പ്രശസ്തനായ മലയാള ഗദ്യസാഹിത്യകാരനും ഭാഷാ വിദഗ്ദ്ധനുമാണ് എഴുമറ്റൂര്‍ രാജരാജവര്‍മ്മ(ജനനം : 20 മേയ് 1953). കവിത, ശാസ്ത്രം, വിമര്‍ശനം, പഠനം, ബാലസാഹിത്യം, ജീവചരിത്രം, നവസാക്ഷര സാഹിത്യം എന്നിങ്ങനെ വിവിധശാഖകളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തി.
പത്തനംതിട്ട ജില്ലയില്‍ മുല്ലപ്പളളി താലൂക്കിലെ എഴുമറ്റൂര്‍ ഗ്രാമത്തില്‍ ചെങ്ങഴശ്ശേരി കോയിക്കലില്‍ പി.ആര്‍. ഉദയവര്‍മ്മയുടെയും സി.കെ. രുഗ്മിണിത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. എഴുമറ്റൂര്‍ ഗവ.ഹൈസ്‌കൂള്‍, വായ്പൂര് എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, ചേര്‍ത്തല എന്‍.എസ്.എസ്. കോളേജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, തിരുവനന്തപുരം ഗവ. ലാകോളെജ്, വിദ്യാധിരാജാ പോസ്റ്റ് ഗ്രാഡ്വേറ്റ് സ്റ്റഡി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രസതന്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍. സാമൂഹിക ശാസ്ത്രത്തിലും മലയാളസാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങള്‍. 'പ്രാചീന കേരള കവികളെക്കുറിച്ചുളള ഐതിഹ്യങ്ങളും അവയുടെ സാഹിത്യ വിമര്‍ശനമൂല്യവും' എന്ന ഗവേഷണ പ്രബന്ധത്തിന് കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ബിരുദം. 1985 മുതല്‍ 'സര്‍വവിജ്ഞാനകോശം' പത്രാധിപസമിതി അംഗമായിരുന്നു.

കൃതികള്‍

    സൈകതഭൂവില്‍
    വിലാപകാവ്യ പ്രസ്ഥാനം
    ഭാരതീയ സാഹിത്യം
    വിശ്വസാഹിത്യം
    നമസ്‌കാരം നമസ്‌കാരമേ
    ബല്ലാലകവിയുടെ ഭോജപ്രബന്ധം
    പടയണിപ്പാട്ടും നതോന്നതയും മറ്റും
    എന്‍.കൃഷ്ണപിളള
    മനസ്സിന്റെ വിശപ്പും മലയാളത്തിന്റെ രുചിയും
    നിധിദ്വീപ്
    ഗളിവറുടെ സഞ്ചാരങ്ങള്‍
    കവികളും കഥകളും
    ശിശുഗീതങ്ങള്‍
    ശരീരരസതന്ത്രം
    വെളിച്ചത്തിലേക്ക്
    ഓണത്തിന്റെ കഥ
    നാടന്‍പാട്ടിന്റെ കൂടെ
    ഒളിയെനോക്കി

പുരസ്‌കാരങ്ങള്‍
    എന്‍. കൃഷ്ണപിളള എന്ന കൃതിക്ക് നല്ല ജീവചരിത്രത്തിനുളള പി.കെ. പരമേശ്വരന്‍നായര്‍ അവാര്‍ഡ്