ചെപ്പു നിറയെ പച്ചയിറച്ചി-  കക്ക.

ചെമ്പില്‍ ഭഗവതി തുള്ളി തുള്ളി-  അരി തിളയ്ക്കുക.

ചെറിയ സഞ്ചിയില്‍ ചെറിയരി നിറയെ-  വറ്റല്‍മുളക്.

ചെറിയൊരു കുത്തുകാളയ്ക്ക് നീണ്ടവാല്-  സൂചിയും വാലും.

ചെറുപ്പത്തില്‍ കറുത്തിട്ട്, വലുപ്പത്തില്‍ ചുവന്നിട്ട്-  മരോട്ടിക്കായ.

ചെത്തനാര് ചെത്തി ചെത്തി, വീശനാര് വീശി വീശി, പുള്ളോക്കുടം വീര്‍ത്ത് വീര്‍ത്ത്-  പശു വാലാട്ടി പുല്ലു തിന്നുന്നത്.

ചെറുചോപ്പന്‍ ചെറുക്കന് കറുത്ത തലേക്കെട്ട്-  കുന്നിക്കുരു.

ചെറുതിരിയൊന്നില്‍ ചെറുമണി കുരുമണി-  കുരുമുളക്.

ജനിക്കുമ്പോള്‍ മരിച്ചിട്ട്, പിന്നെ ഭാഗ്യമുണ്ടെങ്കില്‍ ജീവിക്കും-  മുട്ട.

ജലജന്തുവായി ജനിച്ച് ഗാനകോകിലമായി മാറി-  കൊതുക്.

ജലജന്തുവായി ജനിച്ച് സൂചികുത്തും ഡോക്ടറായി-  കൊതുക്.

ജലജന്തുവായി ജനിച്ച് ചോരക്കുടിക്കും യക്ഷിയായി-  കൊതുക്.

ജീരകം പൊതിയാനിലയില്ല, ആനയെ തളയ്ക്കാന്‍ തടിയുണ്ട്-  പുളിമരം.

ജീരകം പോലുള്ള പശുവിനെ കറക്കാന്‍ ആനയെപ്പോലുള്ള കറവക്കാരന്‍-  എള്ളാട്ടു ചക്ക്.

ജീവനുള്ളപ്പോള്‍ മിണ്ടാട്ടമില്ല, ചത്തുകഴിഞ്ഞാല്‍ മധുരമായ് ശബ്ദിക്കും-  ശംഖ്.

ജീവനില്ല, കാലുമില്ല, ഞാന്‍ എത്താത്ത ഇടവുമില്ല. എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്‌കരം-  നാണയം.

ജീവനില്ലെങ്കിലും ഞാനൊരു നല്ല കാവല്‍ക്കാരന്‍-  സാക്ഷ.

ഞാനോടിയാല്‍ കൂടെയോടും, ഞാന്‍ നിന്നാലൊപ്പം നില്‍ക്കും ചങ്ങാതി-  നിഴല്‍.

ഞാന്‍ നോക്കിയാല്‍ എന്നെ നോക്കും ചങ്ങാതി-  കണ്ണാടി.

ഞാന്‍ പെറ്റകാലം മാന്‍ പെറ്റ പോലെ, വാലറ്റ കാലം ഞാന്‍ പെറ്റകാലം-  തവള.

ഞാനൊരു പര്‍വ്വതം, ഇലയൊരു നെടിയരി, മക്കളൊക്കെ വളഞ്ഞ് പുളഞ്ഞ്-  പുളിമരം.

ഞെട്ടില്ലാ വട്ടയില-  പപ്പടം.

ഞെട്ടില്ലാ മുണ്ടന്‍ വഴുതിന-  മുട്ട.