ആശാരി മൂശാരി തൊടാത്ത തടി, വെള്ളത്തിലിട്ടാല്‍ ചീയാത്ത തടി-   ചീങ്കണ്ണി.

ആറ്റില്‍ മുങ്ങി ചെപ്പെടുത്തു ചെപ്പു തുറന്ന്് മുഖമെടുത്തു-   മുത്തുചിപ്പിയില്‍നിന്ന് മുത്തെടുക്കുന്നത്.

ആളൊരു പിരിയന്‍ നിലവിളി അപാരം   –ശംഖ്.

ആളെക്കണ്ടാല്‍ ഒച്ചവയ്ക്കും, കൈ കാണിച്ചാല്‍ നില്‍ക്കും-  ബസ്സ്.

ആനയെ തളയ്ക്കാന്‍ തടിയുണ്ട്, കടുകു പൊതിയാനിലയില്ല-  പുളിമരം.

ആനയ്ക്കും പാപ്പാനും നിലയില്ല, പാപ്പാനും നിലയില്ല, അമ്പാടികണ്ണന് കഴുത്തറ്റം വെള്ളം-താമരപ്പുവ്.

ആനയ്ക്കു നില്‍ക്കാന്‍ തണലുണ്ട്, ഉപ്പു പൊതിയാനിലയില്ല-  പുളിമരം.

ആനയ്ക്ക് വഴിക്കാണിക്കാന്‍ വെളിച്ചമുണ്ട്, ബീഡി കത്തിക്കാന്‍ തീയില്ല- ടോര്‍ച്ച്.

ആയിരം അറയ്ക്കകത്തൊരു വെള്ളി തൂണ്‍-  വാഴപ്പിണ്ടി.

ആയിരം ആശാരിമാര്‍ തച്ചുണ്ടാക്കിയ കൊട്ടാരം നിറയെ അറ-  തേനീച്ചക്കൂട്.

ആയിരം തത്തയ്ക്ക് ഒരു കൊക്ക്-  വാഴക്കുലയും കുടപ്പനും.

ആയിരം പരല്‍മീന്‍ നീന്തീ വന്നപ്പോള്‍ ആശാരിച്ചെക്കന്‍ തടഞ്ഞുനിര്‍ത്തി-   അരിവാര്‍ക്കുന്നത്.

ആയിരം ഓമനകള്‍ക്ക് ഒരരഞ്ഞാണ്‍-   ചൂല്.

ആയിരം പൊടിയരിക്ക് അരമുറി തേങ്ങ  –നക്ഷത്രങ്ങളും പൂര്‍ണചന്ദ്രനും.

ആകാശത്തെത്തു തോട്ടി-  കണ്ണ്.

ആദ്യം കുന്തം, പിന്നെ കുഴല്, പിന്നെയോ പായ  -വാഴയില.

ആകാശത്തൂടെ തേരോടുന്നു, തേരാളി ഭൂമിയില്‍ നില്ക്കുന്നു- പട്ടം.

ആഞ്ഞിലിക്കാട് ആശാനെ മുളങ്കാട് ആശാന്‍ ഓടിക്കുന്നു-    വഞ്ചി കുത്തുക.

ആദ്യം പൊന്തിപ്പൊന്തി, പിന്നെ തൂങ്ങിത്തൂങ്ങി-   വാഴ.

ആടിയാടി അഴകനെ പെറ്റു, അഴകനകത്തും, അമ്മ പുറത്തും-  നെല്ലും വൈക്കോലും.

ആനകേറാമല, ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി-  നക്ഷത്രങ്ങള്‍.

ആനക്കൊമ്പില്‍ നെടിയരി-    തെങ്ങിന്‍പൂക്കുല.