നാടകകൃത്തും, നാടകസംവിധായകനും തീയേറ്റര്‍ ആക്ടിവിസ്റ്റുമായിരുന്നു പി.എം. ആന്റണി(1951 – 22 ഡിസംബര്‍ 2011). ആലപ്പുഴ ജില്ലയിലെ കാഞ്ഞിരംചിറയില്‍ 1951 ല്‍ ജനനം. അച്ഛന്‍: മിഖായേല്‍(മാര്‍ഷല്‍). അമ്മ: മറിയം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നാടക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ കാലത്ത് സ്വയം നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി.ഭാര്യ: ഗ്രേസി. മക്കള്‍: അജിത, അനില്‍, ആസാദ്, അനു.
2011 ഡിസംബര്‍ 22ന് ഹൃദയാഘാതം മൂലം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ അന്തരിച്ചു.
1980 ല്‍ ആലപ്പി തിയറ്റേഴ്‌സിനുവേണ്ടി രചിച്ച 'കടലിന്റെ മക്കള്‍' എന്ന നാടകം, ആദ്യ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. പീന്നീട് പ്രൊഫഷണല്‍ നാടകം വിട്ട് അമേച്വര്‍ രംഗത്ത് സജീവമായി. അടിയന്തരാവസ്ഥക്കാലത്തിനുശേഷം ജനകീയ സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകന്‍. തുടര്‍ന്ന് സംഘടനയുടെ സംസ്ഥാന സമിതി അംഗം. 1980ല്‍ നക്‌സലൈറ്റ് കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ഒളിവിലായിരുന്നു.വിചാരണക്കാലത്ത് 'സ്പാര്‍ട്ടക്കാസ്' എന്ന നാടകം സംവിധാനം ചെയ്തു. 86 ല്‍ കസന്‍ദ്‌സക്കിസിന്റെ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന കൃതിയെ ആധാരമാക്കി രചനയും സംവിധാനവും നിര്‍വഹിച്ച 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും തുടര്‍ന്ന് സര്‍ക്കാര്‍ ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. പിന്നീട് 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം', പുരോഹിത എതിര്‍പ്പിനു പാത്രമായ 'വിശുദ്ധപാപങ്ങള്‍' എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു. 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം' മികച്ച നാടക സംവിധായകനുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിക്കൊടുത്തു.'സൂര്യകാന്തി തീയറ്റേഴ്‌സിന്റെ' ബാനറിലാണ് നാടകങ്ങളേറെയും അരങ്ങേറിയത്. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' വിവാദമാവുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചര്‍ച്ചകള്‍ കേരളത്തില്‍ ആദ്യമായി സജീവമാവുകയും ചെയ്തു. തീവ്ര ഇടതുപക്ഷ നിലപാടുണ്ടായിരുന്ന ആന്റണി കയര്‍ ഫാക്ടറി ഉടമയായിരുന്ന സോമരാജനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാക്കി ശിക്ഷിച്ചത് ഏറെ കോളിളക്കമുണ്ടാക്കി. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പ്രതിയല്ലാത്ത ആന്റണിയെ പ്രതിയാക്കിയത് വിവാദമായിരുന്നു. സെഷന്‍സ് കോടതി വിധിച്ച ആറുമാസം തടവ് ഹൈക്കോടതി ജീവപര്യന്തമായി ഉയര്‍ത്തി.പിന്നീട് സംസ്ഥാനത്താകെയുള്ള സാഹിത്യകാരന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് സര്‍ക്കാര്‍ അദ്ദേഹത്തിന് നാലുവര്‍ഷത്തിനുശേഷം ഇളവ് അനുവദിച്ച് ജയില്‍ മോചിതനാക്കി. സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കുമ്പോള്‍ രചിച്ച 'മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1992) ലഭിച്ചു. 1993 ല്‍ ജയില്‍ മോചിതനായി. ഹിറ്റ്‌ലര്‍ കഥാപാത്രമാവുന്ന 'വിശുദ്ധ പാപങ്ങള്‍', അയ്യങ്കാളി, ഭഗത് സിംഗിനെ കേന്ദ്രമാക്കി 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം', സദ്ദാം ഹുസൈനും അമേരിക്കയുടെ ഇറാഖ് അധിനിവേശവുമൊക്കെ വിഷയമാകുന്ന 'ടെററിസ്റ്റ്', പുന്നപ്രവയലാറിനെ ആസ്പദമാക്കി 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ നാടകങ്ങള്‍ അവതരിപ്പിച്ചു.

