നാടക ഗാനരചയിതാവാണ് പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്. കവി, കഥാകാരന്‍, സാഹിത്യ സാംസ്‌കാരിക പ്രാസംഗികന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പൂച്ചാക്കലില്‍ കെ. അബു ഹനീഫയുടേയും കെ.എം. ആത്തിക്കാബീവിയുടേയും മകനായി 1941 ഒക്ടോബറില്‍ ജനനം. 1957ല്‍ പൂച്ചാക്കല്‍ യംഗ് മെന്‍സ് ലൈബ്രറിയിലെ കിരണം മാസികയിലൂടെ സാഹിത്യരംഗത്ത് വന്നു. തേര്‍വട്ടം എല്‍.പി. സ്‌കൂള്‍, തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ. ഹൈസ്‌കൂള്‍, കോട്ടയം സി.എം.എസ്. കോളേജ്, മട്ടാഞ്ചേരി ടി.ഡി.ബി.ടി.എസ്., മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങില്‍ നിന്ന് ബി.എഡ്, എം.എ. (മലയാളം) വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1962ല്‍ ഇടക്കൊച്ചി ഫിഷറീസ് സ്‌കൂളില്‍ പ്രൈമറി ടീച്ചറായി. കേരളനാദം പത്രത്തിന്റെ കഥാമത്സരത്തില്‍ കൈക്കൂലി എന്ന കഥയ്ക്ക് 1966ല്‍ ഒന്നാം സ്ഥാനം ലഭിച്ചു. 35 വര്‍ഷത്തോളം അദ്ധ്യാപകനായിരുന്നു. 1997ലാണ് ജോലിയില്‍ നിന്നും വിരമിച്ചത്. 250ലധികം നാടകങ്ങളിലായി 1000ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഒപ്പം നാല് ചലച്ചിത്രങ്ങള്‍, ചില കാസറ്റുകള്‍,  എന്നിവയ്ക്കായും ഗാനങ്ങള്‍ രചിച്ചു. 1972ല്‍ അഴിമുഖം എന്ന ചലച്ചിത്രത്തിനു വേണ്ടി ബാബുരാജിന്റെ സംഗീതസംവിധാനത്തില്‍ ഗാനരചന നിര്‍വ്വഹിച്ചു. പി.എ. മറിയം ബീവിയാണ് ഭാര്യ. റസല്‍, ഷാഹുല്‍, ഷിജി മോള്‍, റാഫി ഷാഹുല്‍, സറീന എന്നിവര്‍ മക്കള്‍.

കൃതികള്‍

    നിവേദ്യം (നോവല്‍)
    ആത്മാവിന്റെ സ്വകാര്യങ്ങള്‍ (കഥകള്‍)
    മൊഴി (കവിതകള്‍)
    തേനും വയമ്പും (കവിതകള്‍)

പുരസ്‌കാരങ്ങള്‍

    മികച്ച നാടക ഗാനരചനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം  2012.