ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു സി.ഉണ്ണിരാജ എന്ന ശിവശര്‍മ്മ രാജ. (ജനനം 1917 ജൂലൈ 15, മരണം: 1995 ജനുവരി 28).
പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂര്‍ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായിരുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ തന്നെയായിരുന്നു. പത്തു വയസ്സുവരെ ഒരു അദ്ധ്യാപകന്‍ വീട്ടില്‍ വന്ന് പഠിപ്പിച്ചു. 1927 ല്‍ ചാവക്കാട് ഹൈസ്‌കൂളില്‍ ചേര്‍ന്നു. മദ്രാസ് ലയോള കോളജിലായിരുന്നു ഉപരിപഠനം. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.
സ്‌കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തിലായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്. സത്യാഗ്രഹ ക്യാമ്പില്‍ ചെന്ന് ആകാവുന്ന സഹായങ്ങള്‍ ഉണ്ണിരാജ ചെയ്തുകൊടുക്കുമായിരുന്നു. പി.കൃഷ്ണപിള്ളയുമായുള്ള പരിചയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവപ്രവര്‍ത്തകനായി മാറുന്നതിനു സഹായിച്ചു. കേരളത്തിലങ്ങോളമിങ്ങോളം പാര്‍ട്ടി ക്ലാസ്സുകള്‍ എടുത്തു. 1950 ല്‍ ഒളിവിലായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. കേരളസാഹിത്യപരിഷത്ത് പ്രവര്‍ത്തക കമ്മറ്റി, പുരോഗമനകലാസാഹിത്യ പരിഷത് പ്രവര്‍ത്തകകമ്മിറ്റി, പുരോഗമനസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു.
പി.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശാനുസരണമാണ് രാഷ്ട്രീയവിദ്യാഭ്യാസ രംഗത്ത് ഉണ്ണിരാജ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കേരളമങ്ങോളമിങ്ങോളം നിരവധി പാര്‍ട്ടി പഠനക്ലാസ്സുകള്‍ എടുത്തു. 1942 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശാഭിമാനി തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചു. 1946 ജനുവരി മുതല്‍ ദേശാഭിമാനി ദിനപത്രമായി മാറിയപ്പോള്‍ അതിന്റെ പത്രാധിപസമിതിയിലും ഉണ്ണിരാജ അംഗമായിരുന്നു.
1939 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകം രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി അംഗമായി. 1957 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ല്‍ ദേശീയ കൗണ്‍സിലിലും അംഗമായി. പാര്‍ട്ടി നിരോധിക്കപ്പെട്ട ഘട്ടത്തിലും 1962 ല്‍ ചൈനാ യുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു. പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തില്‍ തിരഞ്ഞെടുത്ത ഏഴംഗ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഉണ്ണിരാജ.
ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേള്‍ഡ് മാര്‍ക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും കൃതികള്‍ പരിഭാഷപ്പെടുത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.

കൃതികള്‍

Kerala Intervention and After
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒരു പഠനം
യുദ്ധമോ സമാധാനമോ
സത്യം അക്ഷര സംയുക്തം
മാര്‍ക്‌സ് ഇന്ത്യയില്‍
മനുഷ്യ ശരീരം ഒരു മഹാത്ഭുതം
ഭാഷയുടെയും ശാസ്ത്രത്തിന്റെയും ഉല്പത്തിസ്ഥാനം
മതവും മാര്‍ക്‌സിസവും
മാര്‍ക്‌സ്ഏംഗല്‍സ് തിരഞ്ഞെടുത്ത കൃതികള്‍
ലെനിന്റെ തിരഞ്ഞെടുത്ത കൃതികള്‍