രണ്ടാളുംകൂടി ചന്തയ്ക്കുപോയി ഒരാള്‍ ഒറ്റക്കണ്ണന്‍, മറ്റാള്‍ മുക്കണ്ണന്‍-അടയ്ക്കയും നാളികേരവും.

രണ്ടു പെണ്‍കുഞ്ഞുങ്ങള്‍, സുന്ദരിക്കുട്ടികള്‍ രണ്ടാളുമൊരുമിച്ചേ കരയുകയുള്ളു-കണ്ണ്.

രണ്ടുകാലുള്ളൊരു സുന്ദരിപ്പെണ്ണിനെ നാലുകാലുള്ളൊരു സുന്ദരക്കുട്ടന്‍ കട്ടോണ്ടുപ്പോയി-കുറുക്കന്‍ കോഴിയെ പിടിച്ചു.

രണ്ടാള്‍ ചന്തയ്ക്കുപോയി ഒരാള്‍ നരയന്‍ മറ്റയാള്‍ മുള്ളന്‍-കുമ്പളങ്ങ.

രണ്ടുകൈകൊണ്ട് തല്ലുമ്പോള്‍ താളം പിടിക്കുന്ന ചങ്ങാതി-ചെണ്ട.

രാത്രിയില്‍ പൂക്കും മുല്ലക്ക് പന്തീരായിരം പൂക്കള്‍-നക്ഷത്രങ്ങള്‍.

രാത്രിയിലെ രാജാവിന് പകലുറക്കം-ചന്ദ്രന്‍.

രാത്രിയില്‍ ചൂട്ടുകത്തിച്ചു നടക്കുന്ന ഇത്തിരിക്കുഞ്ഞന്‍-മിന്നാമിനുങ്ങ്.

രാത്രയിലിറങ്ങും ഡ്രാക്കുള, പകല്‍ കീഴായിട്ടുറങ്ങും-വവ്വാല്‍.

രാത്രി രാജനെ പകല്‍ മന്നന്‍ വിഴുങ്ങി-സൂര്യനുദിച്ചപ്പോള്‍ ചന്ദ്രനെ കാണാതായി.

വട്ടം വട്ടം വളയിട്ട് നെട്ടം നെട്ടം വളരുന്നു-കവുങ്ങ്.

വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ ഓടും കുതിര-സൈക്കിള്‍.

വട്ടത്തിലമ്മ കുളിച്ചു വരുമ്പോള്‍ കിരിക്കിരുപ്പ്-പപ്പടം.

വട്ടത്തിലമ്മ കുളിച്ചു വരുമ്പോള്‍ മേലാകെ കുരുക്കള്‍.

വട്ടവട്ടക്കിളി, വാലില്ലക്കിളി ചെന്നേടം, ചെന്നേടം ചാടുന്നല്ലോ-ഇലത്താളം.

വട്ടി വയറനും വാളവഞ്ചനും ചന്തയ്ക്കുപോയി- മത്തങ്ങ, പടവലം.

വട്ടകുളത്തില്‍ നീന്തും മിടുക്കന്‍, പൊട്ടകുളത്തില്‍ ചാടും മിടുക്കന്‍, വട്ടക്കണ്ണന്‍ കൊച്ചുമിടുക്കന്‍-തവള.

വന്നവര്‍ക്കെല്ലാം കൊടുക്കുന്ന ഗൃഹസ്ഥന്‍-വ്യാപാരി.

വയറില്ലാത്തവന്‍, വായില്ലാത്തവന്‍ കഞ്ഞികുടിച്ചു-മുണ്ടു കഞ്ഞിമുക്കുക.

വയറൊന്ന്, വായ രണ്ട്, വയറ്റില്‍ നിറയെ മക്കള്‍-തീപ്പെട്ടി.

വരമ്പത്തിരു് വാലുകൊണ്ട് വെള്ളം കുടിച്ചു-നിലവിളക്കിന്റെ തിരി.

വരുമ്പോള്‍ കുന്തം, വരിയുമ്പോള്‍ പായ-വാഴയില.

വരുമ്പോള്‍ കരഞ്ഞ്, പോകുമ്പോള്‍ കരയിച്ച്-മനുഷ്യന്റെ ജനനവും മരണവും.

വരുമ്പോള്‍ ഒരു കുന്തം, പോകുമ്പോള്‍ നൂറു കുന്തം-തെങ്ങോല.

വരുമ്പോള്‍ കറുത്തിട്ട്, പോകുമ്പോള്‍ വെളുത്തിട്ട്-തലമുടി.

വരുമ്പോള്‍ ചുവിന്നിട്ട്, പോകുമ്പോള്‍ കറുത്തിട്ട്-മകലം.