ലില്ലി സി.കെ. (സി.കെ.ലില്ലി)
    ജനനം 1937 ഓഗസ്റ്റ് 11 ന് കോട്ടയം ജില്ലയിലെ വൈക്കത്ത്. വൈക്കം ഇ. മാധവനും സി.കെ. കൗസല്യയും അച്ഛനമ്മമാര്‍. വൈക്കത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം. യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദാനന്തരബിരുദം. ഹൈസ്‌കൂള്‍ അദ്ധ്യാപികയായി. തുടര്‍ന്ന് ഗവ. ട്രെയിനിംഗ് കോളേജില്‍ അദ്ധ്യാപികയായി. സീനിയര്‍ പ്രൊഫസ്സറായി റിട്ടയര്‍ ചെയ്തു. കേരള യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജില്‍ ഓണററി പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായിരുന്നിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും ഒന്നാം ഗ്രേഡ് നാടകനടിയായിരുന്നു. ജനയുഗം, മലയാളനാട്, കേരളകൗമുദി, മാതൃഭൂമി തുടങ്ങിയ വാരികകളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യകാരനായ പെരുമ്പുഴ ഗോപാലകൃഷ്ണനാണ് ഭര്‍ത്താവ്.

കൃതികള്‍

തീരം മറക്കന്ന തിരകള്‍ (ചെറുകഥകള്‍). സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 1991.
കാട്ടുവള്ളി ഇല (പരിഭാഷ).