പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, മതപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു ഒ. അബ്ദുറഹ്മാന്‍.  മാധ്യമം ഗ്രൂപ്പ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു. 1944 ഒക്ടോബര്‍ 27ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരില്‍ ജനനം. പിതാവ്: ഒടുങ്ങാട്ട് മോയിന്‍ മുസ്‌ലിയാര്‍. മാതാവ്: ഫാത്വിമ. ചേന്ദംഗലൂര്‍ ഗവണ്മെന്റ് മാപ്പിള സ്‌കൂള്‍, മദ്രസത്തുല്‍ ഇസ്‌ലാമിയ്യ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജിലും പ്രബോധനനം പത്രാധിപരായും സേവനമനുഷ്ടിച്ചു.1972-74 വരെ ഖത്തര്‍ അല്‍ മഅ്ഹദുദ്ദീനിയില്‍ ഉപരിപഠനം. ദോഹ ഇന്ത്യന്‍ എംബസിയിലും ഖത്തര്‍ മതകാര്യ വകുപ്പിലും പ്രവര്‍ത്തിച്ചു. ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു. 1987ല്‍ മാധ്യമം ദിനപ്പത്രം ആരംഭിച്ചതോടെ പത്രപ്രവര്‍ത്തന മേഖലയിലേക്ക് തന്നെ തിരിച്ചുവന്ന അദ്ദേഹം ഇപ്പോള്‍ മാധ്യമം ഗ്രൂപ്പിന്റെ പ്രഭാത ദിനപ്പത്രം, ആഴ്ച്ചപ്പതിപ്പ്, മീഡിയവണ്‍ ടി.വി എന്നിവയുടെയൊക്കെ പത്രാധിപരാണ്.
    മതവിദ്യാഭ്യാസരംഗത്തിന്റെ സാധ്യതകള്‍ പഠിക്കാന്‍ ഈജിപ്തിലെ 'അല്‍അസ്ഹര്‍' ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചു. മജ്‌ലിസുത്തഅ്‌ലീമുല്‍ ഇസ്‌ലാമി കേരളയുടെ വൈസ് ചെയര്‍മാന്‍, റോഷ്‌നി പ്രിന്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ അസോസിയേറ്റ് സെക്രട്ടറി, കൊടിയത്തൂര്‍ അല്‍ഇസ്‌ലാഹ് ഓര്‍ഫനേജ് ഡയറക്ടര്‍, ഐഡിയല്‍ പബ്‌ളിക്കേഷന്‍ ട്രസ്റ്റ് അംഗം, പ്രബോധനം എഡിറ്റോറിയല്‍ ബോര്‍ഡ് ഉപദേശക സമിതിയംഗം, ഐ.പി.എച്ച് ഡയരക്ടര്‍ ബോര്‍ഡംഗം, കോഴിക്കോട് സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജേര്‍ണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള പ്രസ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
മതരാഷ്ട്രീയസാമുഹ്യ വേദികളില്‍ പൊതുതാത്പര്യമുള്ള നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ വേദികളിലും പ്രസിദ്ധീകരണങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. സംഘടനക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ആശയപരമായും ബൗദ്ധിക തലത്തിലും പ്രതിരോധിക്കുന്നു. ഫോറം ഫോര്‍ ഡമോക്രസി ആന്‍ഡ് കമ്മ്യൂണല്‍ അമിറ്റിയുടെ കേരള ചാപ്റ്റര്‍ സെക്രട്ടറിയായിട്ടുണ്ട്. ഭാര്യ പുതിയോട്ടില്‍ ആയിഷ. മൂന്ന് പെണ്‍മക്കളുള്‍പ്പെടെ അഞ്ചു മക്കള്‍. പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഒ.അബ്ദുല്ല ജ്യേഷ്ഠസഹോദരനാണ്.

 കൃതികള്‍
    യുക്തിവാദികളും ഇസ്ലാമും
    മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം
    ശരീഅത്തും ഏക സിവില്‍കോഡും
    ഖബ്‌റാരാധന
    മതരാഷ്ട്രവാദം
    ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം:ചോദ്യങ്ങള്‍ക്ക് മറുപടി.
    അനുഭവങ്ങള്‍, അനുസ്മരണങ്ങള്‍
    ഖുര്‍ആന്‍ സന്ദേശസാരം

പുരസ്‌കാരം

    ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി എസ്.ടി ഓര്‍ഗനൈസേഷന്റെ അംബേദ്കര്‍ നാഷനല്‍ എക്‌സലന്‍സ് പുരസ്‌കാരം
    അച്ചടി മാധ്യമരംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിക്കുള്ള അവാര്‍ഡ്ഗ്രന്ഥങ്ങള്‍