പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണന്‍. (ജനനം 1915 ജൂണ്‍ 8 : മരണം 1979 ജൂലൈ 10). കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെട്ടു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു.
പ്രകൃതിസ്‌നേഹിയും ഗാന്ധിയനുമായിരുന്നു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനനം മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍. കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകന്‍. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തില്‍ത്തന്നെ കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചോടെ പൊന്നാനിയിലെ സാഹിത്യമണ്ഡലത്തില്‍ കവിയായി അദ്ദേഹം പേരെടുത്തു. 1934ല്‍ നാടുവിട്ട അദ്ദേഹം ആറുവര്‍ഷത്തോളം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലത്ത് തമിഴ്, കന്നഡ എന്നീ ഭാഷകള്‍ പഠിച്ചു. പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയന്‍ കമ്പനിയിലും രണ്ടുവര്‍ഷം വീതം ക്ലാര്‍ക്കായി ജോലി നോക്കി. 1948ല്‍ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയെ വിവാഹം ചെയ്തു. കോഴിക്കോട് കെ.ആര്‍. ബ്രദേഴ്‌സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പില്‍ക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങള്‍. 1975ല്‍ ആകാശവാണിയില്‍ നിന്ന് പ്രൊഡ്യൂസറായി വിരമിച്ചു. കുങ്കുമം, മലയാളമനോരമ എന്നിവയുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1976ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ 1979 ജൂലൈ 10ന് കോട്ടയത്തു വച്ച് അന്തരിച്ചു.
‘യൗവനം നശിക്കാത്തവന്‍’ എന്നര്‍ത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്. 1952ല്‍ ആകാശവാണിയില്‍ ജോലിനോക്കവേ സഹപ്രവര്‍ത്തകനും സംഗീതസംവിധായകനുമായ കെ.രാഘവനെക്കുറിച്ച് ഒരു ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരില്‍ എഴുതാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുവാദം നേടണം എന്ന സര്‍ക്കാര്‍ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാന്‍ പ്രേരണയായത്. ‘നീര്‍ച്ചാലുകള്‍’ എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25ലേറെ കഥാസമാഹാരങ്ങള്‍ രചിച്ചു. ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി.

കൃതികള്‍

നോവലുകള്‍

ആമിന (1948)
കുഞ്ഞമ്മയും കൂട്ടുകാരും (1952)
ഉമ്മാച്ചു (1954)
മിണ്ടാപ്പെണ്ണ് (1958)
സുന്ദരികളും സുന്ദരന്മാരും (1958)
ചുഴിക്കു പിന്‍പേ ചുഴി (1967)
അണിയറ (1968)
അമ്മിണി (1972)
കരുവേലക്കുന്ന്
ഇടനാഴികള്‍ (എഴുതി പൂര്‍ത്തിയാക്കിയില്ല)

ചെറുകഥകള്‍

നീര്‍ച്ചാലുകള്‍ (1945)
തേന്മുള്ളുകള്‍ (1945)
താമരത്തൊപ്പി (1955)
മുഖംമൂടികള്‍ (1966)
തുറന്നിട്ട ജാലകം (1949)
നിലാവിന്റെ രഹസ്യം (1974)
തിരഞ്ഞെടുത്ത കഥകള്‍ (1982)
രാച്ചിയമ്മ (1969)
ഗോപാലന്‍ നായരുടെ താടി (1963)
വെളുത്ത കുട്ടി (1958)
മഞ്ഞിന്‍മറയിലെ സൂര്യന്‍
നവോന്മേഷം (1946)
കതിര്‍ക്കറ്റ (1947)
നീലമല (1950)
ഉള്ളവരും ഇല്ലാത്തവരും (1952)
ലാത്തിയും പൂക്കളും (1948)
വസന്തയുടെ അമ്മ
മൗലവിയും ചങ്ങാതിമാരും (1954)
റിസര്‍വ് ചെയ്യാത്ത ബര്‍ത്ത് (1980)
കൂമ്പെടുക്കുന്ന മണ്ണ് (1951)
ഉറൂബിന്റെ കുട്ടിക്കഥകള്‍
നീലവെളിച്ചം (1952)
മൂവായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ചരിത്രം (1968)
അങ്കവീരന്‍ (1967)
അപ്പുവിന്റെ ലോകം
മല്ലനും മരണവും  രണ്ടാം പതിപ്പ് (1966)

കവിതകള്‍

നിഴലാട്ടം
മാമൂലിന്റെ മാറ്റൊലി
പിറന്നാള്‍ (1947)

ഉപന്യാസങ്ങള്‍

കവിസമ്മേളനം (1969)
ഉറൂബിന്റെ ശനിയാഴ്ചകള്‍
ഉറൂബിന്റെ ലേഖനങ്ങള്‍

നാടകങ്ങള്‍

തീ കൊണ്ടു കളിക്കരുത്
മണ്ണും പെണ്ണും (1954)
മിസ് ചിന്നുവും ലേഡി ജാനുവും (1961)

തിരക്കഥകള്‍

നീലക്കുയില്‍ (1954)
രാരിച്ചന്‍ എന്ന പൗരന്‍ (1956)
നായര് പിടിച്ച പുലിവാല് (1958)
മിണ്ടാപ്പെണ്ണ് (1970)
കുരുക്ഷേത്രം (1970)
ഉമ്മാച്ചു (1971)
അണിയറ (1978)
ത്രിസന്ധ്യ (1990) (കഥ)

പുരസ്‌കാരങ്ങള്‍

മദ്രാസ് സര്‍ക്കാര്‍ പുരസ്‌കാരം (1948) - കതിര്‍ക്കറ്റ
മദ്രാസ് സര്‍ക്കാര്‍ പുരസ്‌കാരം (1949) - തുറന്നിട്ട ജാലകം
മദ്രാസ് സര്‍ക്കാര്‍ പുരസ്‌കാരം (1951) - കൂമ്പെടുക്കുന്ന മണ്ണ്
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1958) - ഉമ്മാച്ചു
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1960) - സുന്ദരികളും സുന്ദരന്മാരും
എം.പി. പോള്‍ പുരസ്‌കാരം (1960) -ഗോപാലന്‍ നായരുടെ താടി
മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (1971) - ഉമ്മാച്ചു
ആശാന്‍ ശതവാര്‍ഷിക പുരസ്‌കാരം (1973) - സുന്ദരികളും സുന്ദരന്മാരും
കേന്ദ്ര കലാസമിതി അവാര്‍ഡ് - തീ കൊണ്ടു കളിക്കരുത്