ശ്രദ്ധേയനായ എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരന്‍ (1925 ജൂലൈ-1985 ജൂണ്‍ 5). കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നവയാണ് മിക്ക കഥകളും. കോഴിക്കോട്ട് പിയേഴ്‌സ് ലെസ്‌ളി കമ്പനിയില്‍ മാനേജരായി നിയമിതനായ പട്ടത്തുവിള കരുണാകരന് നഗരത്തില്‍ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയന്‍, കാര്‍ട്ടൂണിസ്റ്റും സംവിധായകനുമായ അരവിന്ദന്‍ തുടങ്ങിയവര്‍. ചലച്ചിത്രരംഗത്തെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരന്‍ നിര്‍മ്മാതാവും തിക്കോടിയന്‍ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകന്‍ അരവിന്ദനായിരുന്നു. ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയില്‍ നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായനം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു.
കാല്ലത്ത് പട്ടത്തുവിള കുടുംബത്തില്‍ ജനിച്ചു. പിതാവ് കൊച്ചുകുഞ്ഞ്,മാതാവ് കൊച്ചുകുഞ്ചാളി.ക്രേവന്‍ ഹൈസ്‌ക്കൂളില്‍ വിദ്യാഭ്യാസത്തിനു ശേഷം മദിരാശി പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു.നിയമ പഠനം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. കുറച്ചുകാലം കേരളകൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.ന്യൂയോര്‍ക്കിലെ സിറാക്യൂസ് കോളേജില്‍ നിന്ന് എം.ബി.എ. ബിരുദം നേടി.ഭാര്യ സാറ.മക്കള്‍ അനിത,അനുരാധ.1985 ജൂണ്‍ 5 ന് അന്തരിച്ചു.

കൃതികള്‍

ബൂര്‍ഷ്വാ സ്‌നേഹിതന്‍
മുനി
കണ്ണേ മടങ്ങുക
സത്യാന്വേഷണം
നട്ടെല്ലുകളുടെ ജീവിതം
ബലി
കഥ-പട്ടത്തുവിള
പട്ടത്തുവിളയുടെ കഥകള്‍

പുരസ്‌കാരങ്ങള്‍

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് -മുനി
ചലച്ചിത്ര കേന്ദ്ര അവാര്‍ഡ്(ഉത്തരായനം)