പ്രമുഖ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമാണ് ഐ. ഷണ്മുഖദാസ്.
ഒറ്റപ്പാലത്ത് ജനനം. തൃശൂരില്‍ സ്ഥിരതാമസം. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയില്‍ അധ്യാപകനായി. പിന്നീട് കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ വിവിധ കോളേജുകളില്‍ ഇംഗ്‌ളീഷ് അധ്യാപനായി. തൃശൂര്‍ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്ന് വിരമിച്ചു. വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ തന്നെ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവര്‍ത്തങ്ങളുടെ ഭാഗമാകുകയും ചെയ്തു. ദൃശ്യകലാപഠനത്തിന് മുന്‍തൂക്കം നല്‍കിയ ദൃശ്യകല, ദര്‍ശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ പുരസ്‌കാരത്തിന് 1999ല്‍ അര്‍ഹനായി. സത്യജിത് റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം 'സഞ്ചാരിയുടെ വീടി'ന് 1996ല്‍, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എം.ടി വാസുദേവന്‍ നായരുടെ 'നിര്‍മ്മാല്യ'ത്തിനെ കുറിച്ചെഴുതിയ 'ദൈവനര്‍ത്തകന്റെ ക്രോധ'ത്തിന് ലഭിച്ചു.

കൃതികള്‍

    മലകളില്‍ മഞ്ഞ് പെയ്യുന്നു
    സിനിമയുടെ വഴിയില്‍
    സഞ്ചാരിയുടെ വീട്
    ആരാണ് ബുദ്ധനല്ലാത്തത്
    ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്‌സിനും നടുവില്‍
    പി. രാമദാസ്: വിദ്യാര്‍ത്ഥിയുടെ വഴി
    സിനിമയും ചില സംവിധായകരും
    ശരീരം, നദി, നക്ഷത്രം

പുരസ്‌കാരങ്ങള്‍

    മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാര്‍ഡ്, 1999
    മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സഞ്ചാരിയുടെ വീട്), 1996
    മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള സംസ്ഥാന പുരസ്‌കാരം (ദൈവനര്‍ത്തകന്റെ ക്രോധം), 2013
    സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്‌കാരം (ശരീരം, നദി, നക്ഷത്രം), 2013
    മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എന്‍ പിള്ള എന്‍ഡോവ്‌മെന്റ്, 2008
    ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം (സിനിമയും ചില സംവിധായകരും), 2012
    ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാര്‍ഡ് 1997, 2006