പ്രശസ്ത നാടകകൃത്തും തെരുവു നാടക പ്രസ്ഥാനത്തിലെ കരുത്തനായ എഴുത്തുകാരനുമായിരുന്നു പി.എം. താജ് എന്ന പേരിലറിയപ്പെട്ടിരുന്ന പുതിയറ മാളിയേക്കല്‍ താജ്.
പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും മകന്‍. ജനനം 1956 ജനുവരി 3ന് കോഴിക്കോട്ട്. ഗുജറാത്തി ഹൈസ്‌കൂളിലും ഗുരുവായൂരപ്പന്‍ കോളജിലുമായി വിദ്യാഭ്യാസം. അമ്മാവന്‍ പ്രശസ്ത നാടകകൃത്തായ കെ.ടി.മുഹമ്മദ്. താജിനെ ഏറെ ശ്രദ്ധേയനാക്കിയ നാടകം അടിയന്തരാവസ്ഥയെത്തുടര്‍ന്നെഴുതിയ പെരുമ്പറ(1977)യാണ്. ഇരുപതാം വയസ്സിലെഴുതിയ ആ നാടകം അടിസ്ഥാന ജനവര്‍ഗത്തിന്റെ ആകുലതകളുടേയും പ്രതിഷേധത്തിന്റേയും വിളംബരമായിരുന്നു. കൊട്ടിയറിയിക്കാന്‍ പെരുമ്പറ കാണാഞ്ഞ് സ്വന്തം നെഞ്ചത്ത് കൊട്ടി നാടകത്തിനു തുടക്കം കുറിക്കുന്ന സൂത്രധാരനില്‍ തുടങ്ങി, ഒട്ടേറെ ധീരനൂതനപരീക്ഷണങ്ങള്‍ ഈ കന്നി നാടകത്തിലുണ്ടായിരുന്നു. തുടര്‍ന്ന് കനലാട്ടം എന്ന നാടകമെഴുതി. ബ്രെഹ്തിന്റേയും ഗ്രോട്ടോവ്‌സ്‌കിയുടേയും നാടകസങ്കേതങ്ങളോട് ആത്മബന്ധം പുലര്‍ത്തുന്ന നാടകകൃത്ത്. പെരുമ്പറയും കനലാട്ടവും സംവിധാനം ചെയ്തത് കെ.ആര്‍.മോഹന്‍ ദാസ് ആയിരുന്നു. രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പാവത്താന്‍ നാട് എന്നിവയാണ് അതിശക്തമായ താജ് നാടകങ്ങള്‍. തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല, മേരിലോറന്‍സ്, കുടിപ്പക, കണ്‍കെട്ട്, സ്വകാര്യം എന്നിവയും താജിന്റെ ശ്രദ്ധേയമായ രചനകളാണ്. രാവുണ്ണി കടക്കെണിയില്‍ കുടുങ്ങി നരകിക്കുന്നവന്റെ കഥയാണ്. മലയാളത്തിലെ കരുത്തുറ്റ രാഷ്ട്രീയ നാടകങ്ങളിലൊന്നാണിത്. പട്ടിണിയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്ന് എന്നാണ് കുടുക്ക വിളംബരം ചെയ്യുന്നത്.
 തെരുവു നാടക പ്രസ്ഥാനത്തിന്റെ ശക്തിയും സൗന്ദര്യവും മലയാള നാടകത്തില്‍ ഓജസ്സോടെ പകര്‍ത്തിയ താജിനെ നാടക നിരൂപകര്‍ 'കേരളത്തിലെ സഫ്ദര്‍ഹശ്മി' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സഫ്ദര്‍ഹശ്മിയുടെ ഒട്ടേറെ തെരുവുനാടകങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തു. പില്ക്കാലത്ത് കച്ചവട നാടകങ്ങളിലേക്കും സിനിമയിലേക്കും തിരിഞ്ഞു. ഏഴോളം പ്രൊഫഷണല്‍ നാടകങ്ങളും എഴുതി. സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, ഇതു ഭൂമിയാണ് എന്നീ നാടകങ്ങളിലൂടെ നടന്‍ എന്ന നിലയിലും താജ് തന്റെ കഴിവ് പ്രകടിപ്പിച്ചു. ഉറക്കം, ഓര്‍ക്കുന്നുവോ നമ്മള്‍, ഒഴിഞ്ഞ ചട്ടിയില്‍ ഉണരുന്ന പക തുടങ്ങിയ ചില കവിതകളും ഇദ്ദേഹം രചിച്ചു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റേയും പുരോഗമന കലാസാഹിത്യസംഘത്തിന്റേയും സജീവ പ്രവര്‍ത്തകനുമായിരുന്നു.ആഹ്വാനം, യുവധാര എന്നീ മാസികകളുടെ വര്‍ക്കിങ് എഡിറ്ററുമായിരുന്നു.1990 ജൂലായ് 29ന് മുപ്പത്തിനാലാമത്തെ വയസ്സില്‍ അന്തരിച്ചു.

നാടകങ്ങള്‍

    പെരുമ്പറ
    കനലാട്ടം
    രാവുണ്ണി
    കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം
    പാവത്താന്‍ നാട്
    തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല
    മേരിലോറന്‍സ്
    കുടിപ്പക
    കണ്‍കെട്ട്
    സ്വകാര്യം

താജ് സംഭാഷണം എഴുതിയ മലയാളം സിനിമകള്‍

    ഉയരും ഞാന്‍ നാടാകെ (1985)
    പിസി 369 (1987)

പുരസ്‌കാരങ്ങള്‍

കനലാട്ടം എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം (1979)
കുടുക്കയ്ക്ക് 1983ലെ ചെറുകാട് ശക്തി സ്മാരക അവാര്‍ഡ്‌