നീലകണ്ഠപിള്ളയുടേയും കാര്‍ത്യാനിപിള്ള അമ്മയുടേയും മകനായി 1911 ജൂണ്‍ 24ന് കൊല്ലം ജില്ലയിലെ ശൂരനാടില്‍ പായിക്കാട്ട് വീട്ടില്‍ പി.എന്‍. കുഞ്ഞന്‍ പിള്ള ജനിച്ചു.[ തേവലക്കര മലയാളം സ്‌കൂള്‍, ചവറ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും മാസ്റ്റര്‍ ബിരുദം. പുരാവസ്തുഗവേഷണത്തിലും പഠനം.
തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ ഇംഗ്ലീഷ് ഭാഷാദ്ധ്യാപകനായാണ് കുഞ്ഞന്‍പിള്ളയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1971 സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ കേരള സര്‍വകലാശാലയുടെ മലയാളം നിഘണ്ടുവിന്റെ മുഖ്യപത്രാധിപരായിരുന്നു. ടെക്സ്റ്റ് ബുക്ക് കമ്മറ്റിയുടെ സെക്രട്ടറി, ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ അസിസ്റ്റന്റ്, വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറി, കേരള സര്‍വകലാശാലയുടെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഓണററി ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റെക്കോര്‍ഡ്‌സ് കമ്മീഷന്‍, ഫാക്കല്‍റ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസ്, കേരള സര്‍വകലാശാല എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചു. കേരള ആര്‍കൈവ്‌സ് ന്യൂസ് ലെറ്റര്‍ ബോര്‍ഡിന്റെ പത്രാധിപര്‍, നവസാഹിതി ബയോഗ്രാഫിക്കല്‍ എന്‍സൈക്ലോപീഡിയയുടെ മുഖ്യ ഉപദേഷ്ടാവ് എന്നീ നിലകളിലും ജോലിചെയ്തു. കേരള സര്‍വകലാശാലയുടെ പി.എച്ച്.ഡി ഇവാല്യൂഷന്‍ ബോര്‍ഡ് അംഗം, സാഹിത്യ പരിഷത് അദ്ധ്യക്ഷന്‍, കേന്ദ്രസാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, ഹിസ്റ്ററി അസോസിയേഷന്‍ അംഗം, കാന്‍ഫെഡ് അദ്ധ്യക്ഷന്‍, ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയുടെ പത്രാധിപര്‍, ആദ്യ ജ്ഞാനപീഠ അവാര്‍ഡ് കമ്മറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ബഹുമുഖ പ്രതിഭയായിരുന്നു ശൂരനാട് കുഞ്ഞന്‍പിള്ള. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ അദ്ദേഹം ഗ്രന്ഥരചന നടത്തി. ഹിന്ദിയിലും തമിഴിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആദ്യ കൃതി 'ശ്മശാനദീപം' (കവിതാസമാഹാരം) 1925 ല്‍ പ്രസിദ്ധീകരിച്ചു. 150 ലധികം ഹൈസ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അദ്ദേഹം തയ്യാറാക്കി. ആയിരത്തിലധികം അവതാരികകള്‍ എഴുതി. കേരള സര്‍വകലാശഅലയുടെ മലയാം ലെക്‌സിക്കന്റെ ആദ്യ എഡിറ്ററായിരുന്നു.
പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ: രാജശേഖരന്‍ നായരെക്കൂടാതെ അദ്ദേഹത്തിനു മൂന്നു പെണ്മക്കളുമുണ്ട്.

കൃതികള്‍

ശ്മശാനദീപം (കവിതാസമാഹാരം) 1930
അമ്പാ ദേവി (നോവല്‍) 1930
കല്ല്യാണ സൗധം (നോവല്‍) 1936
ഹൃദയാര്‍പ്പണം (കവിതാസമാഹാരം) 1971
സൗരഭന്‍ (കഥകള്‍)1947
പഞ്ചതന്ത്രകഥമണികള്‍ (കഥകള്‍)
പ്രാചീനകേരളം (ജീവചരിത്രങ്ങള്‍)1931
വീരരാഘവശാസനം (ജീവചരിത്രം) 1954
തിരുവതാംകൂറിലെ മഹാന്മാര്‍ (ജീവചരിത്രങ്ങള്‍) 1946
സ്വാതി തിരുന്നാള്‍ മഹാരാജ (ജീവചരിത്രം) (ഇംഗ്ലീഷ്)
യാത്രക്കാരുടെ കണ്ണിലെ മലബാര്‍, 1940
സാഹിത്യഭൂഷണം (പ്രബന്ധ സമാഹാരം)
കൈരളി പൂജ (പ്രബന്ധ സമാഹാരം) 1962
പുഷ്പാഞ്ജലി (പ്രബന്ധ സമാഹാരം) 1957
മാതൃപൂജ (പ്രബന്ധ സമാഹാരം) 1954
കൈരളി സമക്ഷം (സാഹിത്യ നിരൂപണം)1979
ഭരതപൂജ, 1983
ഭാഷാദീപിക, 1955
ജീവിതകല, 1939
കൃഷി ശാസ്ത്രം
തിരുമുല്‍കാഴ്ച, 1938
തിരുവിതാംകൂര്‍  കൊച്ചി ചരിത്ര കഥകള്‍, 1932
മലയാള ലിപി പരിഷ്‌കാരം ചില നിര്‍ദ്ദേശങ്ങള്‍, 1967
ശ്രീ ശങ്കരാചാര്യര്‍ (ജീവചരിത്രം) 1945
ഹൃദയാരാമം, 1966

പുരസ്‌കാരങ്ങള്‍

കൊച്ചി മഹാരാജാവിന്റെ ‘സാഹിത്യ നിപുണന്‍’
1984 ല്‍ ഭാരത സര്‍ക്കാരിന്റെ പത്മശ്രീ
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
ഹിസ്റ്ററി അസോസിയേഷന്‍ ഫെലോ
1991 ല്‍ മീററ്റ് സര്‍വകലാശാലയുടെയും 1992 ല്‍ കേരള സര്‍വകലാശാലയുടെയും ഡി.ലിറ്റ്
1992 ല്‍ വള്ളത്തോള്‍ പുരസ്‌കാരം
1994 ല്‍ കേരള സര്‍ക്കാരിന്റെ ആദ്യ എഴുത്തച്ഛന്‍ പുരസ്‌കാരം