കവിയും, ആട്ടക്കഥാ രചയിതാവുമായിരുന്നു കോട്ടയത്തു തമ്പുരാന്‍. ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ്. കല്യാണസൗഗന്ധികം ആട്ടക്കഥ കോട്ടയത്ത് തമ്പുരാന്റെ പ്രസിദ്ധിയാര്‍ജ്ജിച്ച ആട്ടക്കഥകളില്‍ ഒന്നാണ്. കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തില്‍ കോട്ടയത്തു തമ്പുരാനും ഉണ്ടായിരുന്നു. നാല് ആട്ടക്കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ നാലും മഹാഭാരതകഥകള്‍ ആണ്. ഇദ്ദേഹത്തിന്റെ കഥകള്‍ക്കു മുന്‍പ് രാമായണകഥകള്‍ മാത്രമാണ് കഥകളിയില്‍ ഉണ്ടായിരുന്നത്. തമ്പുരാന്റെ കഥകളോടെയാണ് പച്ചവേഷത്തിന് നായകത്വം നല്‍കപ്പെട്ടത്.
വടക്കന്‍ കോട്ടയത്ത് രാജകുലത്തില്‍ (പഴശ്ശിക്കോവിലകം) ജനിച്ച തമ്പുരാന്റെ നാമമോ ജീവിതകാലമോ ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. നിലവില്‍ ഐതിഹ്യങ്ങള്‍ മാത്രമാണുള്ളത്. ഭൂരിഭാഗം പണ്ഡിതരും അദ്ദേഹത്തിന്റെ പേര് വീരവര്‍മ്മ എന്നാണെന്നും ഏ.ഡി.പതിനേഴാം നൂറ്റാണ്ടില്‍ ഉത്തരാര്‍ദ്ധത്തിലാണു ജീവിച്ചിരുന്നതെന്നു അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ രചനാകാലമോ രചയിതാവിന്റെ പേരോ എഴുതപ്പെട്ടിട്ടില്ല. ‘മാതംഗാനനം’ എന്നു തുടങ്ങുന്ന വന്ദനശ്ലോകത്തില്‍ ആദിയായി ഗോവിന്ദന്‍ ഗുരുക്കന്മാരെ വന്ദിക്കുന്നുണ്ട് (ഗോവിന്ദമാദ്യം ഗുരൂം). അക്കാരണത്താല്‍ ഇത് മായാവരം ഗോവിന്ദശാസ്ത്രികള്‍ എന്ന പണ്ഡിതനായിരിക്കണം എന്ന് ചിലര്‍ നിരീക്ഷിക്കുന്നു.

ആട്ടക്കഥകള്‍

ബകവധം
കല്യാണസൗഗന്ധികം
നിവാതകവചകാലകേയവധം
കിര്‍മീരവധം