കടംകഥകള്
ചെപ്പു നിറയെ പച്ചയിറച്ചി- കക്ക.
ചെമ്പില്‍ ഭഗവതി തുള്ളി തുള്ളി- അരി തിളയ്ക്കുക.
ചെറിയ സഞ്ചിയില്‍ ചെറിയരി നിറയെ- വറ്റല്‍മുളക്.
ചെറിയൊരു കുത്തുകാളയ്ക്ക് നീണ്ടവാല്- സൂചിയും വാലും.
ചെറുപ്പത്തില്‍ കറുത്തിട്ട്, വലുപ്പത്തില്‍ ചുവന്നിട്ട്- മരോട്ടിക്കായ.
ചെത്തനാര് ചെത്തി ചെത്തി, വീശനാര് വീശി വീശി, പുള്ളോക്കുടം വീര്‍ത്ത് വീര്‍ത്ത്- പശു വാലാട്ടി പുല്ലു തിന്നുന്നത്.
ചെറുചോപ്പന്‍ ചെറുക്കന് കറുത്ത തലേക്കെട്ട്- കുന്നിക്കുരു.
ചെറുതിരിയൊന്നില്‍ ചെറുമണി കുരുമണി- കുരുമുളക്.
ജനിക്കുമ്പോള്‍ മരിച്ചിട്ട്, പിന്നെ ഭാഗ്യമുണ്ടെങ്കില്‍ ജീവിക്കും- മുട്ട.
ജലജന്തുവായി ജനിച്ച് ഗാനകോകിലമായി മാറി- കൊതുക്.
ജലജന്തുവായി ജനിച്ച് സൂചികുത്തും ഡോക്ടറായി- കൊതുക്.
ജലജന്തുവായി ജനിച്ച് ചോരക്കുടിക്കും യക്ഷിയായി- കൊതുക്.
ജീരകം പൊതിയാനിലയില്ല, ആനയെ തളയ്ക്കാന്‍ തടിയുണ്ട്- പുളിമരം.
ജീരകം പോലുള്ള പശുവിനെ കറക്കാന്‍ ആനയെപ്പോലുള്ള കറവക്കാരന്‍- എള്ളാട്ടു ചക്ക്.
ജീവനുള്ളപ്പോള്‍ മിണ്ടാട്ടമില്ല, ചത്തുകഴിഞ്ഞാല്‍ മധുരമായ് ശബ്ദിക്കും- ശംഖ്.
ജീവനില്ല, കാലുമില്ല, ഞാന്‍ എത്താത്ത ഇടവുമില്ല. എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്‌കരം- നാണയം.
ജീവനില്ലെങ്കിലും ഞാനൊരു നല്ല കാവല്‍ക്കാരന്‍- സാക്ഷ.
ഞാനോടിയാല്‍ കൂടെയോടും, ഞാന്‍ നിന്നാലൊപ്പം നില്‍ക്കും ചങ്ങാതി- നിഴല്‍.
ഞാന്‍ നോക്കിയാല്‍ എന്നെ നോക്കും ചങ്ങാതി- കണ്ണാടി.
ഞാന്‍ പെറ്റകാലം മാന്‍ പെറ്റ പോലെ, വാലറ്റ കാലം ഞാന്‍ പെറ്റകാലം- തവള.
ഞാനൊരു പര്‍വ്വതം, ഇലയൊരു നെടിയരി, മക്കളൊക്കെ വളഞ്ഞ് പുളഞ്ഞ്- പുളിമരം.
ഞെട്ടില്ലാ വട്ടയില- പപ്പടം.
ഞെട്ടില്ലാ മുണ്ടന്‍ വഴുതിന- മുട്ട.