പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എം.പി. ശങ്കുണ്ണി നായര്‍ (1917-മാര്‍ച്ച് 4 2006). വൈവിദ്ധ്യമേറിയ വിജ്ഞാനമേഖലകളില്‍ അപാരമായ അറിവുണ്ടായിയിരുന്ന ആളാണ്. നരവംശശാസ്ത്രം മുതലായ വിജ്ഞാന മേഖലകളെ വിമര്‍ശനസാഹിത്യത്തില്‍ കൊണ്ടുവന്ന നിരൂപകന്‍.പൂതപ്പാട്ടിനെപ്പറ്റിയുള്ള പഠനം ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു. മൗലികമായ കണ്ടെത്തലുകള്‍ കൊണ്ട് സമൃദ്ധമായ എം.പി. ശങ്കുണ്ണി നായരുടെ പ്രബന്ധങ്ങള്‍ അന്യാദൃശമായ ഗഹനതയും ആധികാരികതയുമുള്ളതാണ്.1917മാര്‍ച്ച് 4ന് പാലക്കാട് പട്ടാമ്പിക്കടുത്തുള്ള മേഴത്തൂരില്‍ ജനിച്ചു. മങ്ങാട്ടുപുത്തന്‍ വീടായിരുന്നു തറവാട്. പട്ടാമ്പി സംസ്‌കൃത പാഠശാലയില്‍ വിദ്യാഭ്യാസം. പാവറട്ടി സംസ്‌കൃത കോളേജിലും മദിരാശി പച്ചയ്യപ്പാസ് കോളേജിലും അദ്ധ്യാപനായിരുന്നു. 1985ല്‍ വിരമിച്ചു. സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ് മുതലായ ഭാഷകളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതിയായ ഭനാട്യമണ്ഡപം', നാടകകലയിലും നാട്യശാസ്ത്രത്തിലുമുള്ള അഗാധമായ പാണ്ഡിത്യം കാണിക്കുന്നു. 'ഛത്രവും ചാമരവും' എന്ന കൃതി കാളിദാസകവിതയെപ്പറ്റിയുള്ള നിരവധി മൗലികനിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു.കാവ്യവ്യുല്പത്തി എന്ന നിരൂപണ കൃതി കണ്ണീര്‍പ്പാടം,പൂതപ്പാട്ട് മുതലായ കൃതികളെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങളായിരുന്നു. മനശ്ശസ്ത്രം, നരവംശശാസ്ത്രം, നവീന നിരൂപണതത്വങ്ങള്‍ എന്നിവയെ വിമര്‍ശനത്തിന്റെ മണ്ഡലത്തില്‍ വിജയകരമായി സമന്വയിപ്പിച്ചു.2006ല്‍ അന്തരിച്ചു. അവിവാഹിതനായിരുന്നു.

കൃതികള്‍

കാളിദാസ നാടക വിമര്‍ശം (സംസ്‌കൃതം),
കത്തുന്ന ചക്രം (1986)
അഭിനവ പ്രതിഭ (1989)
നാടകീയാനുഭവം എന്ന രസം (1989)
ഛത്രവും ചാമരവും

പുരസ്‌കാരങ്ങള്‍:
കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, ഓടക്കുഴല്‍ അവാര്‍ഡ് മുതലായ പുരസ്‌കാരങ്ങള്‍