മലയാള സാഹിത്യകാരനായിരുന്നു എസ്.കെ. മാരാര്‍ (സെപ്റ്റംബര്‍ 13 1930-ഡിസംബര്‍ 18 2005).
1930 സെപ്റ്റംബര്‍ 13ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം എരമല്ലൂര്‍ എന്‍.എസ്.എസ്.സ്‌കൂളില്‍. ബാല്യം മുതല്‍ യൗവനത്തിന്റെ നല്ല ഭാഗംവരെ പാരമ്പര്യമനുസരിച്ചുളള ക്ഷേത്രോപജീവനമായിരുന്നു. പ്രധാനമായും പെരുമ്പളം ക്ഷേത്രത്തിലായിരുന്നു ജോലി. പെരുമ്പളത്തെ കലാസംഘടനകളിലും വായനശാലകളിലുമുളള പ്രവര്‍ത്തനങ്ങളിലും നാടകാഭിനയത്തിലും കൂടിയാണ് സാംസ്‌കാരികരംഗത്തേക്കു വന്നത്. കവിത, ഉപന്യാസം, ഹിന്ദിയില്‍നിന്നുളള വിവര്‍ത്തനം തുടങ്ങിയവയിലൂടെയാണ് സാഹിത്യത്തിലേക്കു കടന്നത്. 'കേരളദ്ധ്വനി'നടത്തിയ കഥാമത്സരത്തില്‍ സമ്മാനം ലഭിച്ചു. പല സാഹിത്യ സംഘടനകളിലും സാരഥ്യം വഹിച്ചിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡിലും എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു. 1971ല്‍ ജെ.ഡി.തോട്ടാന്‍ സംവിധാനം ചെയ്ത വിവാഹ സമ്മാനം എന്ന ചലച്ചിത്രത്തിന് കഥയെഴുതി. തൊട്ടയില്‍ ശങ്കരമാരാരും ശ്രീപാര്‍വ്വതിഅമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ: പി. ജഗദമ്മ മക്കള്‍: മിനി, ശ്രീരഞ്ജന്‍, ജയന്‍. 2005 ഡിസംബര്‍ 18ന് നിര്യാതനായി.

കൃതികള്‍

    പഞ്ചാരി
    അനുയാത്ര
    അഞ്ജനശില
    പെരുംതൃക്കോവില്‍
    ശരപ്പൊളിമാല
    ശ്രീവാഴും കോവില്‍
    കച്ചത്തോര്‍ത്ത്

പുരസ്‌കാരങ്ങള്‍

    2002ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം