കവയിത്രിയായിരുന്നു സിസ്റ്റര്‍ മേരി ബനീഞ്ജ അഥവാ മേരി ജോണ്‍ തോട്ടം. ജനനം 1899 നവംബര്‍ 6ന് ഏറണാകുളം ജില്ലയിലെ ഇലഞ്ഞി തോട്ടം കുടുംബത്തില്‍.  ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരില്‍ മറിയാമ്മയുടേയും മകള്‍. ആശാന്‍ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്‌കൂളിലും, മൂത്തോലി കോണ്‍വെന്റ് സ്‌കൂളിലും പഠിച്ചു.  വടക്കന്‍ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപികയായി. രണ്ട് വര്‍ഷത്തിനുശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്‌കൂളില്‍ ചേരുകയും മലയാളം ഹയര്‍ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കന്‍ പറവൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അദ്ധ്യാപിക. 1922ല്‍ കുറുവിലങ്ങാട് കോണ്‍വെന്റ് മിഡില്‍ സ്‌കൂളില്‍ അദ്ധ്യാപികയും പ്രഥമാധ്യാപികയും. 1928 ജൂലൈ 16 ന് കര്‍മ്മലീത്ത സന്യാസിനി സഭയില്‍ അംഗമായി. 'സിസ്റ്റര്‍ മേരി ബനീഞ്ജ' എന്ന പേര് സ്വീകരിച്ചു. 1985 മെയ് 21ന് നിര്യാതയായി.
'ഗീതാവലി' എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927ല്‍ പ്രസിദ്ധീകരിച്ചതോടെ കവയിത്രി എന്ന നിലയില്‍ അംഗീകാരം ലഭിച്ചു.സന്ന്യാസി മഠത്തില്‍ ചേരുന്നതിന് മുന്‍പായി രചിച്ച 'ലോകമേ യാത്ര' എന്ന കവിത പ്രസിദ്ധമാണ്. 1971ല്‍ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാര്‍പാപ്പ 'ബെനേമെരേന്തി' എന്ന ബഹുമതി നല്‍കി. കേരള കത്തോലിക്ക അല്‍മായ അസോസിയേഷന്‍ 1981 ചെപ്പേട് നല്‍കിയും സിസ്റ്റര്‍ മേരി ബനീഞ്ജയെ ആദരിച്ചു.

കൃതികള്‍

ഗീതാവലി
ലോകമേ യാത്ര
കവിതാരാമം
ഈശപ്രസാദം
ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണകള്‍
വിധി വൈഭവം
ആത്മാവിന്റെ സ്‌നേഹഗീത
അദ്ധ്യാത്മിക ഗീത
മാഗ്ഗി
മധുമഞ്ജരി
ഭാരത മഹാലക്ഷ്മി
കവനമേള
മാര്‍ത്തോമാ വിജയം (മഹാകാവ്യം)
കരയുന്ന കവിതകള്‍
ഗാന്ധിജയന്തി (മഹാകാവ്യം)
അമൃതധാര

പുരസ്‌കാരങ്ങള്‍

സാഹിത്യ സംഭാവനകള്‍ക്കായി മാര്‍പാപ്പ നല്കിയ 'ബെനേമെരേന്തി' ബഹുമതി
'ഹാന്‍ഡ് ബുക്ക് ഓഫ് ട്വന്റിയത്ത് സെഞ്ചുറി ലിറ്ററേചേഴ്‌സ് ഓഫ് ഇന്‍ഡ്യ' എന്ന ഗ്രന്ഥത്തില്‍     ഇരുപതാം നൂറ്റാണ്ടിലെ മലയാളസാഹിത്യത്തിലെ പ്രമുഖരില്‍ ഒരാളായി അംഗീകാരം.