കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്‍േറയും, ഇടമലത്തു നീലി എന്ന
മാധവിയുടേയും മകനായി 1876 മെയ് 20 ന് ജനിച്ചു. എഴുത്തിനിരുത്തിയത് അച്ഛന്‍ തന്നെ.
വിദ്യാഭ്യാസത്തിന്റെ ചുമതല ഏറ്റത്, അമ്മാവനായിരുന്ന ദിവാന്‍ ബഹദുര്‍ ഇ.കെ. കൃഷ്ണന്‍.
കോഴിക്കോട് സബ്ജഡ്ജായിരുന്ന അമ്മാവനൊപ്പം താമസിച്ച് സ്‌ക്കൂള്‍ വിദ്യാഭ്യാസം നടത്തി.
നോര്‍മന്‍ സ്‌ക്കൂള്‍, മുന്‍സിപ്പല്‍ സ്‌ക്കൂള്‍, ബാസല്‍ മിഷന്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് പഠിച്ചത്.
പ്രായം തികയാതിരുന്നതിനാല്‍ പ്രൈവറ്റായിട്ടാണ് 1890ല്‍ മട്രിക്കുലേഷന്‍ എഴുതി ജയിച്ചത്.
ഇന്റര്‍മീഡിയറ്റ് പഠനം തലശേ്ശരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്‌ടോറിയയിലും ആയിരുന്നു.
ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894ല്‍ ബിരുദം
നേടി. തുടര്‍ന്ന് സിവില്‍ കോടതി ക്‌ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915ല്‍ സിവില്‍ ജുഡീഷ്യറി
ടെസ്റ്റ് പാസായി. 1931ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി.
അമ്മാവന്റെ മകള്‍ കൗസല്യയെ ആണ് സുകുമാരന്‍ വിവാഹം ചെയ്തത്. അദ്ദേഹം 1956 മാര്‍ച്ച് 11
ന് മരിച്ചു.
    സാഹിത്യകാരന്‍ എന്ന നിലയില്‍ രംഗപ്രവേശം ചെയ്തപേ്പാള്‍ സുകുമാരന്‍ ശേ്‌ളാകങ്ങളാണ്
എഴുതിയത് – വെണ്‍മണി ശേ്‌ളാകങ്ങളായിരുന്നു മാതൃക. കോഴിക്കോട്ട് ചില തീയ പ്രമാണികള്‍
തുടങ്ങിയ ഭാരതിയില്‍ ആയിരുന്നു അരങ്ങേറ്റം. പിന്നീട് അദ്ദേഹം ഗദ്യത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു.
ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി
അമ്പതോളം കൃതികള്‍ ഉണ്ട് സുകുമാരന്‍േറതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ,
അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണ്. ഒരു സവിശേഷ
സാഹചര്യം സങ്കല്പിച്ചുണ്ടാക്കുക, ആ കുടുക്കില്‍ നിന്നും കഥാപാത്രം ബുദ്ധി ഉപയോഗിച്ച്
രക്ഷപെ്പടുക, സാഹചര്യം ചിരിക്ക് വഴി ഒരുക്കുന്നതാവുക, പ്രതിപാദനത്തിലും ഈ നര്‍മ്മം
പാലിക്കുക – സാമാന്യമായി ഈ സവിശേഷതകളാണ് കെ. സുകുമാരന്റെ കഥകള്‍ക്കുള്ളത്.
നോവലെറ്റുകളും നോവലുകളും ആയി അദ്ദേഹം രചിച്ച നിരവധി കൃതികളുടെ സാമാന്യ
സ്വഭാവവും ചെറുകഥകളുടേതു തന്നെ. അഴകുള്ള പെണ്ണ്, വിധി, ആ വല്‌ളാത്ത നോട്ടം, ഇണക്കവും
പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി,
വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍ തുടങ്ങിയവ ഈ കൂട്ടത്തില്‍ പെടുന്നു. സുകുമാരന്‍
എഴുതിയ നാടകങ്ങളാണ് ഭീഷണി, മിസ്രയിലെ റാണി, ഉപദേശിയാര്‍. അഭിനയിച്ചു
ഫലിപ്പിക്കുവാനല്‌ള, വായിച്ചു രസിക്കുവാനാണ് ഇവ രചിക്കപെ്പട്ടത്. ഭാസാവിലാസം എന്നൊരു
ശൃംഗാരകാവ്യവും, അന്യാപദേശവും അദ്ദേഹം എഴുതിയിട്ടുണ്ട്.  അത്ഭുത
വിശ്വാസങ്ങളും ആചരണങ്ങളും, ജന്തുശാസ്ത്രം, പ്രാണിവംശചരിത്രം, പറക്കാന്‍ വയ്യാതെ പോയ
പക്ഷികള്‍, ജ്യോതിശ്ശാസ്ത്രം എന്നിവ ഈ വകുപ്പില്‍ പെടുന്നു. അണു തുടങ്ങി എറുമ്പുവരെ,
മത്സ്യം മുതല്‍ പാമ്പു വരെ, പക്ഷികള്‍, മൃഗം മുതല്‍ മനുഷ്യന്‍ വരെ എന്ന് വിഭജിച്ച്
ജന്തുശാസ്ത്രത്തില്‍ ശാസ്ത്രവിഷയങ്ങള്‍, തെലെ്‌ളാരു നര്‍മ്മബോധത്തോടെ പ്രസന്നശൈലിയില്‍
അദ്ദേഹം വിവരിക്കുന്നു. പ്രാണിവംശചരിത്രത്തില്‍ സിംഹം, കാക്ക, എലി, കൊതുക്, തവള
തുടങ്ങിയവയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഓരോ ഉപന്യാസവും ഓരോ ചെറുകഥപോലെ
വായിച്ചു പോകാവുന്നതാണ്. അദ്ദേഹത്തിന്റെ ഫലിതങ്ങളുടെ സമാഹാരം ആണ് ചിരിയോ ചിരി.
ഉപന്യാസങ്ങളാണ് സുകുമാരഗദ്യമഞ്ജരിയില്‍. ഓരോ തരത്തിലുള്ള ജീവിതദുഃഖങ്ങളില്‍
പെട്ടുഴലുന്ന മനുഷ്യര്‍ക്ക് അല്പസമയത്തേക്കെങ്കിലും ചിരിക്കാന്‍ ഒരവസരം നല്കുന്നത്
സുകുമാരന്‍ പുണ്യമായി കരുതി.

കൃതികള്‍: അഴകുള്ള പെണ്ണ്, വിധി, ആ വല്‌ളാത്ത നോട്ടം, ഇണക്കവും
പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി,
വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