കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ് മഠത്തില്‍ വാസുദേവന്‍ എന്ന എം. വി. ദേവന്‍ (15 ജനുവരി 1928 – 29 ഏപ്രില്‍ 2014). ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുമ്പന്‍. പ്രമുഖനായ വാസ്തുശില്പി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടര്‍.തലശ്ശേരിക്കടൂത്ത് പന്ന്യന്നൂര്‍ഗ്രാമത്തിലാണ് ദേവന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1946ല്‍ മദ്രാസില്‍ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സില്‍ ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കര്‍ തുടങ്ങിയവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. ഇവര്‍ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും സ്വാധീനിച്ചു. എം. ഗോവിന്ദനുമായി പരിചയപ്പെട്ടത് എം.വി. ദേവന്റെ ജീവിത വീക്ഷണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി.
മദ്രാസില്‍ നിന്ന് തിരിച്ചുവന്ന അദ്ദേഹം മാതൃഭൂമി ദിനപത്രത്തില്‍ മുഴുവന്‍ സമയ ചിത്രകാരനായി. 1952 മുതല്‍ 1961 വരെ മാതൃഭൂമിയില്‍. അതിനുശേഷം മദ്രാസില്‍ തിരിച്ചുപോയി 'സതേണ്‍ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്' എന്ന സ്ഥാപനത്തില്‍ കലാ ഉപദേഷ്ടാവായി. ഇവിടെ 1961 മുതല്‍ 1962 വരെ ജോലിചെയ്തു.
മദ്രാസ് ലളിതകലാ അക്കാദമി (1962 മുതല്‍ 1968 വരെ), ന്യൂഡെല്‍ഹി ലളിതകലാ അക്കാദമി (1966 മുതല്‍ 1968 വരെ), എഫ്.എ.സി.ടി. (കലാ ഉപദേഷ്ടാവായി, 1968 മുതല്‍ 1972 വരെ) എന്നിവിടങ്ങളില്‍ സര്‍ഗ്ഗ സപര്യ തുടര്‍ന്നു. 1974 മുതല്‍ 1977 വരെ കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു.കൊല്ലം നെഹറു പാര്‍ക്കിലെ അമ്മയും കുഞ്ഞും എന്ന പൂര്‍ണ്ണകായ ശില്പം നിര്‍മ്മിച്ചത് ദേവന്‍ ആണ്.
പെരുന്തച്ചന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് ദേവന്‍. കേരള കലാപീഠത്തിന്റെ സ്ഥാപകനാണ് ദേവന്‍. നവശക്തി, ഗോപുരം, സമീക്ഷ, കേരള കവിത, ജ്വാല എന്നീ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

ഭാര്യ:ശ്രീദേവി മക്കള്‍:     ജമീല, ശാലിനി.

 കൃതികള്‍

    ദേവസ്പന്ദനം
    ദേവയാനം
    സ്വാതന്ത്ര്യം കൊണ്ട് നാം എന്തു ചെയ്തു

പുരസ്‌കാരം

    രാജാരവിവര്‍മ പുരസ്‌കാരം
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ദേവസ്പന്ദനം എന്ന കൃതിക്ക് (2001)
    വയലാര്‍ അവാര്‍ഡ് (1999)
    ചെന്നൈ റീജ്യണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ് (1985)
    ക്രിട്ടിക്‌സ് അവാര്‍ഡ് (1992)
    കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് (1985)
    എം.കെ.കെ. നായര്‍ അവാര്‍ഡ് (1994)
    2001 ല്‍ മാതൃഭൂമി സാഹിത്യപുരസ്‌കാരം (2001)
    മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി(2001)