പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റും രാഷ്ടീയ നിരീക്ഷകനുമാണ് ഒടുങ്ങാട്ട് അബ്ദുല്ല എന്ന ഒ.അബ്ദുല്ല. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരില്‍ ഒടുങ്ങാട്ട് മോയിന്‍ മുസ്‌ലിയാര്‍-ഫാതിമ ദമ്പതികളുടെ മകനായി 1942ല്‍ ജനനം. ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, ശാന്തപുരം ഇസ്‌ലാമിയ്യ കോളജ്, ഖത്തര്‍ അല്‍ മഹ്ദുദ്ദീനി എന്നിവിടങ്ങളില്‍ പഠനം. വിശ്വപ്രസിദ്ധ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ ശിഷ്യനായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്റര്‍പ്രൈറ്റര്‍ കം അസിസ്റ്റന്റ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യ കോളജ് അധ്യാപകന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ഖത്തര്‍ ലാന്‍ഗേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവത്തിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകനും മാധ്യമം പത്രാധിപരുമായ ഒ. അബ്ദുറഹ്മാന്‍ അബ്ദുല്ലയുടെ ഇളയ സഹോദരനാണ്.
    1975ല്‍ അടിയന്തരാവസ്ഥയെതുടര്‍ന്ന് പിരിച്ചുവിട്ട ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗിന്റെ(ഐ.എസ്.എല്‍) സംസ്ഥാന ഓര്‍ഗനൈസറായിരുന്നു. ഖത്തര്‍ ഇസ്‌ലാഹിയ്യ അസോസിയേഷന്‍ സഥാപക പ്രസിഡണ്ട്, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രബോധനം വാരിക സബ് എഡിറ്ററായും മാധ്യമം ദിനപ്പത്രത്തിന്റെ എഡിറ്ററായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മാധ്യമം പത്രത്തില്‍, ജമാഅത്തെ ഇസ്ലാമിയുടെ ചില നയങ്ങള്‍ പ്രചരിപ്പിക്കാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ അദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. തേജസ് ദിനപത്രത്തില്‍ അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. മാതൃഭൂമി, ചന്ദ്രിക, തേജസ്, വര്‍ത്തമാനം എന്നീ പത്രങ്ങളിലെ കോളമിസ്റ്റാണ്.