ഖുര്‍ആന്‍ മലയാളം പരിഭാഷകനും ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് സി.എന്‍. അഹ്മദ് മൗലവി (1905-1993). ഖുര്‍ആന്‍ മലയാള പരിഭാഷകളില്‍ നാലാമത്തേതായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പൂര്‍ണ പരിഭാഷയായിരുന്നു മൗലവിയുടേത്. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ വേങ്ങര പഞ്ചായത്തിലെ ചേറൂരിലാണ് മൗലവിയുടെ ജനനം. പിതാവ്: നത്താന്‍കോടന്‍ ഹസ്സന്‍കുട്ടി. മാതാവ്: അഴുവത്ത് ഖദീജ. 1916 മുതല്‍ ദര്‍സ് പഠനം തുടര്‍ന്ന അദ്ദേഹം അറബി വ്യാകരണത്തില്‍ വ്യുല്‍പ്പത്തി നേടി. ഒരു ഇടവേളക്ക് ശേഷം വീണ്ടും ദര്‍സ് പഠനം തുടര്‍ന്ന അദ്ദേഹം മദ്രാസിലെ ജമാലിയ്യ കോളേജില്‍ ചേര്‍ന്നു. അക്കാലത്ത് മൗലാനാ അബുല്‍ കലാം ആസാദ്, ഡോ. ഇഖ്ബാല്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, മര്‍മഡ്യൂക് പിക്ത്താള്‍ തുടങ്ങി പല പണ്ഡിതന്മാരെയും കാണാനും അവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും അവസരം 

ലഭിച്ചു. ഇത് മൗലവിയെ പുരോഗമനവാദിയാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.
മദ്രാസിലെ പഠനം ഇടക്കുവച്ച് നിര്‍ത്തേണ്ടിവന്ന മൗലവി, ബോംബെയില്‍ കുറച്ചുകാലം താമസിച്ചു. 1928 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ചേര്‍ന്നു. 1930 ല്‍ മൗലവി ഫാദില്‍ ബാഖവി ബിരുദം നേടി. 1931 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമാ പരിക്ഷയും പാസായി. മലപ്പുറം ട്രെയ്‌നിങ്ങ് സ്‌കൂളില്‍ റിലീജ്യസ് ഇന്‍സ്ട്രക്ടറായി ജോലി. 1944ല്‍ അഞ്ചു വര്‍ഷത്തേക്ക് ലീവെടുത്ത് കച്ചവടം, കൃഷി എന്നിവ നോക്കിയെങ്കിലും വിജയിച്ചില്ല. ആ ഘട്ടത്തിലാണ് കരുവാരക്കുണ്ടില്‍ നിന്ന് ‘അന്‍സാരി’ മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1949 ഡിസംബറില്‍ ആദ്യലക്കം പുറത്തിറങ്ങി. 14 ലക്കം ഇറങ്ങിയ ശേഷം അതും നിന്നുപോയി.
അന്‍സാരിയിലെ ഖുര്‍ആന്‍ പംക്തി വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പെരുമ്പാവൂരിലെ മജീദ് മരൈക്കാര്‍ സാഹിബ് മൗലവിയെ കാണുകയും മലയാളത്തില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 1951 ല്‍ അതിന് തുടക്കം കുറിച്ചു. വലിയ ഒരു ഗ്രന്ഥശേഖരമൊരുക്കുകയാണ് ആദ്യം ചെയ്തത്. അറബി, ഉര്‍ദു, ഇംഗ്ലീഷ്, പാര്‍സി, തമിഴ് ഭാഷകളിലുള്ള 22 തഫ്‌സീറുകള്‍ ആ ശേഖരത്തിലുണ്ടായിരുന്നുവെന്നും അവ പരിശോധിച്ച ശേഷമാണ് പരിഭാഷയ്ക്കും വ്യാഖ്യാനത്തിനും അന്തിമരൂപം നല്കിയിരുന്നതെന്നും മൗലവി തന്നെ രേഖപ്പെടുത്തി. 1953ല്‍ ഖുര്‍ആനിന്റെ നാലിലൊരു
ഭാഗത്തിന്റെ പരിഭാഷയും വ്യാഖ്യാനവും പുറത്തിറങ്ങി. 1961 ല്‍ ആ ദൗത്യം പൂര്‍ത്തീകരിച്ചു. ഈ കൃതി 1964 മുതല്‍, രണ്ടു വാല്യങ്ങളിലായി എന്‍.ബി.എസ് (കോട്ടയം) പ്രസിദ്ധീകരിച്ചു.
1959 മുതല്‍ 1964 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു .1989 ല്‍ ഫെലോഷിപ്പ് നല്‍കി അക്കാദമി മൗലവിയെ ആദരിച്ചു. മമ്പാട് അധികാരി അത്തന്‍ മോയിന്‍ സാഹിബ് നല്‍കിയ 25 ഏക്കര്‍ സ്ഥലത്താണ് ഏറനാട് എഡ്യൂക്കേഷന്‍ അസോസിയേഷന്റെ കീഴില്‍ മമ്പാട് കോളേജ് സ്ഥാപിച്ചത്. 1965 മുതല്‍ 69 വരെ നടത്തിയ ശേഷം സ്ഥാപനം എം.ഇ.എസിനെ ഏല്‍പ്പിച്ചു. അതാണ് എം.ഇ.എസ്. മമ്പാട് കോളേജ്.

കൃതികള്‍

ഖുര്‍ആന്‍ മലയാളം പരിഭാഷ. (2 വാല്യം)
ഇസ്‌ലാം ഒരു സമഗ്രപഠനം
ഇസ്‌ലാം ചരിത്രം
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം
സഹീഹുല്‍ ബുഖാരി മലയാളം പരിഭാഷ
യസ്സര്‍നല്‍ ഖുര്‍ആന്‍(അറബിയില്‍ എഴുതിയത്)
ഇസ്‌ലാമിലെ ധനവിതരണ പദ്ധതി
ഇസ്‌ലാം ഒരു സമഗ്ര പഠനം (ഇംഗ്ലീഷ് പതിപ്പ് 1965)
സഹീഹുല്‍ ബുഖാരി (പരിഭാഷ 1970)
ചന്ദ്രമാസ നിര്‍ണയം (1991)
ഖുര്‍ആന്‍ ഇന്‍ഡക്‌സ്
അഞ്ചു നേരത്തെ നമസ്‌ക്കാരം ഖുര്‍ആനില്‍
യസ്സര്‍നല്‍ ഖുര്‍ആന്‍

പുരസ്‌കാരം

1989 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം