പകലെല്ലാം ചിരിച്ചു നടക്കും, രാത്രിയായാല്‍ കടലില്‍ മുങ്ങും-  സൂര്യന്‍.

പകലെല്ലാം പച്ചമാങ്ങ, രാവായാല്‍ പഴുത്തമാങ്ങ-  വൈദ്യുതി ബള്‍ബ്.

പകലെല്ലാം തൂങ്ങിത്തൂങ്ങി, രാത്രിയില്‍ താങ്ങിത്താങ്ങി- വാതിലിന്റെ സാക്ഷ.

പകലെല്ലാം മിന്നിമിന്നി രാത്രിയില്‍ ഇരുട്ടറയില്‍-  കണ്ണ്.

പച്ച കണ്ടു പച്ചകൊത്തി, പച്ചകൊത്തി പാറ കണ്ടു, പാറകൊത്തി വെള്ളി കണ്ടു, വെള്ളികൊത്തി വെള്ളം കണ്ടു-നാളികേരം.
പച്ചക്കാട്ടില്‍ തവിട്ടു കോ, അതിനുള്ളില്‍ വെള്ളക്കൊട്ടാരം, അതിനുള്ളില്‍ കൊച്ചുതടാകം  –തേങ്ങ.

പച്ചക്കാട്ടില്‍ പല്ലി മുട്ട-  അടയ്ക്കാക്കുല.

പച്ചയ്‌ക്കൊരു കെട്ട്, ചുട്ടാലൊരു വട്ടി-  പപ്പടം.

പച്ചക്കുടയും പവിഴക്കുലയും വെള്ളത്തണ്ടുമിതെന്താണ്ടോ –കവുങ്ങ്.

പതയുണ്ട്, പാലല്ല, പുളിയുണ്ട് മോരല്ല, മധുരമുണ്ട് തേനല്ല, കയ്പുണ്ട് കാഞ്ഞിരമല്ല-  കള്ള്.

പനയിലായിരം, ചുവട്ടിലായിരം, തോട്ടത്തിലായിരം, തോട്ടിലായിരം-  പനങ്കുരു.

പച്ചപന്തലിട്ട്, പവിഴമാല ഞാത്തുമിട്ട്, ആയിരം കായും കായിച്ച്-  മുളക്.

പറമ്പ് വെളുത്ത്, വിത്തു കറുത്ത്, വാ കൊണ്ടു വിതയ്ക്കും, കൈ കൊണ്ടറുക്കും-  പുസ്തകം.

പറയനുമറിഞ്ഞില്ല, പറച്ചിയുമറിഞ്ഞില്ല തിത്തിത്തൈ രണ്ടു കൊച്ചുമുറം-  ആനയുടെ ചെവി.

പറ്റിതിന്ന് പരന്നു പിടിക്കും, തീറ്റിക്കഴിഞ്ഞാല്‍ ചത്തുപ്പോകും-  തീയ്.

പറ്റിതിന്ന് പരന്നു പിടിക്കും, തിന്നേടം മുടിപ്പിക്കും-  ഇത്തിള്‍ കണ്ണി.

പഴുപഴുപ്പന്‍ കിളിയുടെ ചുണ്ടില്‍ വളഞ്ഞ വിത്ത്-  കശുവണ്ടി.

പലകയ്ക്കിടയില്‍ പച്ചയിറച്ചി-  നഖം.

പല്ലില്ലാ പശു പുല്ലെല്ലാം തിന്നു  –വഴിയിലെ പുല്ല് ചവിട്ടേറ്റ് നശിക്കുക.

പച്ചച്ചൊരു മുരിക്കിന്‍ പെട്ടി, പെട്ടിനിറയെ ചപ്പും ചവറും, ചെപ്പിനകത്തുനിറയെ കുപ്പി, കുപ്പിയിലൊക്കയോരോവിധ ഗുളിക-  തേങ്ങ.

പച്ചപ്പട്ടുടുത്ത് പാതിപ്പട്ടു തൊങ്ങലിട്ട് മുത്തുകുട പിടിച്ച് മൂവായിരം പിള്ളേരെ പെറ്റു-  ഈന്തപ്പന.

പച്ചപച്ചക്കിളി കൊമ്പിലിരിക്കും കിളി പയ്യെപയ്യെ അഞ്ചാറു മാസം കഴിഞ്ഞാല്‍ മഞ്ഞക്കിളിയാകും  –മാങ്ങ.

പച്ചപ്പലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ  -പപ്പായ.

പച്ചയിറച്ചിന്മേല്‍ പലം തൂങ്ങി- കാതിലെ തോട.

പഞ്ചപാണ്ഡവര്‍മാരഞ്ചു പേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളു-വിരലുകള്‍, കൈപ്പടം.

പങ്കിക്കുട്ടന്‍ കാവല്‍ക്കാരന്‍-  സാക്ഷ.