കൊഞ്ചി കൊഞ്ചി നാലേകാല്, കൊഞ്ചലു കഴിഞ്ഞാല്‍ രണ്ടേകാല്, അറുപതു കഴിഞ്ഞാല്‍ മൂന്നേകാല്-

ബാല്യം, യൗവനം, വാര്‍ധക്യം.

കൊമ്പിന്മേല്‍ തുളയുള്ള കാള-  കിണ്ടി.

കൊമ്പില്ലാ കുംഭിയില്‍ കൊമ്പ്-  കിണ്ടി.

കൊമ്പിന്മേല്‍ വായുള്ള ഒറ്റക്കൊമ്പനാന-  കിണ്ടി.

കൊയ്തു കൊയ്തു നെയ്ത്തിനു പോയി, കൊയ്ത കുറ്റി മേയാന്‍ പോയി-  ചെമ്മരിയാട്.

കേശവന്റെ വയറ്റില്‍ ആശാരിച്ചെക്കന്റെ തുള്ളിക്കളി-  തൈരുകടയുക.

കൊമ്പിന്മേല്‍ വായുള്ള വെള്ളാന-  കിണ്ടി.

കൊമ്പത്തിരിക്കും പക്ഷിയല്ല, ആറ്റില്‍ കിടക്കും മീനല്ല-  ഉപ്പുമാങ്ങ.

കൊമ്പന്‍ കാള ഇഴഞ്ഞിഴഞ്ഞു വരുന്നു, പിടിക്കാന്‍ ചെന്നാല്‍ കൊമ്പില്ല  -ഒച്ച്.

കൊച്ചീലുണ്ടൊരു മുത്തശ്ശി, കുപ്പായമിട്ടു മുറുക്കി-  ഉള്ളി.

കൊച്ചു കാല് മെല്ലെ മെല്ലെ, നീണ്ട കാലു വേഗം വേഗം-  വാച്ചിലെ സൂചികള്‍.

കൊച്ചിയില്‍ വിതച്ചതു കോവളത്തു കൊയ്തു  -മത്തങ്ങ.

കൊക്കിരിക്കും കുളം വറ്റി വറ്റി-  നിലവിളക്ക്.

കോട്ടപ്പടിയില്‍ 32 കാവല്‍ക്കാര്‍-  പല്ല്.

കെട്ടാത്ത തൂണില്ലാത്ത മേല്‍പ്പുരയേത്-  ആകാശം.

കൈപ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല-  കയ്പക്ക.

കൈയില്ല, കാലില്ല, വയറുണ്ട്, നീരാടിപ്പോകുമ്പോള്‍ പിടിക്കും ഞാന്‍ നൂറാളെ-  വല.

കൈയുണ്ട്, മെയ്യുണ്ട്, തലയില്ല, കാലില്ല-  ഷര്‍ട്ട്.

കൈകൊണ്ട് വിതച്ചത് വാകൊണ്ട് കൊയ്തു-  എഴുതിയതു വായിച്ചു.

കൈപ്പടം പോലെന്‍ ഇല, പെണ്ണുങ്ങളുടെ വിരല്‍ പോലെന്‍ കായ-  വെണ്ട.

കോലോടു പറഞ്ഞത് കോളാമ്പി ഏറ്റു പറയും-  ഉച്ചഭാഷിണി.

കൈയ്ക്ക് എത്താത്ത വെള്ളിത്തളിക-  ചന്ദ്രന്‍.

കൈ കൊണ്ട് വിതച്ച വിത്തുകള്‍ കണ്ണുകൊണ്ട് പെറുക്കിയെടുത്തു-  അക്ഷരങ്ങള്‍.

കൈയില്‍ വടി, വായില്‍ മധുരം-  കരിമ്പ്.

കൈയില്ല നീന്തുന്നുണ്ട്, കൊമ്പുണ്ട് കുത്തുന്നില്ല-  തോണി.

ഗം ഗം ഗമരം, പക്ഷിക്കിരിക്കാന്‍ കൊമ്പില്ല- പുക.

ഗണപതിയുടെ മുഖം, ഭദ്രകാളിയുടെ തീറ്റി, ശ്രീകൃഷ്ണന്റെ കളി  –കൊതുക്.