പ്രശസ്ത പത്രപ്രവര്‍ത്തകനും, എഴുത്തുകാരനും, സാമുഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു തെരുവത്ത് രാമന്‍. മലയാള മാധ്യമരംഗത്ത് സായാഹ്ന ദിനപ്പത്ര പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. 2009 ഒക്ടോബര്‍ 18 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി.
നെടിയിരുപ്പ് സ്വദേശിയായ രാമന്‍ തന്റെ പ്രവര്‍ത്തന തട്ടകം തിരഞ്ഞെടുത്തത് കോഴിക്കോട്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ 'പ്രദീപ'ത്തിന്റെ സ്ഥാപകപത്രാധിപരായിരുന്നു തെരുവത്ത് രാമന്‍. സാഹിത്യകാഹളം മാസികയുടെ പത്രാധിപരായിട്ടാണ് തുടക്കം. പിന്നീട് കാഹളം വാരികയുടേ പത്രാധിപരായി. സ്വാതന്ത്ര്യസമരകാലത്ത് കാഹളത്തിലെഴുതിയ ഒരു മുഖപ്രസംഗത്തിന്റെ പേരില്‍ ആറുമാസം തടവു ശിക്ഷയനുഭവിച്ചു. പത്രം കണ്ടുകെട്ടുപ്പെടുകയും ചെയ്തു. പിന്നീട് 'ഭാരതി' എന്ന ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. അതില്‍ പിന്നെയാണ് 'പ്രദീപം' എന്ന സായാഹ്നപത്രം തുടങ്ങുന്നത്. മുപ്പതുവര്‍ഷത്തിലേറെ അതിന്റെ പത്രാധിപരായിരുന്നു. കവി, സംഘാടകന്‍, യുക്തിവാദി എന്നീ രംഗങ്ങളിലും സജീവമായിരുന്നു തെരുവത്ത് രാമന്‍. പ്രസ്സ് അക്കാദമി സ്ഥാപക കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, മനുഷ്യാവകാശ ഫോറം നിര്‍വാഹക സമിതി അംഗം, ട്രഷറര്‍, എന്‍.വി. കൃഷ്ണവാര്യര്‍ ട്രസ്റ്റ്, പ്രസ് അഡ്വൈസറി കമ്മിറ്റി അംഗം, സീനിയര്‍ സിറ്റീസണ്‍ സ്ഥാപക പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം,ഓള്‍ ഇന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കൃതികള്‍

    ഓര്‍മകളുടെ നിറങ്ങള്‍ (ആത്മകഥ)
    സുപ്രഭാതം
    നെടുവീര്‍പ്പ്
    ജയ്ഹിന്ദ്
    ബുദ്ധചരിതം
    നേതാജി
    ജയപ്രകാശ്

പുരസ്‌കാരങ്ങള്‍

    കേസരി പുരസ്‌കാരം
    കൊറിയന്‍ പ്രസ് സെന്ററിന്റെ വിശിഷ്ടാംഗത്വം (1970)
    ജെയന്റ്‌സ് ഔട്ട്സ്റ്റാന്‍ഡിങ് പേഴ്‌സണാലിറ്റി അവാര്‍ഡ്