    നാടകം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഒരു മൂന്നാം തീയേറ്റര്‍ എന്ന പുതിയ തീയേറ്റര്‍ സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് ആന്റണി സൂര്യകാന്തിയുടെ നേതൃത്വത്തില്‍ 2005 നവംബറില്‍ ആലപ്പുഴയില്‍ നിന്ന് കേരളത്തിലെമ്പാടും 'അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക്' എന്ന നാടകയാത്ര സംഘടിപ്പിച്ചത്. പ്രസിദ്ധ നാടക പ്രവര്‍ത്തകനായ രാമചന്ദ്രന്‍ മൊകേരി, അരാജകവാദി എന്ന നാടകം ഒറ്റയ്ക്ക് അവതരിപ്പിച്ചുകൊണ്ടായിരുന്നു നാടകയാത്ര ഉദ്ഘാടനം ചെയ്തത്. പതിനഞ്ചോളം പേര്‍ സൈക്കിളില്‍ സഞ്ചരിച്ച് ആറുമാസം ആയിരത്തിലധികം വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. ചന്ദ്രദാസന്‍, ശശിധരന്‍ നടുവില്‍, ചാക്കോ ടി. അന്തിക്കാട്, പ്രിയനന്ദനന്‍, ടി.വി. സാംബശിവന്‍ തുടങ്ങി പലരും രചനയും സംവിധാനവും നിര്‍വഹിച്ച വലുതും ചെറുതുമായ എട്ടു നാടകങ്ങള്‍ ചിട്ടപ്പെടുത്തിയായിരുന്നു യാത്ര. പകല്‍ നേരങ്ങളില്‍ വീട്ടുമുറ്റങ്ങളില്‍, നാട്ടുവഴികളില്‍ ചെറിയ നാടകം അവതരിപ്പിച്ചു. രാത്രി ഗ്രാമാന്തരീക്ഷത്തില്‍ ഒരു മുഴുനീള നാടകം അവതരിപ്പിക്കുന്നു. നാട്ടുകാരില്‍ നിന്നു കിട്ടുന്ന ആഹാരവും ചില്ലറ സംഭാവനകളും സ്വീകരിച്ച്, അവര്‍ ഒരുക്കുന്ന സ്ഥലത്ത് ഉറങ്ങി വീണ്ടും സഞ്ചാരം. നവംബറില്‍ യാത്ര തുടങ്ങി ആറു മാസത്തിനിടയ്ക്ക് 1037 വേദിയില്‍ നാടകം അവതരിപ്പിച്ചു. ഒരൊറ്റ ദിവസം 11 നാടകം വരെ അവതരിപ്പിച്ചു.

    നാടകവേദിയുടെ പ്രതിസന്ധി മറികടക്കാന്‍ പി.എം. ആന്റണി നിര്‍ദ്ദേശിച്ച ഒരു തീയേറ്റര്‍ സങ്കല്‍പ്പമാണ് തിയേറ്റര്‍ ഗറില്ലാസ്. ഈ സങ്കല്‍പ്പമനുസരിച്ച് നാടകങ്ങളുമായി കാണികളെത്തേടി പോകണം. കെട്ടി ഉയര്‍ത്തിയ സ്‌റ്റേജ് ഒഴിവാക്കണം. സംഘാടകര്‍ ക്ഷണിക്കാന്‍ കാത്തു നില്‍ക്കരുത്. നാടക അവതരണ സ്ഥലത്ത് രൂപം കൊണ്ടുവരുന്ന സംഘാടകരെ മാത്രം ആശ്രയിക്കണം. നാടകസംഘം തന്നെ അവതരണ സ്ഥലം കണ്ടെത്തുക. ജനങ്ങളെ ആശ്രയിച്ചു മാത്രം നില്‍ക്കുന്ന ആക്റ്റിവിസ്റ്റുകളായ നാടക പ്രവര്‍ത്തകരാണ് ഇന്നത്തെ നാടക വേദിയുടെ ആവശ്യം എന്ന് പി.എം. ആന്റണി കരുതി. ഇവിടെ നാടക പ്രവര്‍ത്തകന്‍ ആക്റ്റിവിസ്റ്റാണ്. അയാള്‍ നാടകവുമായി ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലുന്നു. സ്വയം നാടകം സംഘടിപ്പിക്കുന്നു. മറ്റാരെയും കാത്തുനില്‍ക്കാതെ ജനങ്ങളെ ആശ്രയിച്ച് ജനങ്ങള്‍ക്കിടയില്‍ നിന്ന് അവര്‍ക്കുവേണ്ടി നാടകം അവതരിപ്പിക്കുന്നു. അവര്‍ക്കിടിയിലൂടെ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഇതാണ് സങ്കല്പം.

നാടകങ്ങള്‍

    രാസക്രിയ
    ഒഴുക്കിലെ ഓളങ്ങള്‍
    ഇരുട്ടിന്റെ സന്തതികള്‍
    ഗമനം
    അഗ്‌നികവാടം
    ആഗ്‌നേയാസ്ത്രം
    കടലിന്റെ മക്കള്‍
    സ്പാര്‍ട്ടക്കസ്
    അമ്മ
    ക്രിസ്തുവിന്റെ ആറാം തിരുമുറിവ്
    മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി
    വിശുദ്ധപാപങ്ങള്‍
    സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം
    അയ്യങ്കാളി
    ആന്റിഗണി
    ടെററിസ്റ്റ്
    ഇങ്ക്വിലാബിന്റെ പുത്രന്‍
    സഖാവ് സ്റ്റാലിന്‍
    അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യഅക്കാദമി അവാര്‍ഡ്‌