കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കളില്‍ പ്രമുഖയും സാമൂഹിക, സ്ത്രീസംരക്ഷണ പ്രവര്‍ത്തകയുമാണ് അജിത. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്.
1950 ഏപ്രിലില്‍ കോഴിക്കോട്ട് ജനിച്ചു. അച്ഛന്‍ കുന്നിക്കല്‍ നാരായണനും അമ്മ മന്ദാകിനിയും ആദ്യകാല വിപ്ലവ പ്രവര്‍ത്തകരായിരുന്നു. അജിത കുട്ടിക്കാലം മുതലേ ഇടതുപക്ഷ രാഷ്ടീയത്തില്‍ ആകൃഷ്ടയായിരുന്നു. അച്ഛന്‍ കുന്നിക്കല്‍ നാരായണനായിരുന്നു അജിതയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനും ഗുരുവും വഴികാട്ടിയും. കുന്നിക്കല്‍ നാരായണന്‍ 1979ല്‍ മരിച്ചു. അമ്മ മന്ദാകിനി ഗുജറാത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. മന്ദാകിനി ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ആകൃഷ്ടയാവുകയും നിരീശ്വരവാദം മതമായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇടതുപക്ഷ പ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ കുന്നിക്കല്‍ നാരായണനെ വിവാഹം കഴിച്ചു. കോഴിക്കോട് അച്യുതന്‍ ഗേള്‍സ് ഹൈ സ്‌കൂളിലായിരുന്നു അജിതയുടെ പ്രാഥമിക വിദ്യാഭ്യാസം. 1964 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ സഹപാഠികളെ ഒരുമിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വെട്ടിക്കുറച്ചതിനെതിരെ ജാഥ നടത്തി.പ്രീഡിഗ്രി വിദ്യാഭ്യാസകാലത്തു തന്നെ പിതാവ് പിന്തുടര്‍ന്ന വഴി അജിതയും തിരഞ്ഞെടുത്തു. 1960 കളുടെ അവസാനത്തില്‍ അജിത നക്‌സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായി. തലശ്ശേരി-പുല്‍പ്പള്ളി 'ആക്ഷനുകള്‍' നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നു അജിത. കുന്നിക്കല്‍ നാരായണന്റെയും അജിതയുടെയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍ രൂപംകൊണ്ട നക്‌സലൈറ്റ് ഗ്രൂപ്പ്, ചാരുമജൂംദാറുടെ 'ഉന്മൂലന'സിദ്ധാന്തത്തോട് വിയോജിച്ചു. സാമ്രാജ്യത്വത്തിന്റെയും ഭരണകൂടത്തിന്റെയും മര്‍ദ്ദനോപകരണമായ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയെന്ന നയമാണ് അവര്‍ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുല്‍പ്പള്ളി സ്റ്റേഷനുകള്‍ക്കെതിരെ ആക്രമണം നടത്തിയത്. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനാക്രമണകേസില്‍ അറസ്റ്റു ചെയ്യപ്പെടുമ്പോള്‍, അജിത കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. ഈ കേസില്‍ അജിത ഉള്‍പ്പെടെ 13 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1968 മുതല്‍ 72 വരെ ജയില്‍വാസമനുഭവിച്ചു. പുല്‍പ്പള്ളി നക്‌സല്‍ ആക്ഷനില്‍ അജിത പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച് ഇന്‍സ്‌പെക്ടറുടെ കൈ വെട്ടിയ കേസില്‍ പ്രതിയാണ്. പോലീസ് സ്റ്റേഷനില്‍ വെച്ച് അജിത കൊടിയ മര്‍ദ്ദനത്തിന് ഇരയായി. അജിതയുടെ അറസ്റ്റ് കേരളത്തെ കോളിളക്കം കൊള്ളിച്ചു. പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ അഴികളില്‍ പിടിച്ചുനില്‍ക്കുന്ന അജിതയുടെ ചിത്രം കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പോസ്റ്റര്‍ ചിത്രമാണ്. ഒരു മനോരമ പത്ര ഫോട്ടോഗ്രാഫര്‍ പോലീസുകാരെ കബളിപ്പിച്ച് അജിതയുടെ ലോക്കപ്പിലെ ചിത്രം എടുത്തതാണ് അത്. ആ ചിത്രം കാരണമാണ് അജിതയെ അറസ്റ്റ് ചെയ്ത വിവരം പോലീസിന് സമ്മതിക്കേണ്ടിവന്നതെന്നും അല്ലെങ്കില്‍ അജിത ആരോരുമറിയാതെ കൊല്ലപ്പെടുമായിരുന്നു എന്നും ആ മനോരമ ഫോട്ടോഗ്രാഫര്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നു. ജയില്‍മോചിതയായശേഷം കലാകൗമുദി വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകള്‍ പിന്നീട് 'ഓര്‍മക്കുറിപ്പുകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ അജിതയുടെ ആത്മകഥയ്ക്ക് ശ്രദ്ധേയമായ സ്ഥാനം നേടാന്‍ കഴിഞ്ഞു. ജീവിത പങ്കാളി:    ടി.പി.യാക്കൂബ്
മകള്‍: ഗാര്‍ഗി