കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു റവ. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814 ഫെബ്രുവരി 4 1893 ഏപ്രില്‍ 25).
ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4നായിരുന്നു ജനനം. പിതാവ് ലുഡ്‌വിഗ് ഗുണ്ടര്‍ട്ട് അദ്ധ്യാപകനും വ്യവസായിയും ആയിരുന്നു. ക്രിസ്റ്റ്യാനെ എന്‍സ്‌ലിന്‍ ആയിരുന്നു അമ്മ.അവരുടെ മൂന്നാമത്തെ മകനായി 1814 ഫെബ്രുവരി നാലിനായിരുന്നു ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജനനം.
1836 ജൂലൈ 7ന് ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡന്‍സിയുടെ വിവിധഭാഗങ്ങളില്‍ മിഷനറി ജോലികള്‍ നടത്തിയശേഷം 1838ല്‍ ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥന്‍മാരാണത്രെ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂര്‍ ആണ് ഗുരുനാഥന്‍മാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളം പഠിക്കാന്‍ ഇവരെ തേടിയെത്തുകയായിരുന്നു. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥന്‍മാരെ ക്ഷണിച്ചു കൊണ്ടുപോയി ഭാഷയില്‍ പ്രാവീണ്യം നേടി. ബാസല്‍ മിഷന്‍ എന്ന അന്തര്‍ദ്ദേശീയ മത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്‌കൂള്‍ ഇന്‍സ്‌പെക്ടറായും പ്രവര്‍ത്തിച്ചു. സ്‌കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു ആയിരം പഴഞ്ചൊല്‍ എന്ന പഴഞ്ചൊല്‍ ശേഖരം സമാഹരിച്ചതും ഗുണ്ടര്‍ട്ടാണ്.
അദ്ദേഹത്തിന് പാലിയും സംസ്‌കൃതവും എഴുതാനും വായിക്കാനും കഴിയുമായിരുന്നു. ഇരുപത്തിമൂന്ന് വര്‍ഷത്തോളം അദ്ദേഹം ഇന്ത്യയില്‍ താമസിച്ചു. അദ്ദേഹം 1847ല്‍ തുടങ്ങിയ രാജ്യസമാചാരം എന്ന പത്രമാണ് മലയാളത്തിലെ ആദ്യപത്രം. സുവിശേഷ പ്രവര്‍ത്തനത്തിനായി പശ്ചിമോദയം എന്ന പത്രവും തുടങ്ങി.
പ്രശസ്ത ജര്‍മ്മന്‍ നോവലെഴുത്തുകാരനും നോബല്‍ സമ്മാനിതനുമായ ഹെര്‍മ്മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്റെ ചെറുമകനായിരുന്നു. 1859ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25ന് അദ്ദേഹം അന്തരിച്ചു.

കൃതികള്‍

കേരളോല്പത്തി
പഴഞ്ചൊല്‍ മാല
ഒര ആയിരം പഴഞ്ചൊല്‍
ഭാഷാശാസ്ത്രം

മലയാളംഇംഗ്ലിഷ് നിഘണ്ടു, മംഗലാപുരം, 1872
മലയാള ഭാഷാവ്യാകരണം, മംഗലാപുരം, 1868
ത്രിഭാഷാ നിഘണ്ടു (ഇംഗ്ലീഷ്ഹിന്ദിമലയാളം)
ജര്‍മ്മന്‍മലയാള നിഘണ്ടു
ഗുണ്ടര്‍ട്ട് നിഘണ്ടു
പഴഞ്ചൊല്‍മാല, ബാസല്‍ മിഷന്‍, മംഗലാപുരം  1896
ഒര ആയിരം പഴഞ്ചൊല്‍
കാറ്റക്കിസം ഓഫ് മലയാളം ഗ്രാമര്‍ (Catechism of Malayalam grammar)
വ്യാകരണ ചോദ്യോത്തരം
ഗുരുകൂടാതെ ലത്തീന്‍പെച്ച പഠിപ്പിക്കാന്‍ തക്കവിധത്തില്‍ എഴുതപ്പെട്ട മലയാഴ്മ ലത്തീന്‍ ഗ്രമത്തി
ലോക ചരിത ശാസ്ത്രം, തലശ്ശേരി, 18491851
കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം ക്രി.ശേ. 14981631, മംഗലാപുരം, 1868
നളചരിത സാരശോധന  1867

ആത്മീയം

മലയാളം ബൈബിള്‍
വജ്രസൂചി
സഞ്ചാരിയുടെ പ്രയാണം  ബനിയന്‍ ജോണ്‍ (വിവര്‍ത്തനം)
മതവിചാരണ  മോഗ്ലിങ്ങ് ഹെര്‍മ്മന്‍ (വിവര്‍ത്തനം)
പ്രവാചക ലേഖകള്‍
ഇയ്യോബ സങ്കീര്‍ത്തനങ്ങള്‍, സദൃശങ്ങള്‍, സഭാപ്രസംഗി ശലമോന്റെ അത്യുത്തമഗീതം എന്നിവ അടങ്ങിയിരിക്കുന്ന പവിത്രലേഖകള്‍  (വിവര്‍ത്തനം)1857
ഗൃഹസ്ഥരായ കര്‍മ്മെലീത്താ ദി. മൂന്നാം സഭക്കാരുടെ ക്രമചട്ടം  1899
ഗൃഹസ്ഥധര്‍മ്മോദ്യാനം  1872
ഗുപ്തരത്‌നം അതായത് സന്യാസാന്തത്തില്‍ പുണ്യപൂര്‍ണ്ണത പ്രാപിപ്പാന്‍ ആഗ്രഹിക്കുന്ന ഭക്തിയുള്ള ആത്മാവിന്റെ പഠനങ്ങള്‍  1883
ജര്‍മ്മനീയ രാജ്യത്തിലെ ക്രിസ്തുസഭാ നവീകരണം  1866
ക്രിസ്തുസഭാ ചരിത്രം  1871
ഗൃഹസഖി  1944
പ്രവാചക ലേഖകള്‍  1886