ഓടിച്ചെന്നൊരു കുണ്ടില്‍ ചാടി, വെള്ളം കുടിച്ച് വയറു വീര്‍ത്തപ്പോള്‍ വലിച്ചു കയറ്റി-     കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത്.

ഓടാക്കുതിരപ്പുറത്ത് കരിക്കുട്ടന്‍-     അമ്മിക്കുട്ടി.

ഓടി നടക്കും, പറന്നു നടക്കും തീപ്പന്തം-     മിന്നാമിനുങ്ങ്.

ഓഹോ മരത്തില്‍ അണ്ണാന്‍ കയറില്ല-    പുക.

ഓടിയോടി നടക്കും തീപ്പന്തം-     മിന്നാമിനുങ്ങ്.

ഓടും കാലില്ല, പറക്കും ചിറകില്ല-      മേഘം.

ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ അറയ്ക്കും കുതിര-    ലെതര്‍ ചെരുപ്പ്.

 

കടലോടുകടല്‍ പ്രദക്ഷിണം വെയ്ക്കുന്ന കുങ്കുമക്കുട്ടന്റെ പേരു ചൊല്ലാമോ?-   സൂര്യന്‍.

കടലില്‍ മുങ്ങി പൊന്നിന്‍കിണ്ണം-    സൂര്യോദയം.

കട കിണ്ണം, നടു തൂണ്‍, തല കാട്-      ചേന.

കണ്ടാലൊരു പൂത്തളിക, കാര്യം കൊണ്ടതു തീത്തളിക-      സൂര്യന്‍.

കണ്ടാലൊരു കരിമുണ്ടന്‍, കാര്യത്തിവനതി വീരന്‍-     കുരുമുളക്.

കണ്ടവനോടിയില്ല, ഓടിയവനെടുത്തില്ല, എടുത്തവന്‍ തിന്നില്ല-      കണ്ണുകൊണ്ട് കണ്ട്, കാല്‍കൊണ്ടോടി, കൈകൊണ്ടെടുത്തു.

കണ്ടാല്‍ സുന്ദരി തോലു കളഞ്ഞാല്‍ കഴമ്പില്ല-          ഉള്ളി.

കണ്ടാല്‍ തീവണ്ടി, തൊട്ടാല്‍ ചക്രം           -തേരട്ട.

കണ്ടു കണ്ടിരിക്കുമ്പോള്‍ കാണാതായി-        മിന്നാമിനുങ്ങ്.

കണ്ടത്തെ കണ്ടം കെട്ടി, ആയിരം കണ്ണന്‍ നീറ്റിലിറങ്ങി-       വല.

കണ്ണു രണ്ടല്ല, മൂന്നുണ്ട് എന്നിട്ടും കുരുടന്‍-          നാളികേരം.

കണ്ണില്‍ പിടിക്കാതെ കളവാണിപ്പെണ്ണിന് കര്‍ണ്ണാടക സംഗീതോം         -കൊതുക്.

കണ്ണോളം വെള്ളമുണ്ട്, മുങ്ങി കുളിക്കാന്‍ വെള്ളമില്ല-     കരിക്ക്.

കണ്ണില്ലെങ്കിലും കരയും      -മേഘം.

കനകനാറി പൂത്തു കുടം ചൂടി-      സൂര്യന്‍.

കറിക്കു വേണ്ടവനെ ഇലയ്ക്കു വേണ്ട-     കറിവേപ്പില.

കറുകറമ്പനും വെളുവെളുമ്പനും മുതുകത്തു വെട്ടിയും മൂക്കുകിള്ളിയും ചേര്‍ന്നാല്‍ ചോര-    പുകയില, ചുണ്ണാമ്പ്, അടയ്ക്ക.

കറുത്തകാളയും വെളുത്തകാളയും കുളിക്കാന്‍ പോയി, കുളിച്ചുവരുമ്പോള്‍ കറുത്തകാളയെ കാണാനില്

                       -ഉഴുന്നു കഴുകിയപ്പോള്‍ തോട് പോയി.

കറുത്ത കുഞ്ഞന്‍ കാര്യസ്ഥന്‍-   താക്കോല്‍.

കറുത്ത തൊപ്പിയുള്ള വെള്ളക്കോലന്‍-     തീപ്പെട്ടിക്കൊള്ളി.

കയ്യില്ലാത്തവന്‍ കാലില്ലാത്തവന്‍ ആറു നീന്തിക്കയറി-  വഞ്ചി.

കണ്ടാല്‍ ചതുര്‍ത്തി, മിണ്ട്യാല്‍ ശകുനം     -കാക്ക.

കഴുത്തില്ലാത്ത കോഴി മലകേറി കൂകി-   തോക്ക്.