നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ യൂറോപ്പില്‍ ശ്രദ്ധേയനായിരുന്നു സാമുവല്‍ ബെക്കറ്റ്. (ജനനം: 1906 ഏപ്രില്‍ 13 മരണം 1989 ഡിസംബര്‍ 22) ഐറിഷ് 969ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരത്തിനര്‍ഹനായി. അയര്‍ലന്‍ഡിലെ ഡബ്ലിനിലാണ് സാമുവല്‍ ബെക്കറ്റ് ജനിച്ചത്. ചെറുപ്പകാലത്ത് ക്രിക്കറ്റ് കളിയോടായിരുന്നു കമ്പം. ഡബ്ലിന്‍ സര്‍വ്വകലാശാലാ ടീമില്‍ കളിച്ചിട്ടുള്ള ബെക്കറ്റ് ഇംഗ്ലീഷ് കൗണ്ടി ക്ലബായ നോര്‍ത്താംപ്ടണ്‍ഷെയറിനെതിരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ബൈബിള്‍ എന്നു വിശേഷിക്കപ്പെടുന്ന വിസ്ഡന്‍ മാസികയില്‍ ഇടംനേടിയ ഏക നോബല്‍ ജേതാവും ഇദ്ദേഹമാണ്.
പ്രശസ്തമായ ട്രിനിറ്റി കോളജില്‍നിന്ന് ഫ്രഞ്ചും ഇറ്റാലിയനും പഠിച്ച് 1927ല്‍ ബിരുദം സമ്പാദിച്ചു. കുറച്ചുകാലം ബെല്‍ഫാസ്റ്റിലും തുടര്‍ന്ന് പാരീസിലും അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടു. പാരീസില്‍ വച്ച് ജയിംസ് ജോയ്‌സിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയാവുകയും ചെയ്തു. ഈ പരിചയമാണ് സാഹിത്യജീവിതത്തെ പരിപോഷിപ്പിച്ചത്. 1929ല്‍ ബെക്കറ്റിന്റെ ആദ്യ സാഹിത്യരചന പുറത്തുവന്നു. ജയിംസ് ജോയ്‌സിന്റെ കൃതികളെപ്പറ്റിയുള്ള പഠനമായിരുന്ന് അത്. എന്നാല്‍, ജോയ്‌സിന്റെ മകളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ ഇവര്‍ തമ്മിലുള്ള ബന്ധം വഷളായി.
1930ല്‍ പാരീസ് വിട്ട് ലണ്ടനില്‍ തിരിച്ചെത്തി ട്രിനിറ്റി കോളജില്‍ അദ്ധ്യാപകനായി ചേര്‍ന്നെങ്കിലും താമസിയാതെ രാജിവച്ചു. 1931ല്‍ മാഴ്‌സല്‍ പ്രൂസ്റ്റിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചതോടെ ബെക്കറ്റ് സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. വിഷാദരോഗത്തിനടിമയായ ബെക്കറ്റിനെ 1935 മുതല്‍ 36വരെ മനോരോഗ ചികിത്സയ്ക്കു വിധേയനാക്കി.
1937ല്‍ വീണ്ടും പാരീസിലെത്തി. 1938ല്‍ ആത്മകഥാംശമുള്ള മര്‍ഫി എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. രണ്ടാം ലോക മഹായുദ്ധശേഷം എഴുത്ത് ഫ്രഞ്ചിലാക്കി. 1953ല്‍ പാരിസിലും 1955 ല്‍ലണ്ടനിലും ‘ഗോദോയെ കാത്ത്’ അവതരിപ്പിക്കപ്പെട്ടു. അതുവരെയും നിലവിലിരുന്ന നാടകവുമായി ബന്ധപ്പെട്ട എല്ലാ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെയും ഈ കൃതി തകിടം മറിച്ചു. വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് 1952ല്‍ പ്രസിദ്ധീകരിച്ച ഗോദോയെ കാത്ത് (വെയിറ്റിംഗ് ഫോര്‍ ഗോദോ) എന്ന നാടകമാണ് ലോകപ്രശസ്തനാക്കിയത്. ഫ്രഞ്ചില്‍ രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്.