മഹാകവിത്രയത്തിന്റെ കാലഘട്ടത്തെതുടര്‍ന്നു വന്ന കവികളില്‍ പ്രമുഖയാണ് മുതുകുളം പാര്‍വ്വതി അമ്മ. ജനനം ആലപ്പുഴ ജില്ലയിലെ മുതുകുളം തട്ടയ്ക്കാട്ടുശ്ശേരിയില്‍ 1904ജനുവരി 28നു. രാമപ്പണിയ്ക്കരുടേയും വെളുമ്പിയമ്മയുടേയും മകള്‍.മുതുകുളത്തെ കൃഷ്ണന്‍ നായര്‍ ആശാന്റെ കീഴില്‍ ബാലപാഠങ്ങള്‍ അഭ്യസിച്ചു. തുടര്‍ന്ന് കീരിക്കാട്ട് വി.എം.ജി സ്‌കൂളിലും കൊല്ലത്തെ വി.എച്ച് സ്‌കൂളിലുമായി വിദ്യാഭ്യാസം. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നു വിദ്വാന്‍ പരീക്ഷയും വിശാരദും ജയിച്ച ശേഷം അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.വിദ്യാഭ്യാസ കാലത്തുതന്നെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചു.പാര്‍വ്വതിയമ്മയുടെ ആദ്യകൃതി 'യഥാര്‍ത്ഥ ജീവിതം'ടി.സി.കല്യാണിയമ്മയുടെ ശാരദ എന്ന വനിതാമാസികയിലാണ് പ്രസിദ്ധികരിച്ചത്. ഉദയപ്രഭ എന്ന പേരിലുള്ള ആദ്യകവിതാസമാഹാരത്തിനു ഉള്ളൂരാണ് അവതാരിക എഴുതിയത്.കുമാരനാശാന്റെ അപൂര്‍ണ്ണകൃതിയായ ബുദ്ധചരിതം എഴുതിപ്പൂര്‍ത്തിയാക്കിയത് പാര്‍വ്വതിയമ്മയാണ്.ഖണ്ഡകാവ്യം, ലഘു കവനങ്ങള്‍, നാടകം, കഥ, ജീവചരിത്രം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 19 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവര്‍ത്തനത്തിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

പ്രധാനകൃതികള്‍

ഒരു വിലാപം,
ശ്രീചിത്തിര മഹാരാജ വിജയം
മാതൃ വിലാപം
അശ്രു കുടീരം (ഖണ്ഡകാവ്യങ്ങള്‍)
ഉദയപ്രഭ
ഗാനാഞ്ജലി
ഗാനദേവത
പൂക്കാരി (കവിതാ സമാഹാരങ്ങള്‍)
ഭുവനദീപിക
അഹല്യ
സേവ് ഇന്ത്യ
ധര്‍മ്മ ബലി (നാടകങ്ങള്‍)
കര്‍മ്മഫലം
കഥാമഞ്ജരി (കഥകള്‍)
ശ്രീനാരായണ മാര്‍ഗ്ഗം
രണ്ടു ദേവതകള്‍ (ജീവചരിത്രം)
ശ്രീബുദ്ധചരിതംഉത്തരാര്‍ദ്ധം
ശ്രീമദ് ഭഗവദ് ഗീത
ഭാരതീയ വനിതകള്‍ (വിവര്‍ത്തനങ്ങള്‍)