കൊല്ലംവര്‍ഷം 915ല്‍ (എ.ഡി 1740) കൊച്ചി സംസ്ഥാനത്ത് ഇരിഞ്ഞാലക്കുട ക്ഷേത്രത്തിനു സമീപമുള്ള അകത്തൂട്ടു വാര്യത്തു ഉണ്ണായി വാര്യര്‍ ജനിച്ചുവെന്നു കരുതുന്നു. അതല്ല തൃശൂരിനടുത്ത് കുട്ടനല്ലൂര്‍ ദുര്‍ഗ്ഗാക്ഷേത്രത്തിനു സമീപം പടിഞ്ഞാറെപ്പാട്ടു വാര്യത്താണു ജനനമെന്നും മറ്റൊരു അഭിപ്രായമുണ്ട്. 927ല്‍ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ നളചരിതം കഥകളി ആടിയിട്ടുണ്ടെന്നതിന് തെളിവുണ്ട്. അതിനാല്‍ ഉണ്ണായി വാര്യര്‍ 900നുമുന്‍പ് ജീവിച്ചിരുന്നതായി കരുതാം. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് രാമന്‍ എന്നായിരുന്നുവെന്നും അത് ഉണ്ണിരാമന്‍ എന്നും മറ്റുമായി ഒടുവില്‍ ഉണ്ണായിയായിത്തീര്‍ന്നതാവും എന്ന് മഹാകവി ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.

നളചരിതം കൂടാതെ ‘രാമപഞ്ചശതി’ എന്ന സംസ്‌കൃത കാവ്യവും, ‘ഗിരിജാകല്യാണം’ എന്ന ഗീതാ പ്രബന്ധവും വാര്യര്‍ രചിച്ചിട്ടുണ്ടെന്ന് മഹാകവി ഉള്ളൂര്‍ പറയുന്നു. ‘രാമപഞ്ചശതി’ ഇരിഞ്ഞാലക്കുട ക്ഷേത്രത്തിലെ ശ്രീരാമമൂര്‍ത്തിയെ സ്തുതിച്ചു കൊണ്ടുള്ളതാണ്. അഞ്ഞൂറില്‍പരം ശ്ലോകങ്ങളുള്ള ഒരു സ്‌തോത്രകാവ്യമാണ്. ‘ഗിരിജാകല്യാണം’ മൂന്നുഖണ്ഡങ്ങളായിട്ടാണ് രചിച്ചിട്ടുള്ളത് സംഭവഖണ്ഡം, തപോവൃത്തഖണ്ഡം, ഉദ്വാഹഖണ്ഡം എന്നിങ്ങനെ.
ഉണ്ണായി വാര്യര്‍ ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. അഭിനയം, സംഗീതം, സാഹിത്യം എന്നീ മൂന്നു ഗുണങ്ങളും ഒത്തിണങ്ങിയതാണ് നളചരിതം ആട്ടക്കഥ.