസ്മരണീയനാക്കി.
    സാധാരണക്കാരന്റെ സിനിമ എന്നും ജോണ്‍ എബ്രഹാമിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് സിനിമ നിര്‍മ്മിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാന്‍ നിര്‍മ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.
ഒരേ സമയം സിനിമ തന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും ഏറ്റവും വലിയ ശക്തിയും ആണെന്നു ജോണ്‍ എപ്പോഴും വിശ്വസിച്ചിരുന്നു. സിനിമയിലെ ഒരു ഒറ്റയാന്‍ ആയിരുന്ന ജോണ്‍ എബ്രഹാം തന്റെ സിനിമാജീവിതത്തെക്കുറിച്ച് വിലയിരുത്തിയിരുന്നതിങ്ങനെയാണ് :
'     ഞാന്‍ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാന്‍ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങള്‍ കാണണമെന്നും അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്.     '
കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു. 1987 മേയ് 31ന് കോഴിക്കോട്ട് വച്ച് ഒരു ബഹുനിലക്കെട്ടിടത്തില്‍ നിന്നു വീണ് ജോണ്‍ മരിച്ചു.

ജോണ്‍ എബ്രഹാമിന്റെ ചലച്ചിത്രങ്ങള്‍

    കോയ്‌ന നഗര്‍ (1967)
    പ്രിയ (1969)
    ഹൈഡ്‌സ് ആന്റ് സ്ട്രിംഗ്‌സ് (1969)
    വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ (1971)
    ത്രിസന്ധ്യ (1972)
    അഗ്രഹാരത്തിലെ കഴുത (1978)
    ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ (1979)
    അമ്മ അറിയാന്‍ (1986)

അവാര്‍ഡുകള്‍

അഗ്രഹാരത്തില്‍ കഴുതൈ (തമിഴ്) -സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ -സംവിധാനത്തിനുള്ള പ്രത്യേക അവാര്‍ഡ്
അമ്മ അറിയാന്‍ -ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.

ചെറുകഥകള്‍
'കോട്ടയത്ത് എത്ര മത്തായിമാര്‍'
നേര്‍ച്ചക്കോഴി(1986)
ജോണ്‍ എബ്രഹാം കഥകള്‍(1993)