കവിയും സാഹിത്യകാരനും വിവര്‍ത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂര്‍ കരുണാകരന്‍.
1924 ഒക്ടോബര്‍ 8ന് കൊല്ലം താലൂക്കില്‍ അഷ്ടമുടിക്കായല്‍ത്തീരഗ്രാമമായ പെരിനാട് പി.കെ.പത്മനാഭന്റെയും എന്‍. ലക്ഷ്മിയുടെയും മകനായാണ് തിരുനല്ലൂര്‍ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. എസ്.എസ്.എല്‍.സി.ക്ക് പ്രാക്കുളം എന്‍.എസ്.എസ്. ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലും ബി.എ.യ്ക്ക് കൊല്ലം എസ്.എന്‍.കോളേജിലും പഠിച്ചു.ചരിത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം കൊല്ലം എസ്.എന്‍. കോളേജില്‍ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വര്‍ഷം ജോലി ചെയ്തു. 1954ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം.എ നേടി. ആ വര്‍ഷം തന്നെ കോളേജ് അദ്ധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവര്‍ഷം ഗവ.ആര്‍ട്‌സ് കോളേജിലും അതിനുശേഷം 1975വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975ല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായി. 1981ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു.1989 മുതല്‍ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപരായിരുന്നു. 1973ല്‍ സോവിയറ്റ് റഷ്യയില്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ അംഗമായിരുന്നു.
    മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളില്‍ പ്രമുഖനായിരുന്നു. ലളിതഗാനങ്ങള്‍, കുട്ടിക്കവിതകള്‍, നാടകഗാനങ്ങള്‍, മാര്‍ച്ചിംഗ് ഗാനങ്ങള്‍, കഥപ്രസംഗങ്ങള്‍, സംസ്‌കൃത കവിതകള്‍ തുടങ്ങി നിരവധി രചനകളുണ്ട്. കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി 'യുടെ സംസ്‌കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഉണ്ട്. ലഘുവായ ഭാവഗീതങ്ങള്‍,ദീര്‍ഘമായ ആഖ്യാനകവിതകള്‍, കുട്ടിക്കവിതകള്‍, നാടന്‍പാട്ടിന്റെ ലളിത്യമുള്ള ഗാനങ്ങള്‍,പുരാണ പുനര്‍വ്യാഖ്യാനങ്ങള്‍ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള ര!ചനകളുള്‍ക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനല്ലൂരിന്റേത്.
തത്ത്വചിന്തയിലും മാര്‍ക്‌സിസമുള്‍പ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളില്‍ വിശ്വാസം പുലര്‍ത്തി. രാമായണത്തെ പുനര്‍ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സര്‍ഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീര്‍ഘ കാവ്യത്തിന്റെ രചനയിലായിരുന്നപ്പോഴാണ് അന്ത്യമുണ്ടായത്.2006 ജൂലൈ 5 ന് ജന്മനാട്ടില്‍ വച്ചായിരുന്നു അന്ത്യം. കവിയുടെ അഭീഷ്ട പ്രകാരം മതാചാരപ്രകാരമുള്ള അന്ത്യചടങ്ങുകള്‍ ഒഴിവാക്കി.
    കവിയുടെ സ്മരണയ്ക്കായി 'തിരുനല്ലൂര്‍സ്മൃതികേന്ദ്രം' എന്ന സ്മാരകസമിതി പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും കൊല്ലത്ത് മേയ് ഒന്ന് (സാര്‍വ്വ ദേശീയ തൊഴിലാളി ദിനം) മുതല്‍ മൂന്ന് ദിവസം നീളുന്ന തിരുനല്ലൂര്‍ കാവ്യോത്സവം നടത്തിവരുന്നു.

കൃതികള്‍

    സമാഗമം
    മഞ്ഞുതുള്ളികള്‍
    സൗന്ദര്യത്തിന്റെ പടയാളികള്‍
    പ്രേമം മധുരമാണ് ധീരവുമാണ്
    രാത്രി
    റാണി
    അന്തിമയങ്ങുമ്പോള്‍(ഗാന സമാഹാരം)
    താഷ്‌കെന്റ്
    തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍
    ഗ്രീഷ്മസന്ധ്യകള്‍
    വയലാര്‍
    മലയാള ഭാഷാപരിണാമം സിദ്ധാന്തങ്ങളും വസ്തുതകളും
    ഒരു മഹായുദ്ധത്തിന്റെ പര്യവസാനം
    പുതുമഴ (കുട്ടിക്കവിതകള്‍)
    അനുസ്മരണങ്ങള്‍ (ലേഖനങ്ങള്‍)

വിവര്‍ത്തനങ്ങള്‍

    മേഘസന്ദേശം
    അഭിജ്ഞാനശാകുന്തളം
    ജിപ്‌സികള്‍.
    ഒമര്‍ഖയാമിന്റെ ഗാഥകള്‍
    പ്രാചീന ഭാരതത്തിലെ ഭൗതികവാദം

പുരസ്‌കാരങ്ങള്‍

തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ എന്ന സമാഹാരത്തിന് 1985ലെ ആശാന്‍ പുരസ്‌കാരവും 1988ലെ വയലാര്‍ അവാര്‍ഡും
ഗ്രീഷ്മ സന്ധ്യകള്‍ക്ക് മൂലൂര്‍ അവാര്‍ഡും അബുദാബി ശക്തി അവാര്‍ഡും
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുര്‍സ്‌കാരം