1951 ഫെബ്രുവരി 21 ന് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്ത് കുന്നത്തുവിള വീട്ടില്‍ ജനിച്ചു. പരേതനായ ഇ. നേശന്റെയും എല്‍. റേച്ചലിന്റെയും മൂത്തമകന്‍ തിരുമല അബ്രഹാം മെമ്മോറിയല്‍ ഹൈസ്‌കൂള്‍, നേമം വിക്ടറി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മലയാള ഭാഷയിലും സാഹിത്യത്തിലും എം.എ.യും (കേരള, 1979) മലയാളത്തിലെ സാഹിത്യാനുകാലികങ്ങള്‍-ഒരു പഠനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. പി.വി. വേലായുധന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് പി.എച്ച്.ഡി. (കേരള, 1985) ബിരുദവും ലഭിച്ചു. തമിഴ് ഡിപേ്‌ളാമയും (1980) ബ്രോഡ്കാസ്റ്റിംഗില്‍ ഡിപേ്‌ളാമയും (1981) ലഭിച്ചിട്ടുണ്ട്.

1984-ല്‍ കേരളസര്‍വ്വകലാശാല ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറിയില്‍ അസി. റിസര്‍ച്ച് ഓഫീസറായി ഔദ്യോഗികജീവിതം ആരംഭിച്ചു. തുടര്‍ന്ന് ലക്ചറര്‍(1989). റീഡര്‍ (1997), പ്രൊഫസര്‍ (2005 മുതല്‍)  എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. 2004 മുതല്‍ കേരളസര്‍വ്വകലാശാല അന്താരാഷ്ട്ര കേരളപഠനകേന്ദ്രത്തിന്റെ ഓണറ്റി ഡയറക്ടറുടെ ചുമതലകൂടി നിര്‍വ്വഹിച്ചുവരുന്നു.
    ഇവയ്ക്കുപുറമേ കേരളസര്‍വ്വകലാശാല ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റിന്റെയും ശ്രീശങ്കരസംസ്‌കൃത സര്‍വ്വകലാശാലയില്‍ മാനുസ്‌ക്രിപ്‌റ്റോളജിയുടെയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെംബര്‍, കേരളസര്‍വ്വകലാശാല ഹ്യൂമാനിറ്റീസ് ഫാാക്കല്‍റ്റി ബോര്‍ഡ് അംഗം, കേരള സര്‍ക്കാരിന്റെ മലയാള ഭാഷാ സംസ്‌കാര പ്രചാരണസമിതി അംഗം (2001-05), ആറന്‍മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ ഉപദേശകസമിതി അംഗം(2001-05), സംസ്ഥാനപുരാരേഖാവകുപ്പിന്റെ ഉന്നത സാങ്കേതിക ഉപദേശകസമിതി അംഗം (2002 മുതല്‍), ഡോ. കെ.എം. ജോര്‍ജ്ജ് അവാര്‍ഡ് ട്രസ്റ്റിന്റെ സെക്രട്ടറി (1995 മുതല്‍) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സാഹിത്യപഠനം, പ്രാചീനകൈരളി എന്നീ ആനുകാലികങ്ങളുടെ സഹപത്രാധിപരായിരുന്നു. ഇപ്പോള്‍ (2011 ജൂലൈ മുതല്‍ കാലടി ശ്രീശങ്കരസംസ്‌കൃതസര്‍വ്വകലാശാലയില്‍ ചരിത്രവിഭാഗത്തില്‍ വിസിറ്റിങ്ങ് പ്രൊഫസറാണ് (2 വര്‍ഷത്തേക്ക്).
കേരളസര്‍വ്വകലാശാലയിലെ അംഗീകൃത റിസര്‍ച്ച് ഗൈഡ് എന്ന നിലയില്‍ 20 പി.എച്ച്.ഡി പ്രബന്ധങ്ങള്‍ക്കും 34 എം.ഫില്‍ പ്രബന്ധങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. വിവിധ സര്‍വ്വകലാശാലകളിലും കോളേജുകളിലുമായി 50-ലധികം ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിലും സമാഹാരങ്ങളിലുമായി 40-ലധികം ഗവേഷണലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരളപാണിനീയ വിമര്‍ശവും മറ്റും, കേരളത്തിലെ സാമൂഹിക നവോത്ഥാനവും സാഹിത്യവും, മലയാളപത്രപ്രവര്‍ത്തനം പത്തൊമ്പതാംനൂറ്റാണ്ടില്‍, ഗവേഷണപഠനങ്ങള്‍, കേരളത്തിലെ പ്രാചീന ലിപിമാതൃകകള്‍ എന്നീ കൃതികള്‍ക്കുപുറമേ അര്‍ണോസ്പാതിരിയുടെ കാവ്യങ്ങള്‍, സാഹിത്യഗവേഷണവും വിമര്‍ശനവും, ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്ത കൃതികള്‍, ശ്രീമദ് ദേവീഭാഗവതം (3 വാല്യം), മര്‍മ്മശാസ്ത്രസമാഹാരം, ചരിത്രം തുടിക്കുന്ന താളുകള്‍, പാഠകകഥാമാലിക, നാടാര്‍ചരിത്രം, ആധുനികമലയാളസാഹിത്യചരിത്രം (പരിഷ്‌കരിച്ച പതിപ്പ്) കേരളത്തിന്റെ ബൗദ്ധികചരിത്രത്തിലെ നാഴികകല്ലുകള്‍, മലയാളഭാഷാപഠനങ്ങള്‍ തുടങ്ങി 30-ലധികം കൃതികള്‍ എഡിറ്റു ചെയ്തിട്ടുമുണ്ട്.