മണ്ണിനുള്ളില്‍ പൊന്‍ചീര്‍പ്പ്-മഞ്ഞള്‍.

മണ്ണിനുള്ളില്‍ പൊന്‍ചട്ടകം-മഞ്ഞള്‍.

മണ്ണില്‍ മുളക്കാതെ മരത്തില്‍ പടര്‍ന്നു-ചിതല്‍.

മണ്ണു തിന്ന് പൊണ്ണനായി-ഞാഞ്ഞൂല്‍.

മണ്ണു തിന്നും ഞാന്‍, കര്‍കരുടെ മിത്രം ഞാന്‍-ഞാഞ്ഞൂല്‍.

മണ്ണു കിളച്ച് ചീര്‍പ്പെടുത്തു-ഇഞ്ചി.

മണ്ണില്‍ വീണൊരു ചോരത്തുള്ളി, നാലുനാള്‍ കിടന്നിട്ടും വറ്റുന്നില്ല-മഞ്ചാടിക്കുരു.

മണ്ണുവെട്ടി പാറ കണ്ടു, പാറവെട്ടി വെള്ളി കണ്ടു, വെള്ളി വെട്ടി വെള്ളം കണ്ടു-തേങ്ങ.

മയക്കത്തിലും മിഴി പൂട്ടാ സുന്ദരി- മത്സ്യം.

മരത്തിനു മുകളില്‍ പാര്‍ക്കും പക്ഷിയല്ല, വെള്ളമുണ്ട് മേഘമല്ല, തോലുണ്ട് ചെണ്ടയല്ല, തൃക്കണ്ണുണ്ട് ശിവനല്ല-തേങ്ങ.

മരത്തിന്‍ മുകളിലൊരു തണ്ണീര്‍ പന്തല്‍-തെങ്ങിന്‍ തലപ്പ്

മരത്തിലുണ്ട് വരത്തിലില്ല, ആഴത്തിലുണ്ട് ആനയിലില്ല, രണ്ടക്ഷരമുള്ള എന്‍ പേര് ചൊല്ലാമോ-മഴ.

മരത്തിലുണ്ട് വരത്തിലില്ല, പുഴുവിലുണ്ട് പ്രാണിയിലില്ല, എന്നെ കണ്ടാല്‍ മരങ്ങള്‍ പേടിക്കും ഞാനാര്-മഴു.

മല പിറന്ന ഭൂമിയില്‍ ഇല കവിഞ്ഞ മരത്തിന്റെ പേരു പറയാത്തവര്‍ക്കായിരം കടം- തെങ്ങ്.

മരക്കുറ്റി മകുടിയുടെ വയറ്റില്‍ തുള്ളിക്കളിക്കുന്നു-തൈരു കടയുക.

മരക്കുറ്റി മകുടിക്ക് പാല്‍ കൊടുത്തു-തെങ്ങിന്‍ നിന്ന് കള്ള് ചെത്തുക.

മലയരികേ പോകുന്ന കുട്ടിച്ചാത്തന്റെ അട്ടഹാസം കേട്ട് ഭൂമിദേവി ഗര്‍ഭിണിയായി-ഇടിവെട്ടി കൂണ്‍ മുളച്ചു.

മലയിലൊരമ്മയ്ക്കു നെറുകയില്‍ പൂവ്-കൈതച്ചക്ക.

മഴയത്തും വെയിലത്തും ആശ്വാസദായകന്‍ കറുമ്പന്‍ എട്ടെല്ലന്‍ കുട്ടപ്പന്‍-കുട.

മലയിലൊരു മങ്കയ്ക്കു തലയില്‍ ഗര്‍ഭം- ഈന്തപ്പന.

മലയില്‍ നിന്ന് വാഴ കടലില്‍ കുലച്ചിറങ്ങി-സൂര്യന്‍.