ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പി. പത്മരാജന്‍.1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭപിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു.

മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജില്‍ നിന്ന് പ്രീയൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവുമെടുത്തു. മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരില്‍ നിന്നും സംസ്‌കൃതവും പഠിച്ചു. 1965ല്‍ തൃശൂര്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടര്‍ന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടര്‍ന്ന് ആകാശവാണിയിലെ ഉദ്യോഗം രാജിവയ്ക്കുകയായിരുന്നു. തിരുവനന്തപുരത്ത് പൂജപ്പുരയില്‍ സ്ഥിരതാമസമാക്കി.
കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരന്‍, പ്രഹേളിക, പുകക്കണ്ണട എന്നിവ.
1971ല്‍ എഴുതിയ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും ഈ കൃതി നേടി. പിന്നീട് വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകള്‍ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിര്‍വ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകള്‍.
1975ല്‍ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തില്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെയാണ് സംവിധായകനായത്. പത്മരാജന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു.
ഭരതന്റെയും കെ.ജി.ജോര്‍ജിന്റെയും കൂടെ ഒരു സിനിമാ വിദ്യാലയം പത്മരാജന്‍ തുടങ്ങി. ഭരതനുമായി ചേര്‍ന്ന് പത്മരാജന്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയില്‍ നില്‍ക്കുന്നത് എന്ന അര്‍ഥത്തില്‍ മധ്യവര്‍ത്തി സിനിമ എന്ന് അറിയപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവര്‍ക്കുമുണ്ടായിരുന്നു. 36 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ പത്മരാജന്‍ 18 ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മരണം : 1991 ജനുവരി 24. ഭാര്യ : രാധാലക്ഷ്മി പത്മരാജന്‍. മക്കള്‍ : അനന്തപത്മനാഭന്‍, മാധവിക്കുട്ടി.

കൃതികള്‍
ചെറുകഥ/ കഥാ സമാഹാരം

പ്രഹേളിക
അപരന്‍
പുകക്കണ്ണട
മറ്റുള്ളവരുടെ വേനല്‍
കൈവരിയുടെ തെക്കേയറ്റം
സിഫിലിസ്സിന്റെ നടക്കാവ്
കഴിഞ്ഞ വസന്തകാലത്തില്‍
പത്മരാജന്റെ കഥകള്‍

നോവലെറ്റുകള്‍

ഒന്ന്, രണ്ട്, മൂന്ന് (3 നോവെലെറ്റുകളുടെ സമാഹാരം)
പെരുവഴിയമ്പലം
തകര
രതിനിര്‍വ്വേദം
ജലജ്വാല
നന്മകളുടെ സൂര്യന്‍
വിക്രമകാളീശ്വരം

നോവലുകള്‍

നക്ഷത്രങ്ങളെ കാവല്‍ (കേരളസാഹിത്യ അക്കാദമി പുരസ്‌കാരം)
വാടകക്കൊരു ഹൃദയം
ഉദ്ദകപ്പോള
ഇതാ ഇവിടെവരെ
ശവവാഹനങ്ങളും തേടി
മഞ്ഞുകാലംനോറ്റ കുതിര
പ്രതിമയും രാജകുമാരിയും
കള്ളന്‍ പവിത്രന്‍
ഋതുഭേദങ്ങളുടെ പാരിതോഷികം

തിരക്കഥകള്‍ (പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചവ)

പത്മരാജന്റെ തിരക്കഥകള്‍
പെരുവഴിയമ്പലം
ഇതാ ഇവിടെ വരെ

ചലച്ചിത്ര പുരസ്‌കാരങ്ങള്‍

1975
  മികച്ച തിരക്കഥ ഫിലിം ഫാന്‍സ് : പ്രയാണം
1977
  മികച്ച തിരക്കഥ ഫിലിം ഫാന്‍സ്, ഫിലം ?ക്രിട്ടിക്‌സ്: ഇതാ ഇവിടെവരെ
1978
  മികച്ച തിരക്കഥ സംസ്ഥാന അവാര്‍ഡ് : രാപ്പാടികളുടെ കഥ, രതിനിര്‍വ്വേദം
  മികച്ച തിരക്കഥ ഫിലിം ഫാന്‍സ് : രാപ്പാടികളുടെ കഥ, രതിനിര്‍വ്വേദം
1978
  മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകന്‍ പെരുവഴിയമ്പലം
  മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം ? നാഷ്ണല്‍ അവാര്ഡ് പെരുവഴിയമ്പലം
1979
  മികച്ച തിരക്കഥ ഫിലിം ഫാന്‍സ് തകര
1982
  മികച്ച ചിത്രം, മികച്ച തിരക്കഥ അന്തര്‍ദ്ദേശീയം (കോലാംലമ്പൂര്‍) ഒരിടത്തൊരു ഫയല്‍വാന്‍
  മികച്ച ചിത്രം ഗള്‍ഫ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് നവംബറിന്റെ നഷ്ടം
1984
  മികച്ച ചിത്രം സംസ്ഥാന അവാര്‍ഡ് കൂടെവിടെ
  മികച്ച തിരക്കഥ ഫിലം ക്രിട്ടിക്‌സ് കൂടെവിടെ
  മികച്ച സംവിധായകന്‍ പൗര്‍ണമി അവാര്‍ഡ് കൂടെവിടെ
1985
  മികച്ച തിരക്കഥ സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിറ്റിക്‌സ് കാണാമറയത്ത്
1986
  മികച്ച തിരക്കഥ ഫിലിം ക്രിട്ടിക്‌സ് നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
  മികച്ച കഥ ഫിലിം ചേമ്പര്‍ തൂവാനതുമ്പികള്‍
  മികച്ച തിരക്കഥ ഫിലിം ക്രിട്ടിക്‌സ് നൊമ്പരത്തിപൂവ്
1989
  മികച്ച തിരക്കഥ സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അപരന്‍, മൂന്നാം പക്കം
  മികച്ച സംവിധായകന്‍ ഫിലം ?ഫെയര്‍ അപരന്‍
1990
  മികച്ച തിരക്കഥ സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ്, ഫിലിം ചേംബര്‍ ഇന്നലെ
1991
 അവാര്‍ഡ് ഞാന്‍ ഗന്ധര്‍വ്വന്‍

സാഹിത്യ പുരസ്‌കാരങ്ങള്‍

1972: നോവല്‍ നക്ഷത്രങ്ങളേ കാവല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.
1972: നോവല്‍ നക്ഷത്രങ്ങളേ കാവല്‍ കുങ്കുമം പുരസ്‌കാരം.