വാലു കണ്ടത്തില്‍, കഴുത്ത് വരമ്പത്ത്, വായില്‍ തീ-നിലവിളക്ക്.

വാലുകൊണ്ട് കുടപിടിച്ച് നൃത്തം വയ്ക്കുന്ന ഞാനാര്-മയില്‍.

വില്ലാണ് പക്ഷേ, ഞാണില്ല കെട്ടാന്‍, അമ്പല്ല പെയ്യുന്നതായിരം തുള്ളി-മഴവില്ല്.

വില്ലാണ് ഞാണില്ല വില്ലാണ്, അഴു നിറങ്ങളുള്ള വില്ലാണ്-മഴവില്ല്.

വീട്ടിലെ പാവത്താന്‍, കാട്ടിലെ മുഠാളന്‍-തേക്ക്.

വീണു വിരിഞ്ഞ വെള്ളരി പൂക്കള്‍-മലര്.

വെട്ടിയ കുറ്റി പൊടിച്ചാല്‍, ആയിരം പൊന്‍പണം ഞാന്‍ തരാം-പൊക്കിള്‍ക്കൊടി.
വടിയെടുത്താല്‍ പായും കാള-വഞ്ചി.

വിശറി വീശി നടക്കുന്നു. ചൂട്ടുമിന്നിച്ച് നടക്കുന്നു. ചങ്ങലയിട്ടു നടക്കുന്നു-ആന.

വീട്ടമ്മയുടെ വയറ്റില്‍ ആശാരി ചെക്കന്റെ ബ്രേക്ക് ഡാന്‍സ്-തൈരുകടയുക.

വീട്ടില്‍ കുറ്റി, കാട്ടില്‍ കൊലയാളി-തോക്ക്.

വീഴുന്നേരം പൊന്‍മുത്ത്, വീണു പിടഞ്ഞാല്‍ വെണ്‍മുത്ത്-മലര്‍.

വെടിപ്പൊത്തില്‍ തീക്കട്ട-കാതില്‍തോട.

വെട്ടിവെയ്ക്കുമ്പോള്‍ തൂപ്പുപോലെ, വാരിനോക്കുമ്പോള്‍ മുത്തുപോലെ-എള്ള്.

വെളിച്ചത്ത് ചന്ദ്രക്കല, ഇരുട്ടത്ത് പൂര്‍ണ്ണചന്ദ്രന്‍-പൂച്ചയുടെ കണ്ണ്.

വെളുത്ത കണ്ടത്തില്‍ കറുത്ത വിത്ത് വിതച്ച് വാകൊണ്ടു കൊയ്തു-വെള്ളകടലാസില്‍ എഴുതി വായിച്ചു.

വെളുത്ത സായ്പിനു കറുത്ത തൊപ്പി-തീപ്പെട്ടിക്കൊള്ളി.

വെളുവെളുത്തൊരു പലഹാരം, അതിനുള്ളില്‍ മധുരക്കള്ള്-തേങ്ങ.

വെളുവെളുത്തൊരു സുന്ദരി, ഉടുതുണിയില്ലാതെ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.

വെള്ളമുണ്ട്, വെള്ളിയുണ്ട്, കൂടുണ്ട്, കാടുമുണ്ട്-തേങ്ങ.

വെള്ളം കുടിയന്‍ പെരുവയറന്‍ ഒന്നു വീണാല്‍ പിന്നെ കുപ്പയില്‍-മകുടം.

വെള്ളമില്ലാത്ത ആഴിയില്‍ ആളില്ലാത്ത വള്ളം-ആകാശത്ത് ചന്ദ്രന്‍.

വെള്ളാമ്പല്‍ വിരിഞ്ഞു, കുളം വറ്റി-നിലവിളക്ക്.

വെള്ളിക്കിണ്ണത്തില്‍ നിന്ന് പൂ പൊഴിക്കുക- നാളികേരം ചിരകുക.

വെള്ളോം വേണ്ടാ, വറ്റും വേണ്ടാ വായു മാത്രം ഭക്ഷണം-ബലൂണ്‍.