തടഞ്ഞുനിര്‍ത്താം, വീശിയകറ്റാം, പിടിച്ച് കെട്ടാനൊക്കില്ല-  പുക.

തലയില്ലാ കോഴി മലകേറി കൂകി-  തോക്ക്.

തക്കം പിക്കം നാലാള്, തപ്പിട്ടുകൊടുക്കാന്‍ രണ്ടാള്, എത്തിപ്പിടിക്കാന്‍ ഒരാള്-  ആന.

തച്ചന്‍ പണിയാത്ത, തച്ചുളി പായാത്ത ഇത്തിത്തൈയൊരു പത്തായം  -വയറ്.

തടി തട്ടത്തില്‍, തല കല്യാണപ്പന്തലില്‍-  വാഴ.

തടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര-  പുളിമരം.

തടിയില്‍ വെട്ടി, ഇടയ്ക്ക് കെട്ടി, തലയില്‍ ചവുട്ടി-  നെല്ലു കൊയ്ത് മെതിക്കുക.

തലയില്ല, കണ്ണുണ്ട്, കാലുണ്ട്, വയറൊരു പത്തായം-  ഞണ്ട്.

തല്ലുകൊണ്ടവന് തല്ലുകൂലി, തല്ലിയവന് പൊന്‍പണം കൂലി- ചെണ്ട.

തട്ടില്‍ വച്ചാല്‍ രണ്ടു കഥിക്കും, കൂടുതല്‍ വേണ്ട കുറച്ചും വേണ്ട-  ത്രാസ്.

തട്ടിയാലും ചീറും, മുട്ടിയാലും ചീറും, ഊക്കിലൊന്നൂതിയാല്‍ ആളും-  അടുപ്പിലെ തീക്കൊള്ളി.

തലയിലുണ്ടു വായ, തടയിലില്ലാ വയറ്-  ഉരല്‍.

തടുക്ക് പോട്ടാല്‍ എടുക്കപ്പെടാത് –വീട്ടുമുറ്റത്ത് വരയ്ക്കുന്ന കോലം.

തല പത്തായത്തില്‍, തടി തൊട്ടിയില്‍-  നെല്ലു കൊയ്ത് മെതിക്കുക.

തലയ്ക്കു തീ പിടിച്ചാലും തടി കത്തില്ല-  കല്‍ച്ചുമര്‍.

തള്ളയ്ക്കു വയറ്റു പോക്ക്, പിള്ളയ്ക്കു തല കറക്കം-  ആട്ടുക്കല്ലും കുഴവിയും.

താനേ വന്നു, താനേ പോയി, വന്നപ്പം വെളിച്ചം പോയ്‌പ്പോളിരുട്ട്-  സൂര്യന്‍.

താഴെയും മുകളിലും തട്ടിട്ടിരിക്കുന്ന കുഞ്ഞനാശാരി-  ആമ.

തല മലപോലെ, തടി വടി പോലെ, കുട കിന്നരം പോലെ-  തെങ്ങ്.

താങ്ങു തൂങ്ങും മരം, നടുവളഞ്ഞമരം, നാലാളു ചെയ്ത പാപം, ഒരാളു ചെയ്ത് പുണ്യം  -മഞ്ചല്‍.

താനൊരു കൊക്കര, നിലവിളി നാലു കാതം കേള്‍ക്കാം  -ശംഖ്.

താഴെ കുത്തിയാല്‍ തലയ്ക്ക് എഴുത്ത്  -ടൈപ്പ് റൈറ്റര്‍.