എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, സാഹിത്യഗവേഷകനുമായിരുന്നു സി.പി. ഗോവിന്ദപ്പിള്ള. ജനനം: 1877 മരണം: 1939)

ചിറയിന്‍കീഴുള്ള കരിങ്ങോടത്ത് തറവാട്ടില്‍ ജനിച്ച ഗോവിന്ദപ്പിള്ളയുടെ പിതാവ് കടവത്തുവീട്ടില്‍ പരമേശ്വരന്‍ പിള്ളയും മാതാവ് കല്യാണിക്കുട്ടിയമ്മയുമാണ്.
ചെറുപ്പത്തില്‍തന്നെ എഴുത്തിനോട് കമ്പം മൂത്ത ഗോവിന്ദപ്പിള്ള 1901 ല്‍ ചിറയിന്‍കീഴ് നിന്നും ‘കേരളപഞ്ചിക’ എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചുവെങ്കിലും കൂടുതല്‍ നാള്‍ മുന്നോട്ടുകൊണ്ടുപോകാനായില്ല. കുറച്ചുനാള്‍ സ്വദേശാഭിമാനിയുടെ പത്രാധിപ സമിതി അംഗമായി. തുടര്‍ന്ന് പൗരസ്ത്യഭാഷാ ബിരുദം നേടി. തിരുവനന്തപുരത്ത് മലയാളം മുന്‍ഷിയായി ജോലിലഭിച്ചു.
നാടന്‍കലകള്‍ നേരിട്ടുകണ്ട്, നാടോടിപ്പാട്ടുകള്‍ ശേഖരിച്ച്, അവയുടെ വര്‍ഗീകരണം, ചരിത്രക്കുറിപ്പെഴുതല്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിച്ചതിലൂടെ കേരള ചരിത്രത്തെയും അടയാളപ്പെടുത്താന്‍ കഴിഞ്ഞു. തിരുവനന്തപുരത്തെ താമസത്തിനിടയില്‍ മഹാകവി ഉള്ളൂരുമായി പരിചയപ്പെടുകയും അദ്ദേഹത്തിനോടൊപ്പം പഴയ പാട്ടുകള്‍ ശേഖരിക്കുന്നതിനായി ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കുകയും ചെയ്തു. നാടന്‍പാട്ടുകളെക്കുറിച്ചുള്ള ഗോവിന്ദപ്പിള്ളയുടെ പഠനങ്ങള്‍ കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഭാഷാപോഷിണിയിലെ എഴുത്തുകാരനായി മാറി.
മലയാളത്തിലെ പഴയപാട്ടുകള്‍ എന്ന കൃതിയുടെ ഒന്നാംഭാഗം 1918 ല്‍ പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യത്തിനും നാടോടിവിജ്ഞാനീയത്തിനും വിലപ്പെട്ട സംഭാവനയായി ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നു.

കൃതികള്‍

മലയാളത്തിലെ പഴയപാട്ടുകള്‍
കൃഷ്ണകാന്തിന്റെ പത്രിക (വിവര്‍ത്തനം)
നാടകകഥാ ചതുഷ്ടയം
സാഹിത്യ സുധാകരം
കാളിദാസചരിതം
വാസ്‌കോഡിഗാമ
ക്രിസ്റ്റഫര്‍ കൊളമ്പസ്
പുരാണപ്രഭാവം