പ്രശസ്ത നോവലിസ്റ്റായിരുന്നു മലയാറ്റൂര്‍ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍. ജനനം പാലക്കാട് ജില്ലയില്‍ പുതിയ കല്പാത്തിയില്‍ 11927 മേയ് 27ന്. ഐ.എ.എസ്. ഓഫീസറായിരുന്നു. കെ.വി. രാമകൃഷ്ണ അയ്യര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെ.ആര്‍. വിശ്വനാഥസ്വാമിയും ജാനകി അമ്മാളുമായിരുന്നു മാതാപിതാക്കള്‍. തിരുവനന്തപുരം, മൂവാറ്റുപുഴ, കൊല്ലം, തിരുവല്ല, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായി അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം. 1944ല്‍ ആലുവ യു.സി. കോളേജില്‍ നിന്നും ഇന്റര്‍മീഡിയേറ്റ് ജയിച്ചു. 1946ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും സസ്യശാസ്ത്രവും ജന്തുശാസ്ത്രവും ഐച്ഛികമായെടുത്ത് ബി.എസ്‌സി. ജയിച്ചു. ഏതാനും മാസം ആലുവ യു.സി. കോളേജില്‍ ഇംഗ്ലീഷ് ട്യൂട്ടറായി. 1949ല്‍ തിരുവനന്തപുരം ലാ കോളേജില്‍ നിന്നും ബി.എല്‍. ബിരുദം നേടി. ചിത്രകാരന്‍ എന്ന നിലയിലും പ്രസിദ്ധനായിരുന്നു. 1954ല്‍ മലയാറ്റൂര്‍ ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രനായി തിരു-കൊച്ചി നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കുറച്ചുകാലം മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തകനായി.
    1955ല്‍ മട്ടാഞ്ചേരിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേട്ടായതു മുതലാണ് മലയാറ്റൂരിന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ല്‍ ഐ.എ.എസ്. ലഭിച്ചു. സബ് കളക്ടര്‍ (ഒറ്റപ്പാലം), ജില്ലാ കളക്ടര്‍ (കോഴിക്കോട്), ഗവ. സെക്രട്ടറി, റവന്യൂ ബോര്‍ഡ് മെമ്പര്‍, ലളിത കലാ അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. 1981 ഫ്രെബ്രുവരിയില്‍ ഐ.എ.എസ്സില്‍ നിന്നും രാജിവെച്ചു. ഔദ്യോഗികജീവിതത്തിലെ സ്മരണകള്‍ സര്‍വ്വീസ് സ്റ്റോറി എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു.
    പല ചലച്ചിത്രങ്ങളുടെയും തിരക്കഥ രചിച്ചിട്ടുണ്ട്. യക്ഷി, ചെമ്പരത്തി, അയ്യര്‍ ദി ഗ്രേറ്റ് എന്നിവയായിരുന്നു ഇവയില്‍ പ്രശസ്തമായവ. തമിഴ് ബ്രാഹ്മണ സമുദായത്തിന്റെ ജീവിതവും ബ്യൂറോക്രസിയുടെ ആന്തരലോകവുമാണ് മലയാറ്റൂരിന്റെ നോവലുകളിലെ പ്രധാന പ്രമേയങ്ങള്‍. വേരുകള്‍, നെട്ടൂര്‍മഠം, യന്ത്രം എന്നിവ മികച്ച മാതൃകകളാണ്. നിഗൂഢമായ മാനസിക പ്രവര്‍ത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി മലയാറ്റൂര്‍ രചിച്ച നോവലാണ് പൊന്നി (1967). ബ്രിഗേഡിയര്‍ വിജയന്‍ മേനോന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി മലയാറ്റൂര്‍ എഴുതിയ ബ്രിഗേഡിയര്‍ കഥകള്‍ പ്രസിദ്ധമാണ്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും, ഷെര്‍ലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു.1997 ഡിസംബര്‍ 27ന് അന്തരിച്ചു. ഭാര്യ: കൃഷ്ണവേണി (19351999). രണ്ടു മക്കളുണ്ട്. പ്രശസ്ത നടനായ ജയറാം ഇദ്ദേഹത്തിന്റെ അനന്തരവനാണ്.

കൃതികള്‍

നോവല്‍

    ഡോക്ടര്‍ വേഴാമ്പല്‍ (1964)
    വേരുകള്‍ (1966)
    യക്ഷി (1967)
    പൊന്നി (1967)
    ദ്വന്ദ്വയുദ്ധം (1970)
    യന്ത്രം (1976)
    അനന്തചര്യ (1988)
    നെട്ടൂര്‍ മഠം (1988)
    മൃതിയുടെ കവാടം (1989)
    ആറാം വിരല്‍
    സ്വരം
    മുക്തിചക്രം
    മനസ്സിലെ മാണിക്യം
    അമൃതം തേടി
    അഞ്ചു സെന്റ്
    തുടക്കം ഒടുക്കം
    അനന്തയാത്ര
    രക്തചന്ദനം
    രാത്രി
    മൃദുലപ്രഭു
    ശിരസ്സില്‍ വരച്ചത്
    വിഷബീജം

ചെറുകഥ

    ആദ്യത്തെ കേസ് (1952)
    അവകാശി (1956)
    സൂചിമുഖി (1957)
    വേരുകള്‍ക്കൊരനുബന്ധം
    ബ്രിഗേഡിയര്‍ കഥകള്‍
    ബ്രിഗേഡിയറും പെണ്‍മറുകും
    തെരഞ്ഞെടുത്ത കഥകള്‍
    അറബിയും ഒട്ടകവും
    പറക്കുന്ന തളിക
    നാല് അഞ്ച്
    മലബാര്‍ ഹില്ലും ഫൊറാഡ് റോഡും
    പാമ്പ്
    സ്ഫുട്‌നിക്കും ഗോട്ടി തോമസും
    ഷെര്‍ലക്‌ഹോംസ് കഥകള്‍

സ്മരണകള്‍

    സര്‍വ്വീസ് സ്റ്റോറി എന്റെ ഐ.എ.എസ്. ദിനങ്ങള്‍
    ഓര്‍മ്മകളുടെ ആല്‍ബം

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം  വേരുകള്‍ (1967)
    വയലാര്‍ പുരസ്‌കാരം-യന്ത്രം (1979)