1956 ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്കു സമീപം മടവൂര്‍ പുനത്തുംകുഴിയില്‍ പരേതനായ റിട്ട. അധ്യാപകന്‍ അബൂബക്കര്‍ കോയയുടെയും ഹലീമയുടെയും മകനായി ജനിച്ചു.
ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരള കോ ഓഡിനേറ്ററും ആണ്.
മടവൂര്‍ എയുപി സ്‌കൂള്‍, കൊടുവള്ളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഫാറൂഖ് റൌളത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് 1977ല്‍ ഒന്നാം റാങ്കോടെ അഫ്‌സലുല്‍ ഉലമാ ബിരുദം. 1980 85ല്‍ മക്ക ഉമ്മുല്‍ഖുറാ സര്‍വകലാശാലയില്‍നിന്ന് ഇസ്ലാമിക പഠനത്തില്‍ ഉന്നതബിരുദം. 1988ല്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് അറബിക് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. 2004ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി. മക്ക, മദീന വിശുദ്ധ നഗരങ്ങളിലെ ഇന്ത്യന്‍ പണ്ഡിത സാന്നിധ്യവും സേവനവും സംബന്ധിച്ച ഗവേഷണത്തിനാണ് പിഎച്ച്ഡി. മക്കയിലും മദീനയിലും സേവനം ചെയ്യുന്ന 31 ഇന്ത്യന്‍ പണ്ഡിതരുടെ ചരിത്രമാണ് ഇതില്‍ അനാവരണം ചെയ്യുന്നത്.
1972ല്‍ മുജാഹിദ് വിദ്യാര്‍ഥി സംഘടനാ (എം.എസ്.എം.) പ്രവര്‍ത്തകനായ ഹുസൈന്‍ പതിനെട്ടാം വയസ്സില്‍ എം.എസ്.എം. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി. 1977ല്‍ സംസ്ഥാന സെക്രട്ടറിയുമായി. മുജാഹിദ് യുവജന സംഘടനയായ ഐഎസ്എം സംസ്ഥാന പ്രസിഡന്റായി 1985ല്‍ തിരഞ്ഞെടുക്കപ്പെട്ടു. മുജാഹിദ് ഉന്നത സംഘടനയായ കേരള നദ്വത്തുല്‍ മുജാഹിദീന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 1997ല്‍ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറിയായി. ഇതേവര്‍ഷം തന്നെ മുജാഹിദ് പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറിയായി. 2002ല്‍ മുജാഹിദ് സംഘടനയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് നദ്വത്തുല്‍ മുജാഹിദീന്‍ (മടവൂര്‍ വിഭാഗം) ജനറല്‍ സെക്രട്ടറിയായി.
ഇസ്ലാമിക പണ്ഡിതനും ഉറുദു ഭാഷാ പണ്ഡിതനുമാണ് ഹുസൈന്‍ മടവൂര്‍. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയമിച്ചു.