നാടകകൃത്താണ് പി.വി. കുര്യാക്കോസ്(21 സെപ്റ്റംബര്‍ 1933 – സെപ്റ്റംബര്‍ 2007).
മൂവാറ്റുപുഴ മുടവൂര്‍ പുതുശ്ശേരിക്കുടിയില്‍ വര്‍ഗ്ഗീസിന്റെയും ശോശാമ്മയുടെയും മകന്‍. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മുംബെയിലേക്കു പോയി. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മാര്‍വാഡിയുടെ കമ്പനിയില്‍ സെയില്‍സ്മാനായും പിന്നീട് അവിടെ തന്നെ ക്‌ളര്‍ക്കായും അക്കൗണ്ടന്റായും ജനറല്‍ മാനേജരുമായൊക്കെ ജോലി ചെയ്തു. മുംബൈ മലയാളികളുടെ നാടകസമിതിയായ പ്രതിഭാ ആര്‍ട്‌സ് ക്‌ളബിന്റെ പ്രധാന സംഘാടകനായി. നിരവധി നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. സ്വന്തമായൊരു കമ്പനി തുടങ്ങി. മുംബൈയില്‍ ശിവസേനക്കാരുടെ 'മലബാറികള്‍' ക്കെതിരെയുള്ള ആക്രമണത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടു. ഹോസ്ലാബ് കമ്പനി അടച്ചുപൂട്ടി ചെന്നൈയിലേക്ക് മാറി.ഐ.വി. ശശി സംവിധാനം ചെയ്ത 'ലക്ഷ്മണരേഖ'യുടെ തിരക്കഥാകൃത്തും ജേസി സംവിധാനം ചെയ്ത 'അടുക്കാന്‍ എന്തെളുപ്പ'ത്തിന്റെ നിര്‍മ്മാതാവുമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'കുപ്പിക്കല്ലുകള്‍' എന്ന നാടകത്തിന്റെ ചലച്ചിത്രരൂപമായിരുന്നു 'ലക്ഷ്മണരേഖ'. ആത്മകഥാംശമുള്ള 'ഒരു സായാഹ്നസ്വപ്നം' എന്ന ടെലിഫിലിമാണ് അവസാനമായി നിര്‍മ്മിച്ചത്.

കൃതികള്‍

    ദാഹിക്കുന്ന ആത്മാവ്
    കുടുംബദോഷികള്‍
    കുമ്പസാരം
    കാല്‍വരി
    കുറ്റവാളികള്‍
    കതിരുകള്‍
    കുപ്പിക്കല്ലുകള്‍
    കുരിയാക്കോസിന്റെ ഏകാങ്കങ്ങള്‍
    യാത്രക്കിടയില്‍ ഒരു മടക്കയാത്ര (ആത്മകഥ)

പുരസ്‌കാരങ്ങള്‍

    1973 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (കുപ്പിക്കല്ലുകള്‍)