പ്രശസ്ത നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്നു എം.കെ. മേനോന്‍ എന്ന എം. കുട്ടികൃഷ്ണമേനോന്‍ (ജൂണ്‍ 23, 1928 – മേയ് 15, 1993). വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കുട്ടികൃഷ്ണമേനോന്‍ വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്. 1947ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി. രണ്ടുവര്‍ഷം കേരളത്തില്‍ അദ്ധ്യാപകനായി. നാലുവര്‍ഷം ബോംബെയില്‍ ഗുമസ്തനായി.1953ല്‍ സിംഗപ്പൂരിലേക്ക് പോയി. തുടര്‍ന്നുള്ള 25 വര്‍ഷക്കാലം ഏ.എഫ്.പി എന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ കീഴില്‍ ജോലിനോക്കി. അതിന്റെ തെക്കുകിഴക്കനേഷ്യന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായാണ് വിരമിച്ചത്. 1977ല്‍ കേരളത്തിലേക്ക് തിരിച്ചുപോന്ന അദ്ദേഹം 1993ല്‍ അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു. നോവലുകളും യാത്രാവിവരണങ്ങളുമുള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചു. അവകാശികള്‍ എന്ന നോവല്‍ ആ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള കൃതിയായാണ് കരുതപ്പെടുന്നത്.

കൃതികള്‍
    നിറമുള്ള നിഴലുകള്‍ (1965)
    ഇണങ്ങാത്ത കണ്ണികള്‍ (1968)
    ഊഞ്ഞാല്‍ (1969)
    ചുണ്ടെലി (1971)
    അവകാശികള്‍(നാലു വാല്യം) (1980)
    യാത്രാമുഖം (1987)

അവാര്‍ഡുകള്‍

    1981 കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(അവകാശികള്‍)[4]
    1983 വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് (അവകാശികള്‍)[5]