ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനാണ് സി.വി.രാമന്‍ പിള്ള. മാര്‍ത്താണ്ഡവര്‍മ്മ, രാമരാജബഹദൂര്‍, ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തന്‍.   തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്റെ കൊച്ചുമകനാണ്. ജനനം 1858 മെയ് 19ന് തിരുവനന്തപുരത്ത് കൊച്ചുകണ്ണച്ചാര്‍ വീട്ടില്‍. തറവാട് നെയ്യാറ്റിന്‍കരയില്‍. അച്ഛന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ള, അമ്മ പാര്‍വതിപ്പിള്ള. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. 
സി.വി.യുടെ വിദ്യാഭ്യാസത്തിന് മേല്‍നോട്ടം വഹിച്ചത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കല്‍ കേശവന്‍തമ്പിയായിരുന്നു. 1881ല്‍ ബി.എ പാസായി. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാടുവിട്ട് ഹൈദരാബാദിലേക്ക് പോയി. 1887 ല്‍ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കെ വീട്ടില്‍ ഭാഗീരഥിയമ്മ. ഇവര്‍ 1904ല്‍ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.
ഹൈക്കോടതിയില്‍ ചെറിയൊരു ജോലി കിട്ടിയതിനെ തുടര്‍ന്ന് നിയമപഠനത്തിന് ലാ കോളേജില്‍ ചേര്‍ന്നു. പ്ലീഡര്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഹൈക്കോടതിയില്‍ ശിരസ്തദാറായി ഉയര്‍ന്നു. 1905ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്ന് വിരമിച്ചു. 1918ല്‍ തിരുവിതാംകൂര്‍ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോര്‍ഡ് മെമ്പറായി. മലയാളിസഭയില്‍ പ്രവര്‍ത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവര്‍ത്തിച്ചു. കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. മലയാളി മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാര്‍ച്ച് 21ന് അന്തരിച്ചു. കേരള സ്‌കോട്ട് എന്നറിയപ്പെടുന്നു.

കൃതികള്‍

ചരിത്രനോവലുകള്‍

മാര്‍ത്താണ്ഡവര്‍മ്മ (1891)
ധര്‍മ്മരാജാ (1913)
രാമരാജ ബഹദൂര്‍ (1918)

സാമൂഹ്യനോവല്‍

പ്രേമാമൃതം (1917)

ഹാസ്യ നാടകങ്ങള്‍ (പ്രഹസനങ്ങള്‍)

ചന്ദ്രമുഖീവിലാസം (1884-അപ്രകാശിതം)
മത്തവിലാസം (അപ്രകാശിതം)
കുറുപ്പില്ലാക്കളരി (1909)
തെന്തനാംകോട്ട് ഹരിശ്ചന്ദ്രന്‍ (1914)
ഡോക്ടര്‍ക്കു കിട്ടിയ മിച്ചം (1916)
പണ്ടത്തെ പാച്ചന്‍ (1918)
കൈമളശ്ശന്റെ കടശ്ശിക്കളി (1915)
ചെറുതേന്‍ കൊളംബസ് (1917)
പാപിചെല്ലണടം പാതാളം (1919)
കുറുപ്പിന്റെ തിരിപ്പ് (1920)
ബട്ട്‌ലര്‍ പപ്പന്‍ (1921)

ലേഖനപരമ്പര

വിദേശീയ മേധാവിത്വം (1922)

അപൂര്‍ണ കൃതികള്‍

ദിഷ്ടദംഷ്ട്രം (നോവല്‍)
പ്രേമാരിഷ്ടം (ആത്മകഥ)